പോത്തന്‍കോട്: ദിനംപ്രതി നൂറുക്കണക്കിന് യാത്രക്കാരുടെ പ്രധാന കാത്തിരിപ്പു കേന്ദ്രമായ പോത്തന്‍കോട് ബസ് ടെര്‍മിനലില്‍ എത്തിയാല്‍ ബസുകള്‍ ഏതു ഭാഗത്തേക്കാണ് പോകുന്നത് എന്നതറിയാതെ യാത്രക്കാര്‍ വട്ടം തിരിയുന്ന അവസ്ഥയാണ്. ബസുകള്‍ ഏത് ഭാഗത്തേക്കാണ് യാത്ര പോകുന്നതെന്ന് കേട്ടറിയാന്‍ പോലും അന്വേഷണവിഭാഗത്തില്‍ ഉദ്യോഗസ്ഥര്‍ ഇല്ല. ആധ്യാത്മിക കേന്ദ്രങ്ങളും നിരവധി പ്രധാന ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന പോത്തന്‍കോട് മറ്റ് ജില്ലകളില്‍ നിന്നും നിരവധിപ്പേര്‍ ബസ് ടെര്‍മിനലില്‍ എത്താറുള്ളത്.
ബസ് ടെര്‍മിനലില്‍ ഉച്ചഭാഷിണി വേണമെന്ന യാത്രക്കാരുടെ ആവശ്യം സ്ഥലം എംഎല്‍എ ഉള്‍പ്പെടെയുള്ള അധികൃതര്‍ മറന്നത്തോടെ പണിമൂല ക്ഷേത്ര ട്രസ്റ്റ് ബസ് ടെര്‍മിനലില്‍ മൈക്ക് അനൗണ്‍സ്മെന്റ് സിസ്റ്റം സംഭാവാന ചെയ്തിരുന്നു. ടെര്‍മിനലിലേക്ക് വരുന്ന ബസുകള്‍ ഏത് സ്ഥലത്തേക്കാണ് പോകുന്നതെന്ന് യാത്രക്കാരെ വിളിച്ചറിയിക്കുന്നതിനായി ഒരു വര്‍ഷം മുമ്പാണ് പണിമൂല ദേവീ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ പതിനാറായിരം രൂപയ്ക്ക് അനൗണ്‍സ്മെന്റ് ഉപകരണങ്ങള്‍ വാങ്ങി നല്‍കിയത്. ഉപകരണം വാങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ പ്രവര്‍ത്തിപ്പിച്ചിട്ടില്ല. മൈക്ക് അനൗണ്‍സ്മെന്റെ് സിസ്റ്റം ഒരു ദിവസം പോലും പ്രവര്‍ത്തിപ്പിച്ചിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. ടെര്‍മിനലില്‍ മൈക്ക് അനൗണ്‍സ്മെന്റ് സിസ്റ്റം പ്രവര്‍ത്തിക്കുമെന്ന് കടലാസുകളില്‍ എഴുതിപ്പിടിപ്പിച്ചതല്ലാതെ അനൗണ്‍സ്മെന്റ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നും ആരോപണമുണ്ട്.
യാത്രക്കാര്‍ ഉപയോഗപ്രദമായി വാങ്ങി നല്കിയ മൈക്ക് അനൗണ്‍സ്മെന്റ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നില്ലെങ്കില്‍ ക്ഷേത്രത്തിന് തിരികെ നല്‍കണമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ കണിയാപുരം കെഎസ്ആര്‍ടിസി ഭാരവാഹികളെ അറിയിച്ചു. ക്ഷേത്രം അധികൃതരുടെ പരാതി ലഭിച്ചപ്പോള്‍ മാത്രമാണ് ഇതിനെക്കുറിച്ച് കെഎസ്ആര്‍ടിസി അധികൃതര്‍ അന്വേഷിച്ചത്. എന്നാല്‍ ഈ മൈക്ക് അനൗണ്‍സ്മെന്റ് സിസ്റ്റം ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. ക്ഷേത്ര ട്രസ്റ്റ് അനുവദിച്ച ഉച്ചഭാഷിണിയെ അധികൃതരുടെ മൗനസമ്മതത്തോടെ മറ്റ് ചിലര്‍ മുക്കിയതായും നാട്ടുകാര്‍ക്കിടയില്‍ ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: