തിരുവനന്തപുരം: സംസ്ഥാനത്ത് ഭീകര പ്രവര്‍ത്തനം സജീവമായത് ഇന്റലിജന്‍സ് വിഭാഗത്തിന്റെ വീഴ്ചയിലൂടെ. കാസര്‍കോട്ടുനിന്ന് 10 പേര് യമനിലേക്ക് പോയെന്നും ഐഎസില്‍ ചേര്‍ന്നെന്നുമുള്ള കൃത്യമായ വിവരം സ്പെഷ്യല്‍ ബ്രാഞ്ച് നല്‍കിയിട്ടും നടപടിയെടുത്തില്ല. സ്പെഷ്യല്‍ ബ്രാഞ്ച് നല്കിയ മുന്നറിയിപ്പും നിര്‍ദേശങ്ങളും പോലും പരിഗണിച്ചില്ല. ഇന്റലിജന്‍സ് വിഭാഗത്തിന്റെ അനാസ്ഥയില്‍ സംസ്ഥാനത്തെ ആഭ്യന്തര സുരക്ഷ അവതാളത്തില്‍.
2018 ജൂലൈയില്‍ കാസര്‍കോട് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്ക് തീവ്രവാദ പ്രവര്‍ത്തനം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 10പേര് യമനിലേക്കും ഐഎസിലേക്കും പോയ വിവരം വിശദമായി അന്വേഷിച്ച് സ്പെഷ്യല്‍ റിപ്പോര്‍ട്ടാണ് നല്‍കിയത്. ചില സലാഫി ഗ്രൂപ്പുകളും പ്രത്യേകിച്ച് വിസ്ഡം ഗ്രൂപ്പും യമനില്‍ ജീവിത ചെലവ് കുറവാണെന്നും യഥാര്‍ഥ മുസ്ലിം ജീവിതമാണെന്നും പ്രചരിപ്പിച്ച് ആള്‍ക്കാരെ യമനില്‍ എത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 അഫ്ഗാനിസ്ഥാനുവേണ്ടി ഇന്ത്യവിട്ട് യമനിലേക്ക് പോയവര്‍ ഐഎസുമായി ബന്ധമുള്ള ദമ്മാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യമന്‍ എന്ന മത പഠന കേന്ദ്രത്തില്‍ ചേര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2016-ല്‍ കാസര്‍കോട് ചന്തേര പോലീസ് സ്റ്റേഷന് പരിധിയിലെ തൃക്കരിപ്പൂര്‍, പണ്ടാന ഏരിയകളില്‍ നിന്ന് 10 പുരുഷന്മാരെയും നാലു കുടുംബങ്ങളെയും മൂന്നു കുട്ടികളെയും കാണാതായിട്ടുണ്ട്. ഈ കേസ് എന്‍ഐഎ അന്വേഷിക്കുകയാണ്. 2018 ജൂണില്‍ കാസര്‍കോട് പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും രണ്ട് കുടുംബങ്ങളിലെ പത്ത് പേരെ കാണാതായി. ഇവരില്‍ ഒരുകുടുംബം 07/06/2018 ല്‍ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് വഴി ദുബായിലും അവിടെ നിന്ന് യമനിലും എത്തി. 29/06/2016 ന് കൊച്ചിവഴി യമനിലേയ്ക്ക് പോയ കുടുംബം യമനിലെ സലായില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.
മാത്രമല്ല തുടര്‍ന്ന് സ്വീകരിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങളും സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി നല്‍കിയിരുന്നു. എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇത് സംബന്ധിച്ചും, യമനിലേക്കുള്ള യാത്ര നിയമ വിരുദ്ധമാണെന്നും ശ്രദ്ധചെലുത്തണമെന്നും നിര്‍ദേശം നല്‍കുക, യമനിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്ന അല്ലെങ്കില്‍ പോയിട്ടുള്ള വ്യക്തികളെയും ഗ്രൂപ്പുകളെയും സംഘടനകളെയും മത സ്ഥാപനങ്ങളെയും കുറിച്ച് കൃത്യമായ അന്വേഷണം നടത്തുക, അവരെ നിരീക്ഷണത്തില്‍ വയ്ക്കുക, ഇത്തരം ഏജന്‍സികളെക്കുറിച്ചും അവര്‍ വിദേശത്തേക്ക് കൊണ്ടുപോയവരെക്കുറിച്ചും വ്യക്തമായി അന്വേഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും സംസ്ഥാന ഇന്റലിജന്‍സോ പോലീസോ കാര്യമായി എടുത്തില്ല.
കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് ഐഎസ് ബന്ധമുള്ള ആളെ എന്‍ഐഎ അറസ്റ്റ് ചെയ്തശേഷമാണ് ഇന്റലിജന്‍സിന് ഇത് സംബന്ധിച്ച വിവരം ലഭിക്കുന്നത്. ഇയാള്‍ ചാവേറായി പൊട്ടിത്തെറിക്കാനുള്ള പ്രവര്‍ത്തനം നടത്തിയത് ഇന്റലിജന്‍സ് വിഭാഗം അറിഞ്ഞിരുന്നില്ലെന്നത് ഗൗരവതരമാണ്. മാത്രമല്ല മറ്റ് നാലുപേര്‍ അടങ്ങുന്ന ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതും സംസ്ഥാനത്തെ ഇന്റലിജന്‍സ് വിഭാഗം അറിഞ്ഞില്ല.
ശ്രീലങ്കന്‍ സ്ഫോടനത്തിന് നേതൃത്വം നല്കിയ ആള് കേരളത്തില്‍ എത്തിയതിനെക്കുറിച്ചും ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടില്ല. വിദേശത്തേക്ക് കടക്കാന്‍ സൗകര്യം ഒരുക്കുന്ന ഏജന്‍സികളെകുറിച്ചുപോലും അന്വേഷിക്കാന്‍ ഇന്റലിജന്‍സ് വിഭാഗം തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: