പത്തനംതിട്ട: മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ ജീവിതത്തെ ആധാരമാക്കി സംവിധായകന് ബ്ലസി ഒരുക്കിയ ‘100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം’ എന്ന ഡോക്യുമെന്ററി ഗിന്നസ് റെക്കോഡിലേക്ക്. മാര്‍ ക്രിസോസ്റ്റത്തിന്റെ ചിന്തകളും സ്വതഃസിദ്ധമായ നര്മങ്ങളും ചേര്‍ത്ത് നിര്‍മ്മിച്ച 48 മണിക്കൂര്‍ 10 മിനിട്ട് ദൈര്‍ഘ്യമുളള ഡോക്യുമെന്ററി ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുളള ഡോക്യുമെന്ററി ഫിലിമായാണ് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കുന്നത്.
21 മണിക്കൂര്‍ ദൈര്‍ഘ്യമുളള ഡോക്യുമെന്ററിയുടെ ലോക റെക്കോര്‍ഡിനെയാണ് ബ്ലസിയുടെ ഫിലിം മറികടന്നത്. ഡോക്യുമെന്ററി അടുത്ത മാസം റിലീസ് ചെയ്യും. സെന്‍സര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും ദൈര്‍ഘ്യമേറിയ ഡോക്യുമെന്ററി സെന്‍സര്‍ ചെയ്യുന്നത് ആദ്യമായിട്ടാണെന്ന് ബ്ലസി പത്രസമ്മേളനത്തില്‍ പറഞ്ഞു.
2015 മെയ് ഒന്നിന് ചിത്രീകരണം ആരംഭിച്ച ഡോക്യുമെന്ററി നാല് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ശബ്ദം നല്‍കിയത് മോഹന്‍ലാലും സംഗീത സംവിധാനം നിര്‍വഹിച്ചത് എം. ജയചന്ദ്രന്, സോനന്ദ്, സ്റ്റീഫന്‍ ദേവസി തുടങ്ങിയവരുമാണ്. 102 വയസ് പൂര്‍ത്തിയായ വലിയ മെത്രാപ്പോലീത്തയ്ക്ക് സ്നേഹസമ്മാനമായി സമര്‍പ്പിക്കുന്ന ഡോക്യുമെന്ററി ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ പൊതുജനങ്ങള്‍ക്കും ലഭ്യമാകുമെന്ന് ബ്ലസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: