ബെംഗളൂരു: പാക്കിസ്ഥാനില്‍ നിന്ന് ഒളിച്ചോടി അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന കമിതാക്കള്‍ക്ക് കേരളത്തിലെ പാലക്കാട്ട് നിന്ന് വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സി(ഐബി) മുദ്രവച്ച കവറില്‍ കര്‍ണാടക ഹൈക്കോടതിയില്‍ നല്കി.
പാക്കിസ്ഥാന് കറാച്ചി സ്വദേശികളായ ഖസീഫ് ഷംസുദ്ദീന് (ഖസീഫ്-30), കിരണ്‍ ഗുലാംഅലി (30) എന്നിവര്‍ക്ക് പാലക്കാട് അന്സറൂള് ഇസ്ലാം മഹല്ല് കമ്മിറ്റിയാണ് വ്യാജ പേരുകളില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
വിവാഹ സര്‍ട്ടിഫിക്കറ്റില്‍ മുഹമ്മദ് തച്ചാരം കമ്മത്തിന്റെ മകന് മുഹമ്മദ് ശിഹാബ്, അബ്ദുള്‍ റഹ്മാന്റെ മകള്‍ സമീറ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 2016 മാര്‍ച്ച് 30നാണ് ഇരുവരും ഇന്ത്യയിലേക്ക് ഒളിച്ചു വന്നത്. 2017ല്‍ ബെംഗളൂരു പോലീസ് ഇവരെ പിടികൂടി. വിസയില്ലാതെയാണ് ഇവര്‍ ഇന്ത്യയില്‍ പ്രവേശിച്ചതെന്നു ചോദ്യം ചെയ്യലില്‍ കണ്ടെത്തി. കൂടുതല്‍ പരിശോധനയിലാണ് ഇവരില്‍ നിന്ന് വ്യാജ വിവാഹസര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയത്. ഇതുപയോഗിച്ച് പാസ്പോര്‍ട്ടും മറ്റു രേഖകളും തരപ്പെടുത്താനായിരുന്നു നീക്കം. ബെംഗളൂരുവില്‍ വ്യാജ മേല്‍വിലാസത്തില്‍ ചില ഇടനിലക്കാരാണ് ഇവര്‍ക്ക് താമസസൗകര്യം ഏര്‍പ്പാടാക്കിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരും കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അനധികൃമായി താമസിച്ചതിന് കോടതി ഇരുവരെയും ശിക്ഷിച്ചു.
പാലക്കാട് അന്സറൂള് ഇസ്ലാം മഹല്ല് കമ്മിറ്റി വിവാഹ സര്‍ട്ടിഫിക്കറ്റ് നല്കിയതു സംബന്ധിച്ച വിവരങ്ങള്‍ വിചാരണ വേളയിലാണ് കേന്ദ്രരഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് ഐബി അറിയിച്ചു. വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതടക്കമുള്ള വിവരങ്ങളും രേഖകളും ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഐബി ഉദ്യാഗസ്ഥനോട് ആവശ്യപ്പെട്ടു.
ശിക്ഷാകാലവധി പൂര്‍ത്തിയായതിനാല്‍ ഏപ്രില്‍ 26ന് കേസ് പരിഗണിച്ച കോടതി മെയ് അഞ്ചിന് ഇരുവരെയും പാക്കിസ്ഥാനിലേക്ക് തിരിച്ചയക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിന് രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഐബി മുദ്രവച്ച കവറില്‍ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളായതിനാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് ഐബി അഭ്യര്‍ത്ഥിച്ചു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുപോകില്ലെന്ന് കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: