തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണം ശരിവെച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ടെ ചില ബൂത്തുകളില്‍ നടന്നത് കള്ളവോട്ട് തന്നെയെന്ന് ടിക്കാറാം മീണ പത്രസമ്മേളനത്തില്‍ പറഞ്ഞു. കള്ളവോട്ട് ചെയ്ത എല്‍ഡിഎഫ് പഞ്ചായത്ത് അംഗം ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍ കളക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍.കള്ളവോട്ട് നടന്നതിനെപ്പറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലാ കളക്ടര്‍മാരോട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടിരുന്നു.
മൂന്നു സ്ത്രീകളും ഒരു പുരുഷനുമാണ് കള്ളവോട്ട് ചെയ്തത്. ഇവര്‍ക്കെതിരെ ക്രിമിനല്‍ ചട്ടം 171 -ാം വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ടിക്കാറാം മീണ പറഞ്ഞു. പ്രോക്സി വോട്ട് ചെയ്യാനെന്ന വ്യാജേന കൃത്രിമം കാണിച്ചയാള്ക്കെതിരേയും നടപടിയെടുക്കും. കാസര്‍കോട് ലോകസഭാ മണ്ഡലത്തിലെ കല്യാശേരിയിലെ 19-ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. 1991 വോട്ടര്‍മാരുള്ള ബൂത്തില്‍ 969 പേര് വോട്ട് ചെയ്തു. നാലു വോട്ട് തെരഞ്ഞെടുപ്പ് ജോലിയിലുള്ളവരുടെ വോട്ടാണ്. 88.82 ശതമാനം പോളിങ്ങ് ബൂത്തില്‍ നടന്നു, കഴിഞ്ഞ പ്രാവശ്യം നടന്നതിനേക്കാള്‍ 5.76 ശതമാനം വര്‍ധന.
തൊട്ടടുത്ത 17-ാം നമ്പര്‍ ബൂത്തിലെ പഞ്ചായത്ത് അംഗമായ സെലീന എന്‍.പി 19ാം നമ്പര്‍ ബൂത്തിലെത്തി കള്ളവോട്ട് ചെയ്തു. 774-ാം നമ്പര്‍ വോട്ടറായ പത്മിനി വൈകുന്നേരം 5.20നും 5.40നും രണ്ടു വോട്ടുകള്‍ രേഖപ്പെടുത്തി. 24ാം നമ്പര്‍ ബൂത്തിലെ വോട്ടറായ സുമയ്യ കെ.പിയും 19-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തതായി കണ്ടെത്തി. കുറ്റം ചെയ്തതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സെലീനയെ അയോഗ്യയാക്കാനും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ശുപാര്‍ശ ചെയ്തു.
വ്യാപാരി വ്യവസായി ഏകോപന സമിതിയിലുള്ള കെ.സി. രഘുനാഥ് എന്ന ആള് അവശനായ ഡോക്ടറെ കൊണ്ടുവരികയും ബൂത്തിലെ രജിസ്റ്റര്‍ എടുത്തുകൊണ്ട് പുറത്തുപോയി വിരലടയാളം പതിപ്പിച്ചു തിരിച്ചുകൊണ്ടു വരികയും ചെയ്തു. എന്നാല്‍ ഈ വോട്ട് ചെയ്തത് ചുവന്ന ഷര്‍ട്ട് ധരിച്ച മറ്റൊരു വ്യക്തിയാണെന്നും കണ്ടെത്തി. വീല്‍ ചെയറില്‍ ബൂത്തില്‍ കൊണ്ടു വന്ന് വോട്ട് ചെയ്യിക്കാനുള്ള സംവിധാനം ഉണ്ടായിട്ടും അത് ചെയ്തില്ല. കള്ളവോട്ടിന് സഹായം ചെയ്ത എല്‍ഡിഎഫ് ബൂത്ത് ഏജന്റ് സതീഷ് ചന്ദ്രനെതിരെയും അന്വേഷണമുണ്ടാകും.
രാവിലെ 11 മണിക്ക് ബൂത്തില്‍ നിന്നും ഇറങ്ങിപ്പോയ യുഡിഎഫിന്റെ ബൂത്ത് ഏജന്റിനെതിരെയും ബൂത്തിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി. വൈകുന്നേരം തിരക്ക് കൂടുതലായതിനാല്‍ കള്ളവോട്ട് കണ്ടെത്താനായില്ല എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്തേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണെന്നും അതിനുള്ള സംവിധാനം ഉണ്ടായിരുന്നതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിരീക്ഷിച്ചു.
ഉദ്യോഗസ്ഥര്‍ നിസ്സഹായരായിരുന്നോ ഒത്താശ ചെയ്തതാണോ എന്ന് വിശദമായി അന്വേഷിക്കും. 95 ശതമാനത്തില്‍ കൂടുതല്‍ പോളിങ്ങ് നടന്ന ബൂത്തുകളില്‍ പരാതി ലഭിച്ചാല്‍ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: