ആത്മകഥകള്‍ക്ക് മലയാള സാഹിത്യത്തില്‍ വലിയ സ്ഥാനമുണ്ട്. പച്ചയായ ജീവിതം അനുഭവിപ്പിച്ച, നിരവധിയായ ആത്മകഥകള്‍ വായിച്ച് അവരുടെ ജീവിതത്തെയും നിലപാടുകളെയും അടുത്തറിഞ്ഞവരാണ് മലയാളി വായനക്കാര്‍. സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ളയുടെ ‘സ്മരണമണ്ഡലം’ മുതല്‍ ഗുഡ്നൈറ്റ് മോഹന്റെ ‘മോഹനം’ വരെ നീളുന്നു വായിച്ചുതീര്‍ത്ത ആത്മകഥകളുടെ പട്ടിക. ഒരാള്‍ തന്റെ ജീവിതത്തെ സ്വയം ചിത്രീകരിക്കുന്നതാണ് ആത്മകഥയാകുന്നത്. സംഭവബഹുലമായ ജീവിതത്തെ അക്ഷരങ്ങളായി അവതരിപ്പിച്ച വിലപ്പെട്ട എഴുത്തുകള്‍ പലതും മലയാള സാഹിത്യ, സാമൂഹ്യ, രാഷ്ട്രീയ രംഗത്ത് കോളിളക്കം സൃഷ്ടിച്ചു.
മുഗള്‍ സാമ്രാജ്യസ്ഥാപകനായി അറിയപ്പെടുന്ന ബാബറിന്റെ ആത്മകഥയെ ചരിത്രകാരന്മാര് പലതരത്തില്‍ വിശകലനം ചെയ്തിട്ടുണ്ട്. പ്രകൃതിയെയും സമൂഹത്തെയും രാജ്യത്തെയും മനുഷ്യരെയും കലകളെയും തുടങ്ങി ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ മേഖലകളെ തത്വചിന്താപരമായി നോക്കിക്കാണുന്ന ‘ബാബര്‍നാമ’ എന്ന കൃതിയില്‍ ഊന്നല്‍ നല്‍കിയത് ബാബര്‍ എന്ന മുസ്ലീം ഭരണാധികാരിയുടെ മതചിന്തകളായിരുന്നു. 1493 മുതല്‍ 1529 വരെയുള്ള ബാബറിന്റെ ജീവിതരേഖയാണ് ‘ബാബര്‍നാമ’.
1556ല്‍ ഇറ്റാലിയന്‍ ഭാഷയിലെഴുതിയ ‘വിറ്റ’ യൂറോപ്പില്‍ ഏറെ ആഘോഷിക്കപ്പെട്ട ആത്മകഥയാണ്. പ്രമുഖ യൂറേപ്യന്‍ ശില്പി ബെന്‍ സെല്ലിനി ആത്മകഥയെ കവിതയിലേക്ക് ആവാഹിച്ചു. ‘വിറ്റ’ എന്ന ഇറ്റാലിയന്‍ വാക്കിന്റെ അര്‍ത്ഥം ജീവിതം എന്നാണ്. ഇംഗ്ലീഷ് ഭാഷയിലെ ആദ്യ ആത്മകഥയായി കണക്കാക്കുന്നത് ക്രിസ്ത്യന്‍ മതപ്രചാരകനായിരുന്ന മെര്‍ജറി കേമ്പേ എന്നയാള്‍ എഴുതിയ ‘ബുക്ക് ഓഫ് മെര്ജെറികേമ്പേ’ എന്ന കൃതിയാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഈ കൃതി ഏറെനാള്‍ കയ്യെഴുത്തു പ്രതിയായി തന്നെ സൂക്ഷിക്കപ്പെട്ടു. 1936ലാണ് ഇതില്‍ അച്ചടി മഷി പതിയുന്നത്. ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ മെയിന്‍ കാംഫ്, നമ്മുടെ പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്റുവിന്റെ ‘ആന്‍ ആട്ടോബയോഗ്രഫി’, നിരാദ് സി. ചൗധരിയുടെ ‘ആന്‍ ആട്ടോ ബയോഗ്രഫി ഓഫ് ആന്‍ അണ്‍നോണ്‍ ഇന്ത്യന്‍’, സീതാറം ഗോയലിന്റെ ‘ഹൗ ഐ ബികെയിം എ ഹിന്ദു’, എല്‍.കെ. അദ്വാനിയുടെ ‘മൈ കണ്ട്രി മൈ ലൈഫ്’ തുടങ്ങിയ പ്രശസ്തങ്ങളായ ആത്മകഥകള്‍ വായനാലോകത്ത് വിപ്ലവം സൃഷ്ടിച്ചവയാണ്. സാമൂഹ്യബോധവും രാഷ്ട്രീയബോധവുമുള്ള സാഹിത്യ, കാലാസ്വാദകന് ഒരു ആത്മകഥയെയും വായിക്കാതെ, വായനാ സമ്പന്നനാണെന്ന് അവകാശപ്പെടാനാകില്ല.
അതിനാലാണ് നമ്മള് വായനാപ്രേമികളായ മലയാളികള്‍ക്ക് ജോസഫ് മുണ്ടശ്ശേരിയുടെ ‘കൊഴിഞ്ഞ ഇലകളും’, പി.കേശവദേവിന്റെ ‘കഴിഞ്ഞ കാലവും’ ചങ്ങമ്പുഴയുടെ ‘തുടിക്കുന്ന ഓര്‍മ്മകളും’ കുഞ്ഞിരാമന്‍നായരുടെ ‘കവിയുടെ കാല്പാടുകളും’ വിടിയുടെ ‘കണ്ണീരും കിനാവും’ തിക്കോടിയന്റെ ‘അരങ്ങ്കാണാത്ത നടനും’ പുതുപ്പള്ളിരാഘവന്റെ ‘വിപ്ലവ സ്മരണകളും’ വിലപ്പെട്ട വായനാനുഭവങ്ങളായത്. വായനയെ ഇഷ്ടപ്പെടുന്ന ഓരോ മലയാളിയും വായിച്ചു തീര്‍ത്തത് കേരളത്തിന്റെ ചരിത്രവും സംസ്കാരവും ജീവിതവും സാഹിത്യവും കലയും സിനിമയുമെല്ലാം എല്ലാം ഉള്‍ക്കൊള്ളുന്ന നിരവധിയായ ആത്മകഥകളാണ്. എന്‍.പി.മന്മഥന്റെ ‘സ്മൃതിദര്‍പ്പണം’, ബഷീറിന്റെ ‘ഓര്‍മ്മയുടെ അറകള്‍’, ഗുരു നിത്യചൈതന്യയതിയുടെ ‘യതിചരിതം’, സലിം അലിയുടെ ‘ഒരു കുരുവിയുടെ പതനം’, കെ.എം.മാത്യുവിന്റെ ‘എട്ടാമത്തെ മോതിരം’, ജോണ്‍പോളിന്റെ ‘പാളങ്ങള്‍’ എന്നിവയൊക്കെ വായിച്ചു തീരുമ്പോഴാണ് ആത്മകഥകള്‍ നമുക്ക് ഏതെല്ലാം തരത്തിലാണ് ജീവിതം പറഞ്ഞു പഠിപ്പിക്കുന്നതെന്ന് വ്യക്തമാകും. മോഷണം ജോലിയാക്കിയാളുടെ ആത്മകഥയും ലൈംഗികതൊഴിലാലിയുടെ ജീവിതം വെളിപ്പെടുത്തിയ ആത്മകഥയും നമുക്ക് വായിക്കാതിരിക്കാനായില്ല. അവര്‍ പറഞ്ഞതിലും ജീവിതത്തിന്റെ കയ്പ്പും മധുരവും ഉണ്ടായിരുന്നു.
സര്‍വ്വീസ് സ്റ്റോറികളും ആത്മകഥകള്‍ തന്നെയാണ്. ഔദ്യോഗിക ജീവിതം വഹിക്കുന്ന ഏതൊരാളും ജീവിതത്തിന്റെ സിംഹഭാഗവും അതില്‍ തന്നെയാണ് ജീവിച്ചു തീര്‍ക്കുന്നത്. ആ ജീവിതത്തില്‍ നിന്ന് അടര്‍ത്തി മാറ്റി മറ്റൊരു ജീവിതം അവര്‍ക്കുണ്ടാകുന്നില്ല. അതിനാലാണ് മലയാറ്റൂര്‍ രാമകൃഷ്ണനെന്ന വിഖ്യാത എഴുത്തുകാരനും ബ്യൂറോക്രാറ്റുമായഒരാളുടെ സര്‍വ്വീസ് സ്റ്റോറി എന്നും ഓര്‍ക്കപ്പെടുന്ന ആത്മകഥയായി മാറിയത്. ഔദ്യോഗിക ജീവിതത്തെ സഹൃദയനായ ഒരുഴുത്തുകാരന് അക്ഷരങ്ങളാക്കുമ്പോള്‍ അത് വായനക്കാരന് എരിവും പുളിയും മധുരവുമുള്ള സദ്യയാകുന്നു. വാര്‍ത്തകളിലിടം നേടുന്നു. ‘എന്റെ ഐഎഎസ് ദിനങ്ങള്‍’ എന്ന മലയാറ്റൂരിന്റെ കൃതി എക്കാലത്തെയും വിശേഷപ്പെട്ട സാമൂഹ്യ പ്രസക്തിയുള്ള സാഹിത്യകൃതിയാണ്. മലയാറ്റൂര്‍ കഥാകാരന് കൂടിയായപ്പോള്‍ എഴുത്തിന് ഇമ്പം കൂടുതലുണ്ടായി. മലയാറ്റൂരിന്റെ ‘എന്റെ ഐഎഎസ് ദിനങ്ങളുടെ’ ചുവടുപിടിച്ചാണെന്ന് തന്നെ പറയാം മലയാളത്തില്‍ പിന്നീടുണ്ടായിട്ടുള്ള ഔദ്യോഗിക ജീവിതക്കുറിപ്പുകള്‍ പലതും. ഔദ്യോഗിക ജീവിതം പ്രശസ്തമാകുമ്പോഴും കുപ്രസിദ്ധമാകുമ്പോഴും വിവാദമാകുമ്പോഴുമെല്ലാം പലരും ആത്മകഥകളെഴുതുന്നു. ചിലര്‍ തന്റെ ഔദ്യോഗിക ജീവിതത്തിലെ സത്യങ്ങള്‍ തുറന്നു പറയുന്നു. മറ്റുചിലര്‍ അര്‍ദ്ധസത്യങ്ങള്‍ മാത്രം പറയുന്നു. ആത്മകഥകള്‍ കുമ്പസാരങ്ങളാകുകയാണ് വേണ്ടത്. ദൈവത്തിന്റെ മുന്നില്‍ എല്ലാം തുറന്നുപറയുന്ന കുമ്പസാരങ്ങള്‍.
അടുത്തിടെ ഇറങ്ങിയ രണ്ട് ആത്മകഥകളിലൂടെയുള്ള കടന്നുപോക്കാണ് ആത്മകഥകളുടെ ഈ കുറിപ്പിനാധാരം. മുന്‍ ഡിജിപി സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറിയാണ് അതില്‍ ഒന്ന്. ഗുഡ്നൈറ്റ് മോഹന്‍ എന്ന വ്യവസായിയുടെ ആത്മകഥ മറ്റൊന്ന്. രണ്ടും തുറന്നു പറച്ചിലിന്റെ കുമ്പസാരങ്ങളാണ്. ‘എന്റെ പോലീസ് ജീവിതം’ എന്നാണ് ടി.പി.സെന്‍കുമാറിന്റെ പുസ്തകത്തിന്റെ പേര്. വന്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്താന്‍ സാധ്യതയുള്ള പുസ്തകം തെരഞ്ഞെടുപ്പ് കാലമായിതിനാലാകാം അധികം ചര്‍ച്ചകളിലേക്ക് ഇനിയും വന്നിട്ടില്ല. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകള്‍ കൈകാര്യം ചെയ്ത പോലീസ് ഓഫീസര്‍ എന്ന നിലയില്‍ സെന്‍കുമാര്‍ ഇതുവരെ വെളിപ്പെടുത്താത്ത രഹസ്യങ്ങള്‍ പുസ്തകത്തിലുണ്ട്. ഔദ്യോഗിക ജീവിതത്തില്‍ താന്‍ അനുഭവിച്ച സമ്മര്‍ദ്ദങ്ങളും രാഷ്ട്രീയക്കാരുടെ ഇടപെടലുകളുമെല്ലാം അദ്ദേഹത്തിന്റെ എഴുത്തിലൂടെ പുറത്തുവരുന്നു. ഐഎസ്ആര്‍ഒ ചാരക്കേസ്, സ്ത്രീ പീഡനങ്ങള്‍, മതതീവ്രവാദം, അഴിമതി കേസുകള്‍, കവര്‍ച്ചാ കേസുകള്‍ തുടങ്ങി അദ്ദേഹം അന്വേഷിച്ച കേസുകളുടെ അറിയപ്പെടാത്ത വിവരങ്ങളാണ് പുസ്തകത്തിലൂടെ പങ്കുവെയ്ക്കുന്നത്.
തന്നെ പോലീസ് മേധാവി സ്ഥാനത്തുനിന്നും പുറത്താക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ വ്യാജരേഖ ഉണ്ടാക്കിയെന്ന ആരോപണവും താന്‍ വീണ്ടും സംസ്ഥാന പോലീസ് മേധാവി ആകാതിരിക്കാന്‍ ലോക്നാഥ് ബെഹ്റ ദല്‍ഹിയില്‍ സ്വാധീനം ചെലുത്തിയെന്നതും പുസ്തകത്തിലൂടെ സെന്‍കുമാര്‍ വീണ്ടും പറയുന്നു. സെന്‍കുമാറിന് പോലീസ് മേധാവി സ്ഥാനം തന്നെ നഷ്ടപ്പെടാന്‍ ഇടയാക്കിയ പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ കൊലയെകുറിച്ചും അദ്ദേഹം പ്രതിപാദിക്കുന്നു. എംജി കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ താന്‍ പോലീസുകാരന്റെ തൊപ്പി തട്ടിപ്പറിച്ച സംഭവത്തില്‍ തനിക്കെതിരെ സര്‍ക്കാരിന് പരാതി കൊടുക്കാന്‍ മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവ ഇടപെട്ടുവെന്ന ആരോപണവും പുസ്തകത്തിലുണ്ട്. ചാരക്കേസില്‍ നമ്പി നാരായണന് കുറ്റക്കാരനാണെന്ന് പുസ്തകത്തില്‍ സെന്‍കുമാര്‍ ആവര്‍ത്തിക്കുന്നു. നമ്പി നാരായണന് എല്ലാ കാലത്തും സത്യം മൂടിവെക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു. പൊതുസമൂഹം സജീവചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ട വസ്തുതകളാണ് സെന്‍കുമാര്‍ വെളിപ്പെടുത്തുന്നത്.
പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് കൂടിയായ ഗുഡ്നൈറ്റ് മോഹന്റെ ‘മോഹനം’ എന്ന ആത്മകഥ കണ്ണുനനയാതെ വായിച്ചു തീര്‍ക്കാനാകില്ല. അത്രയ്ക്ക് മനോഹരവും പ്രതീക്ഷാ നിര്‍ഭരവുമാണ് ജീവിതത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകള്‍. വളരെ ചെറിയ ചുറ്റുപാടുകളില്‍ നിന്ന് വ്യവസായലോകത്തിന്റെ നെറുകയിലേക്കുയര്‍ന്ന അദ്ദേഹം താന്‍ കടന്നുപോയ വഴികളിലൂടെ സത്യസന്ധമായ സഞ്ചാരമാണ് നടത്തുന്നത്. ജീവിതത്തിലും വ്യവസായത്തിലും സത്യസന്ധനായതിനാലാണ് മോഹന്‍ എന്ന സാധാരണക്കാരന് നല്ല ഉറക്കത്തിലേക്ക് വായനക്കാരനെ നയിക്കാനായത്. ജീവിതവും പ്രവൃത്തിയും വാക്കുകളും സത്യസന്ധമാകുമ്പോഴാണ് ആത്മകഥകള്‍ ജീവിത ഗന്ധിയാകുന്നത്. കാലാതിവര്‍ത്തിയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: