ശൂര്‍പ്പണഖയുടെ പ്രണയാഭ്യര്‍ഥന രാമന് തള്ളിയത് കാര്യകാരണങ്ങള്‍ വിശദീകരിച്ചായിരുന്നു. അവള് പക്ഷേ പിന്മാറാന് തയ്യാറായിരുന്നില്ല. ആശിക്കേണ്ടതേ ആശിക്കാവൂ എന്നും അല്ലെങ്കില്‍ അത് ആപത്തു വിളിച്ചു വരുത്തുമെന്നും രാമന് ഉപദേശിച്ചു.
ആശ നിറവേറ്റാതെ അടങ്ങില്ലെന്ന വാശിയിലായിരുന്നു ശൂര്‍പ്പണഖ. തന്റെ ആവശ്യം ആവര്‍ത്തിച്ചൊന്ന് ആലോചിക്കണമെന്ന് അവള് രാമനെ ഭീഷണിപ്പെടുത്തി. തനിക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ആലോചിക്കാനില്ലെന്നും സമാധാനത്തോടെ നീ തിരിച്ചു പോകൂ എന്നും രാമന് ശൂര്‍പ്പണഖയോട് വീണ്ടും അനുനയത്തിന്റെ സ്വരത്തില്‍ പറഞ്ഞു.
എന്നിട്ടും അവള് അടങ്ങിയില്ല. എന്നെപ്പോലെ സുമുഖിയും സുഭഗയുമായ സ്ത്രീരത്നം വേറെയില്ലെന്നും എന്നെ വരിക്കാന്‍ തയ്യാറാകാത്ത നീ ദുര്‍ഭാഗ്യവാനാണെന്നും രാമനെ നോക്കി അവള് വീമ്പിളക്കി.
കലിയിളകി അവിടെനിന്നിറങ്ങിയ ശൂര്‍പ്പണഖ കാടിനുള്ളില്‍ മറഞ്ഞു. അവള് ചെന്നു പെട്ടത് സീതാദേവിയുടെ മുമ്പിലായിരുന്നു. ദേവിയുടെ മനോഹരരൂപം കണ്ട് അവള് അമ്പരന്നു. ഈ ലോകമെല്ലാം ചുറ്റിനടന്ന് എത്രയോ സ്ത്രീപു
രുഷന്മാരെ കണ്ടിട്ടുണ്ട്. അവര്‍ക്കാര്‍ക്കുമില്ലാത്ത സൗന്ദര്യമാണ് രാമനും സീതയ്ക്കും. രാമനു യോജിച്ച സീതയും സീതയ്ക്ക് യോജിച്ച രാമനും.
രാമനെന്ന ദിവ്യ ഭാഗ്യം പക്ഷേ ഇവള്‍ക്കു മാത്രമായി അനുവദിച്ചു കൊടുത്തുകൂട. എന്തുകൊണ്ട് എനിക്കത് അനുഭവിച്ചു കൂട. ഇവള് ജീവിച്ചിരുന്നാല്‍ ഒരിക്കലും ആ ഭാഗ്യം തനിക്ക് ലഭിക്കുകയില്ല.
അതല്ലെങ്കില്‍ ഇവളെ തട്ടിയെടുത്ത് ജ്യേഷ്ഠന് സമ്മാനിക്കണം. അല്ലെങ്കില്‍ വേണ്ട. ഇവള് ലോകൈകസാര്‍വഭൗമനായ രാവണന്റെ പത്നിയാകുന്നതാണ് അഭികാമ്യം. പക്ഷേ അവള് ജീവിച്ചിരിക്കുന്നത് ശരിയല്ല. രാമനെ എനിക്ക് പൂര്
ണമായി ലഭിക്കണമെങ്കില്‍ ഇവള് നശിച്ചേ പറ്റൂ. ഇങ്ങനെ പലതും ചിന്തിച്ച് ശൂര്‍പ്പണഖ ഭ്രാന്തിയെപ്പോലെ ഓടിനടന്നു. ഒടുവില്‍ രാമന്റെ പര്‍ണശാലയ്ക്കകത്തേക്ക് ചാടിക്കയറി. അപ്പോഴേക്കും സീതാദേവി അവിടെയെത്തിയിരുന്നു. ദിവാസ്വപ്നം കണ്ടിരുന്ന സീത ശൂര്‍പ്പണഖയെ കണ്ട് ഞെട്ടിയുണര്‍ന്നു.
ആശ്രമത്തിനു ചുറ്റും നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്ന ലക്ഷ്മണന് ഉടനെ അവിടെയെത്തി, ശൂര്‍പ്പണഖയെപ്പിടിച്ചു പുറത്താക്കി അവളുടെ കര്‍ണനാസാകുചങ്ങള്‍ ഛേദിച്ചു കളഞ്ഞു. അതോടെ വൈരൂപ്യം നേരിട്ട അവള് രാക്ഷസരൂപിണിയായി. അഭിമാനക്ഷതവും അംഗവിച്ഛേദത്താലുള്ള വേദനയും സഹിക്കാഞ്ഞ് അവള് അലറി. അത് കേട്ട് ഒന്നുമറിയാത്തവനെപ്പോലെ രാമന് അവിടെയെത്തി.
എന്താണിവിടെ സംഭവിച്ചതെന്ന് ലക്ഷ്മണനോനോട് അന്വേഷിച്ചു. ഈ നീചരാക്ഷസി, ജ്യേഷ്ഠത്തി ഇരിക്കുന്ന മുറിയില്‍ കടന്ന് അക്രമത്തിനൊരുങ്ങിയെന്ന് ലക്ഷ്മണന് പറഞ്ഞു. എന്നാല്‍, ലക്ഷ്മണന് തന്നെ ആക്രമിച്ചെന്ന് രാമനെ ധരിപ്പിക്കാനാണ് ശൂര്‍പ്പണഖ ശ്രമിച്ചത്. ഇവള് ലളിത വേഷധാരിയായി എത്തിയ ഘോരരാക്ഷസിയാണ്. സീതാദേവിയെ അപഹരിക്കാേനാ അപായപ്പെടുത്താനോ ലക്ഷ്യമിട്ടാണ് ഇവളെത്തിയത്. ഞാന്‍ തക്ക സമയത്തെത്തിയിരുന്നില്ലെങ്കില്‍ അത്തരത്തിലുള്ള അനര്‍ഥങ്ങള്‍ ഇവിടെ സംഭവിച്ചേനെ.
തന്റെ കള്ളങ്ങള്‍ വിലപ്പോകില്ലെന്നു മനസ്സിലാക്കിയ ശൂര്‍പ്പണഖ രാമലക്ഷ്മണന്മാരെ വെല്ലുവിളിച്ചു. ‘ നിങ്ങളുടെ ധിക്കാരങ്ങള്‍ക്ക് ഞാന്‍ പ്രതികാരം ചെയ്യും. ഖരദൂഷണത്രിശിരസ്സുകള്‍ എന്റെ കുടുംബ സഹോദരന്മാരാണ്. രാവണന് എന്റെ ജ്യേഷ്ഠനാണ്. അവരെത്തുന്നതോടെ നിങ്ങളുടെ നാശമായിരിക്കും.’
ഇത്രയും പറഞ്ഞ് കൊടുങ്കാറ്റു പോലെയാണ് ശൂര്‍പ്പണഖ അവിടെ നിന്ന് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: