ന്യൂദല്‍ഹി: റഫാല്‍ കരാറിന്മേല് അന്വേഷണം ആവശ്യമില്ലെന്ന സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജിയും രാഹുല്‍ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയും സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. രണ്ടു ഹര്‍ജികളിലും അധിക വാദങ്ങളുണ്ടെങ്കില്‍ കക്ഷികള്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ എഴുതി നല്‍കാം. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ ഹര്‍ജികളില്‍ വിധി പ്രസ്താവം ഉണ്ടാവൂ എന്നാണ് കോടതി നടപടികള്‍ വ്യക്തമാക്കുന്നത്.
രണ്ടു ഹര്‍ജികളും ഒരുമിച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. റഫാല്‍ കരാറില്‍ യുപിഎ കാലത്തെ കരാറിനേക്കാളും വില കുറച്ചാണ് എന്‍ഡിഎ സര്‍ക്കാര്‍ കരാറുറപ്പിച്ചതെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചു. സിഎജി റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാണ്. യുദ്ധവിമാനങ്ങളുടെ വില നിശ്ചയിക്കാന്‍ കോടതിക്ക് സാധിക്കുമോയെന്നും അറ്റോര്‍ണി ജനറല്‍ ചോദിച്ചു.
സാങ്കേതിക വിദ്യ കൈമാറിയാല്‍ വിമാനങ്ങളുടെ കാര്യത്തില്‍ ഗ്യാരന്റി ഉറപ്പു നല്‍കാനാവില്ലെന്ന് ഫ്രഞ്ച് വിമാനക്കമ്പനി ഡസോള്‍ട്ട് അറിയിച്ചിരുന്നു. ഗ്യാരന്റി ഇല്ലാത്ത വിമാനങ്ങള്‍ എങ്ങനെ ഉപയോഗിക്കും. സോവറീന്‍ ഗ്യാരന്റി ഇല്ലാതെ റഷ്യയുമായും അമേരിക്കയുമായും നേരത്തെ നമ്മള് കരാറൊപ്പിട്ടിട്ടുള്ളതാണ്. ഫ്രഞ്ച് സര്‍ക്കാരിന്റെ ലെറ്റര്‍ ഓഫ് കംഫര്‍ട്ട് കരാറുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുണ്ട്. റോഡോ പാലമോ നിര്‍മ്മിക്കാനുള്ള കരാറല്ല. പ്രതിരോധ കരാറുകളില്‍ പല പരിഗണനകളും ആവശ്യമാണ്. 2008ല്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറുകളിലെ രഹസ്യാത്മകതയെന്നും എ.ജി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും കരാര്‍ റദ്ദാക്കുകയല്ല എഫ്ഐആറിട്ട് അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും പ്രശാന്ത് ഭൂഷണ് വാദിച്ചു. ഇതിന് ശേഷമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷനെതിരായ കോടതിയലക്ഷ്യ ഹര്‍ജി കോടതി പരിഗണിച്ചത്. കോടതി പറഞ്ഞതിന് ശേഷം മാത്രമാണ് വ്യാജ പ്രചാരണത്തിന് മാപ്പ് പറയാന്‍ രാഹുല്‍ തയ്യാറായതെന്ന് ഹര്‍ജിക്കാരിയായ മീനാക്ഷി ലേഖിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ രോഹ്തഗി പറഞ്ഞു. പ്രധാനമന്ത്രി കള്ളനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്ന പ്രചാരണം നടത്തിയ രാഹുല്‍ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് രാജ്യത്തോട് മാപ്പ് പറയണം.
രാഹുല്‍ഗാന്ധിക്ക് തടവ് ശിക്ഷയോ താക്കീതോ നല്‍കണമെന്നും രോഹ്തഗി ആവശ്യപ്പെട്ടു. നോട്ടീസ് കിട്ടും മുമ്പ് ഖേദ പ്രകടനം നടത്തിക്കഴിഞ്ഞതാണെന്നും കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചതില്‍ മാപ്പ് പറഞ്ഞതായും രാഹുലിന്റെ അഭിഭാഷകന് മനു അഭിഷേക് സിങ്വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: