കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പിലാത്തറയിലും തൃക്കരിപ്പൂരിലും സിപിഎം കേന്ദ്രങ്ങളില്‍ കള്ളവോട്ട് നടന്നെന്ന പരാതിയുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ മീര്‍മുഹമ്മദലി പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട് കൈമാറി. കള്ളവോട്ട് സ്ഥിരീകരിക്കുന്ന തരത്തിലാണ് കളക്ടറുടെ റിപ്പോര്‍ട്ടെന്നാണ് സൂചന. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശപ്രകാരമാണ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
കള്ളവോട്ട് നടന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്ന ബൂത്തിലെ പ്രിസൈഡിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, വെബ് ക്യാം ഓപ്പറേറ്റര്‍ എന്നിവരെ കളക്ടര്‍ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു. ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് വെബ് ക്യാം ഓപ്പറേറ്റര്‍ വിശദീകരണം നല്‍കിയെന്നാണ് സൂചന.
റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. ആരോപണം ഉയര്‍ന്ന ബൂത്തുകളിലെ റീപോളിങ്, ഉദ്യോഗസ്ഥര്‍ക്കെതിരായ അച്ചടക്ക നടപടി തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം അതിനു ശേഷമേ ഉണ്ടാകൂ.
വ്യാപകമായി കള്ളവോട്ട് നടന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. കാസര്‍കോട് മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എയുപി സ്കൂളിലെ 19ാം ബൂത്തിലാണ് ആറ് കള്ളവോട്ടുകള്‍ നടന്നുവെന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്നും ആരോപണമുയര്‍ന്നിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥിയായി വിജയിച്ച പഞ്ചായത്ത് വനിതാ അംഗവും മുന്‍ അംഗവും കള്ളവോട്ട് ചെയ്തവരില്‍ ഉള്‍പ്പെടുന്നതായും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളായ രാജ്മോഹന്‍ ഉണ്ണിത്താനും കെ. സുധാകരനും തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
കള്ളവോട്ടല്ലെന്നും ഓപ്പണ്‍ വോട്ടാണെന്നുമായിരുന്നു സിപിഎം വാദം. എന്നാല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ വാദം പൊളിഞ്ഞു. ഓപ്പണ്‍ വോട്ട് ചെയ്യുന്നവര്‍ക്ക് വലതുകൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുക. എന്നാല്‍ പുറത്തുവന്ന ദൃശ്യങ്ങളില്‍ എല്ലാവരും ഇടതുകൈയിലാണ് മഷി പുരട്ടുന്നത്. ഇക്കാര്യങ്ങളെല്ലാം കളക്ടറുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: