കമ്മ്യൂണിസ്റ്റുകാര്‍ തെരഞ്ഞെടുപ്പിലും ജനാധിപത്യപ്രക്രിയയിലും പങ്കെടുക്കുന്നത് ഒരു അടവുനയത്തിന്റെ ഭാഗം മാത്രമാണ്. കയ്യൂക്കിലൂടെ അഥവാ സായുധ വിപ്ലവത്തിലൂടെ അധികാരം പിടിക്കുക എന്നതിലാണ് അവര്‍ക്ക് താല്പര്യം. ലോകമെമ്പാടും സ്വീകരിക്കുന്ന സമീപനമാണത്. ഇന്ത്യയില്‍ അത് വിലപ്പോവില്ലെന്ന് കണ്ടപ്പോഴാണ് വോട്ടെടുപ്പിന്റെ മാര്‍ഗത്തില്‍ വന്നത്. ഇവിടെയും അവര്‍ക്ക് സ്വാധീനം ഉണ്ടായ സ്ഥലങ്ങളിലൊന്നും ജനാധിപത്യം പോയിട്ട് അഭിപ്രായസ്വാതന്ത്ര്യം പോലുമില്ല. പാര്‍ട്ടി ഗ്രാമങ്ങളായ സ്ഥലങ്ങളില്‍ കമ്മ്യൂണിസ്റ്റ് കൊടിയും ബോര്ഡുമല്ലാതെ മറ്റൊന്നും ഉയരില്ല. ഉയര്‍ത്തിയവന്റെ കൈ മാത്രമല്ല തലയും വെട്ടിമാറ്റും. മലബാറിലെ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും അതിന്റെ ഭാഗമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നശേഷം രൂപംകൊണ്ട സിപിഎം അക്രമത്തിന്റെ മൊത്തകുത്തകക്കാരായി. അതോടൊപ്പം കള്ളവോട്ടും.
കള്ളവോട്ടിനെ ചൊല്ലി ഇപ്പോള്‍ തുടങ്ങിയ ചര്‍ച്ചയും ആരോപണങ്ങളും ഒരുകണക്കിന് നന്നായി. കുറേക്കാലമായി സിപിഎം പല സ്ഥലത്തും ജയിക്കുന്നത് കള്ളവോട്ടിന്റെ ശക്തികൊണ്ടാണ്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ മരിച്ചവര്‍ പോലും വോട്ടുചെയ്യുന്നു. 1980 ല്‍ കാസര്‍കോഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒ.രാജഗോപാല്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ ഒരു ബൂത്തിലെ എല്ലാവരും വോട്ടുചെയ്തിരുന്നു. അതിനെക്കുറിച്ച് പഠിച്ചപ്പോഴാണ് മരിച്ചവര്‍ക്കുള്ള പാര്‍ട്ടിക്കൂറ് മനസ്സിലായത്. അവിടുത്തെ വോട്ടര്‍ പട്ടികയില്‍ മരണപ്പെട്ട 13 ആളുകളുടെ പേരുണ്ടായിരുന്നു. അവരുടെ വോട്ടും പെട്ടിയില്‍ വീണു. പഞ്ചായത്തില്‍ പല സ്ഥലത്തും പത്രിക കൊടുക്കാന്‍ പോലും എതിര്‍പാര്‍ട്ടിക്കാരെ അനുവദിക്കില്ല. അഥവാ പത്രിക നല്കിയാല് ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിക്കും. മലപ്പട്ടം പഞ്ചായത്തില്‍ മുഴുവന്‍ അംഗങ്ങളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് അങ്ങനെയാണ്. സിപിഎം നേതാവ് എം.വി. ഗോവിന്ദന് മാസ്റ്ററുടെ നാടായ ആന്തൂറിലെയും സ്ഥിതി മറിച്ചല്ല. സിപിഎമ്മിന് കിട്ടില്ലെന്ന് ഉറപ്പുള്ളതും സംശയമുള്ള വോട്ടും ചെയ്യാതിരിക്കാനും ഭീഷണിയാണ്. പഞ്ചായത്തിലും പാര്‍ലമെന്റിലും മാത്രമല്ല, സഹകരണസ്ഥാപനങ്ങള്‍ കൈപ്പിടിയിലാക്കാനും ഇത്തരം ഹീനമാര്‍ഗങ്ങള്‍ അവര്‍ സ്വീകരിക്കുന്നു. ഏ.കെ.ജി. സ്മാരക സഹകരണ ആശുപത്രി പിടിക്കാന്‍ കള്ളവോട്ട് എങ്ങനെ ചെയ്തുവെന്ന് ഏറെ ചര്‍ച്ച ചെയ്തതാണ്. ബൂത്ത് ഏജന്റായിരുന്ന സിപിഎം നേതാവിന്റെ ഭാര്യയുടെ വോട്ട് മറ്റൊരു സ്ത്രീ എത്തി വോട്ടുചെയ്തത് നോക്കിനില്ക്കേണ്ടിവന്നല്ലോ.
കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ കള്ളവോട്ട് നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. ആളുമാറി വോട്ടു ചെയ്യുന്നതും ഒരാള്‍ തന്നെ രണ്ടു വോട്ടു ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്നും ആരോപണമുണ്ട്. സിപിഎം സ്ഥാനാര്‍ഥിയായി വിജയിച്ച പഞ്ചായത്ത് വനിതാ അംഗവും മുന്‍ അംഗവും കള്ളവോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റുപാര്‍ട്ടിക്കാരുടെ ഏജന്റന്മാരെ ശബ്ദിക്കാന്‍ അനുവദിക്കില്ല. ഉദ്യോഗസ്ഥര്‍ ഒന്നുകില്‍ സഖാക്കള്‍ അല്ലെങ്കില്‍ വരുതിയില്‍ നില്ക്കുന്നവര്. കണ്ണൂര്‍ പിലാത്തറ എയുപി സ്കൂളിലെ 19-ാം ബൂത്തിലെ 774-ാം വോട്ടറായ പത്മിനി രണ്ടു തവണ വോട്ടു ചെയ്തുവെന്നാണ് ആരോപണം. ആദ്യം വോട്ടു ചെയ്ത ശേഷം വിരലില്‍ പുരട്ടിയ മഷി ഉടന്‍ തലയില്‍ തുടച്ചു മായ്ക്കാന്‍ ശ്രമിക്കുന്നതും ഈ സമയം പോളിങ് ബൂത്തിന്റെ വാതില്‍ അടഞ്ഞു കിടക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. 17-ാം ബൂത്തില്‍ വോട്ടുള്ള ചെറുതാഴം ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡംഗം എം.പി. സലീന 19-ാം ബൂത്തില്‍ വോട്ടു ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. തൃക്കരിപ്പൂര്‍ 48-ാം ബൂത്തിലും പയ്യന്നൂര്‍ 136-ാം ബൂത്തിലും സമാനസംഭവങ്ങള്‍ അരങ്ങേറിയതിന്റെ തെളിവുകളും പുറത്തുവന്നു. ചെറുതാഴം പഞ്ചായത്തിലെ 50-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ 19-ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ബൂത്തുകളില്‍ കയറിനിന്നതായി ആരോപണമുണ്ട്. കള്ളവോട്ട് ചെയ്തെങ്കില്‍ ശക്തമായ നടപടി എന്ന് ബന്ധപ്പെട്ടവര്‍ ആവര്‍ത്തിക്കാറുണ്ടെങ്കിലും ഒന്നും ഫലപ്രദമായിട്ടില്ല. കള്ളവോട്ട് തടയണമെന്ന് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍ ആധാര്‍ മോഡലില്‍ ആധുനിക സംവിധാനം നടപ്പാക്കിയേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: