മാറിനില്ക്ക് അങ്ങോട്ട് എന്ന പുതിയ ആക്രോശവുമായി വാര്‍ത്തകളില്‍ നിറഞ്ഞ കേരളമുഖ്യന് പിണറായി വിജയനെ അതിലേക്കുനയിച്ചത് നിരാശയോ ധാര്ഷ്ട്യമോ അസഹിഷ്ണുതയോ എന്ന് തീരുമാനമായിട്ടില്ല. ‘കടക്കു പുറത്ത്’ എന്ന ആദ്യപ്രയോഗത്തിന്റെ ചാര്‍ജ് തീര്‍ന്നു എന്നുതോന്നിയപ്പോഴായിരിക്കാം പുതിയതൊന്ന് എടുത്തു പ്രയോഗിച്ചത്. അതോ, വോട്ടെല്ലാം പെട്ടിയിലായ സ്ഥിതിക്ക് ഇനി അല്പം ധാര്ഷ്ട്യമൊക്കെയാവാം എന്ന ചിന്തയാണോ എന്നും ഉറപ്പില്ല. ഏതായാലും, അടിസ്ഥാന സ്വഭാവം അധികകാലം മറച്ചുപിടിക്കാനാവില്ല എന്നതിന്റെ തെളിവായി മുഖ്യന്റെ പെരുമാറ്റം. തെരഞ്ഞെടുപ്പു കാലമായതിനാല്‍ മുഖത്തു ചിരിവരുത്തി, ഗൗരവം ഒന്നു മയപ്പെടുത്തി പെരുമാറാന്‍ തുടങ്ങിയിട്ടു മാസം ഒന്നുകഴിഞ്ഞു. ആ ശൈലിയും തനിക്കുവഴങ്ങും എന്നു പിണറായി തെളിയിച്ചു വരുന്നതിനിടയിലായിരുന്നു പുതിയ ആക്രോശം. രണ്ടുതവണയും അത് അനുഭവിക്കാന്‍ യോഗമുണ്ടായത് മാധ്യമപ്പടയ്ക്കാണ് എന്നതു യാദൃശ്ചികമാകാന്‍ വഴിയില്ല. പൊതുസമൂഹത്തിന്റെ ജിഹ്വയാണല്ലോ മാധ്യമം. ആ നിലയ്ക്ക് പൊതുജനങ്ങള്‍ക്കുള്ള പങ്കായിരിക്കാം മാധ്യമങ്ങള്‍വഴി നല്‍കിയത്.
വോട്ടെടുപ്പിലെ അഭൂതപൂര്‍വമായ ജനപങ്കാളിത്തത്തേക്കുറിച്ചു ചോദിച്ചപ്പോഴാണല്ലോ അങ്ങോട്ടു മാറിനില്ക്കാന് പറഞ്ഞത്. അതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഞാന്‍ എന്റെ വഴിക്കുനീങ്ങും. ആരുണ്ട് ചോദിക്കാന്‍ എന്ന ധിക്കാരമാണതില് നിറഞ്ഞത്. ഇതേ ധാര്‍ഷ്ട്യം തന്നെയാണ് ശബരിമല വിഷയത്തില്‍ ഹൈന്ദവര്‍ക്കും അതില്‍ പ്രത്യേകിച്ചു വിശ്വാസികള്‍ക്കുമെതിരെ ആളിപ്പടര്‍ന്നതും കേരളമാകെ പൊലീസിന്റെ കിരാതവാഴ്ചയ്ക്കു വഴിതെളിച്ചതും. ഇതിന്റെ പേരില്‍ സീറ്റുകിട്ടാതെ പോയാല്‍ പോകട്ടെ എന്ന അന്നത്തെ പ്രഖ്യാപനങ്ങള്‍ പക്ഷേ, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സൗകര്യപൂര്‍വം മറന്നു. അങ്ങനെ ശബരിമല ശാന്തമായി. പുലഭ്യം പറയുന്ന മന്ത്രിമാരുടെ വായടഞ്ഞു. വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ പത്തിപിന്നെയും വിരിഞ്ഞു.
ഒരു തെരഞ്ഞെടുപ്പിന്റെ കാലാവധി അഞ്ചുവര്‍ഷമാണെന്ന് മുഖ്യമന്ത്രിക്ക് അറിയില്ലെന്നു തോന്നുന്നു. ചൈനയിലെ പ്രസിഡന്റിനേപ്പോലെ ആജീവനാന്തം തനിക്കു പതിച്ചുകിട്ടിയ കസേരയാണ് ഇതെന്നു ധരിച്ചു വശായതു പോലെയുണ്ട് പെരുമാറ്റം. ആ കസേര, ആരുടെമേലും കുതിരകയറാനും ആരേയും ആട്ടിപ്പുറത്താക്കാനുമുള്ള അധികാരവും തനിക്കു നല്‍കുന്നുണ്ടെന്നാണ് ധാരണ. പാര്‍ട്ടിയില്‍ കാണിക്കുന്ന ധാര്‍ഷ്ട്യവും താന്‍പോരിമയും അധികാരഗര്‍വും പൊതുജനത്തോടും ആകാമെന്നും അതിനുള്ള അവകാശമാണു തനിക്കു കിട്ടിയിരിക്കുന്നതെന്നും ധരിച്ചുവച്ചിരിക്കുന്നവരെ പറഞ്ഞു മനസ്സിലാക്കുക എളുപ്പമല്ലതാനും. അധികാരദണ്ഡും പൊലീസ് സേനയും പാര്‍ട്ടിഗുണ്ടകളും അകമ്പടിയുണ്ടെങ്കിലും ജനങ്ങളുടെ വിരല്‍ത്തുമ്പിലാണ് തന്റെ അധികാരത്തിന്റെ ഭാവിയെന്ന് തിരിച്ചറിയാന്‍ ഇനി അധികകാലം ബാക്കിയില്ലല്ലോ. മുഖ്യമന്ത്രി ഒന്നു തറപ്പിച്ചുനോക്കിയാല്‍ ക്ഷേത്രത്തിലെ വൈദ്യുതി ഫ്യൂസ് ഊരാന്‍ ഓടുന്നവര്‍ മാത്രമല്ല സമൂഹത്തിലുള്ളതെന്ന് തിരിച്ചറിയാനിരിക്കുന്നതേയുള്ളു. ക്ഷമിക്കാനും സഹിക്കാനും മാത്രമല്ല ചിന്തിക്കാനും ചിന്തിച്ചു പ്രവര്‍ത്തിക്കാനും അറിയാമെന്ന് സമൂഹം കാണിച്ചുകൊടുത്തിട്ടുണ്ട്. അതാണ് ശബരിമല പ്രശ്നത്തില്‍ അടങ്ങാത്ത അലകളായി കേരളമാകെ നിറഞ്ഞത്. അതിന്റെയൊക്ക യഥാര്‍ഥ ഫലം അറിയാനിരിക്കുന്നതേയുള്ളെന്നു മാത്രം.
ഒരാള്‍ നിലവിട്ടു പെരുമാറുന്നതിനു നാലു കാര്യങ്ങളാണു ശാസ്ത്രം പറയുന്നത്. യൗവ്വനം, ധനസമ്പത്ത്, പ്രഭുത്വം, അവിവേകിത. ഇതില്‍ ഒന്നുതന്നെ ധാരാളമത്രെ പക്വതയില്ലാത്തവരുടെ സമനില തെറ്റിക്കാന്‍. മുഖ്യന് ഇതില്‍ മൂന്നും ബാധകമാണ്. യുവത്വം മാത്രം കൈവിട്ടുപോയി. ആ നിലയ്ക്ക് ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കണം. ഇതിനു മറുപടി നല്‍കേണ്ടത് മാധ്യമങ്ങളോ രാഷ്ട്രീയ നേതൃത്വമോ അല്ല. ജനങ്ങളാണ്. അവര്‍ക്ക് അതിനുള്ള അധികാരമുണ്ട്. ‘കടക്കു പുറത്ത്’ എന്ന് അവര്‍ പറഞ്ഞാല്‍ പുറത്തു കടക്കും, കടക്കണം. അതേയുള്ളൂ പരിഹാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: