തിരുവനന്തപുരം: സംസ്ഥാനത്തെ ഇരുപത് പാര്‍ലമെന്റ് മണ്ഡലങ്ങളിലായി 2.61കോടി വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തിലേക്ക് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ പോകും. രാഷ്ട്രീയ പാര്‍ട്ടികളുടെ ആവനാഴിയിലെ എല്ലാ അമ്പുകളും ആരോപണ പ്രത്യാരോപണങ്ങളായി എയ്തു തീര്‍ത്തു. ചിലര്‍ പറഞ്ഞതില്‍ ഉറച്ച് നിന്നപ്പോള്‍ ചിലര്‍ മലക്കം മറിഞ്ഞു. ഭരണകക്ഷിയില്‍പെട്ടവര്‍ പറഞ്ഞതിനൊക്കെ പുഷ്പകിരീടം അണിഞ്ഞപ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് നിയമത്തിന്റെ മുള്‍ക്കിരീടവും. റഫാല്‍ യുദ്ധവിമാനക്കഥ ഇരുകൂട്ടരും പ്രചാരണത്തില്‍ മിസൈലാക്രണം നടത്തിയെങ്കില്‍ വോട്ടര്‍മാരുടെ ശരണം വിളിയില്‍ എല്ലാം ദിശതെറ്റി അറബിക്കടലില്‍ പതിച്ചതും ശ്രദ്ധേയമായി. കേരളം ഇന്നുവരെ ചര്‍ച്ചചെയ്യാത്ത വിശ്വാസ സംരക്ഷണമായിരുന്നു കേരളത്തിന് പുറമെ അയല്‍ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് ചര്‍ച്ചയായത്.
ആചാര ലംഘനവും വിശ്വാസ സംരക്ഷണവും
മൂന്ന് മാസക്കാലം കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആചാര ലംഘനവും വിശ്വാസ സംരക്ഷണവും. ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് വിശ്വാസ സംരക്ഷണത്തിനായി നാമജപയജ്ഞം നടത്തിയവരെ തല്ലിച്ചതച്ച പോലീസ്. എറിഞ്ഞു കൊന്നതുള്‍പ്പെടെ ചിലരുടെ ജീവന് നഷ്ടമായി. അയ്യായിരത്തോളം കേസുകള്‍. മുപ്പതിനായിത്തോളം പേര് പ്രതികള്‍. നാമജപയജ്ഞം നടത്തിയ വനിതകളെ വരെ കേസിലുള്‍പ്പെടുത്തി. അടിയന്തരാവസ്ഥയെ വെല്ലുന്ന തരത്തിലുള്ള പോലീസ് ഭീകരത നടമാടുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം.
ശബരിമല ചര്‍ച്ച ചെയ്താല്‍ ചട്ട ലംഘനമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. എന്നാല്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ചര്‍ച്ച ചെയ്യുന്ന ബാബ്റി മസ്ജിദ് ചര്‍ച്ചചെയ്യാമെങ്കില്‍ എന്തുകൊണ്ട് ശബരിമല ചര്‍ച്ചചെയ്തുകൂടാ എന്ന ചോദ്യത്തിന് അയ്യപ്പന് എന്ന വാക്കു ഉച്ചരിക്കാതെ യുവതീ പ്രവേശനം ചര്‍ച്ചയാകാമെന്ന സിഇഒയുടെ മറുപടിയോടെ വിശ്വാസ സംരക്ഷണം പ്രചാരണത്തില്‍ മുഖ്യ വിഷയമായി. ഇടതു വലതുമുന്നണികള്‍ ശബരിമല ചര്‍ച്ചചെയ്യാതിരിക്കാന്‍ ആവതും ശ്രമിച്ചെങ്കിലും വിശ്വാസത്തെ ചവുട്ടി മെതിച്ചത് എങ്ങും ചര്‍ച്ചയായതോടെ ഇരൂകൂട്ടര്‍ക്കും വിശ്വാസത്തിനു പിന്നാലെ കൂടേണ്ടതായി വന്നു. വനിതാമതില്‍ സംഘടിപ്പിച്ച ശേഷം രണ്ടു യുവതികളെ മണ്ഡല മകരവിളക്ക് കാലത്ത് മലകയറ്റിയ സര്‍ക്കാര്‍ എന്തുകൊണ്ട് ഇക്കഴിഞ്ഞ മാസപൂജയ്ക്ക് നടതുറന്നപ്പോള്‍ നിലയ്ക്കലില്‍ വച്ച് യുവതികളെ തിരിച്ചയച്ചു?
വിശ്വാസ സംരക്ഷണത്തിന് ബിജെപി പ്രതിജ്ഞാബദ്ധമെന്ന് അഖിലേന്ത്യാ അധ്യഷന്‍ പറഞ്ഞപ്പോള്‍ ദൈവത്തിന്റെ പേരു പറയുന്നവരെ ജയിലില്‍ അടയ്ക്കുകയും മര്‍ദിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇതോടെ ശബരിമല യുവതീ പ്രവേശനം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകില്ലെന്ന് പറഞ്ഞ് നടന്ന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജനങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയേണ്ടതായി വന്നു. എല്ലാ മണ്ഡലങ്ങളിലും ഇതിന്റെ അലയൊലി മുഴങ്ങിയപ്പോള്‍ ചില മണ്ഡലങ്ങളില്‍ ഇരു മുന്നണികളെയും വിറളിപിടിപ്പിച്ച് മുന്നേറുകയാണ് വിശ്വാസ സംരക്ഷണവും ആചാര ലംഘനവും.
കൊലപാതക രാഷ്ട്രീയം
എല്ലാ തെരഞ്ഞെടുപ്പിലും സിപിഎമ്മിനെ വിട്ടുമാറാതെ പിന്തുടരുകയാണ് കൊലപാതക രാഷ്ട്രീയം. കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ട കൊലപാതകവും, കണ്ണൂരില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളും അതാത് മണ്ഡലങ്ങളില്‍ ഒരു പരിധിവരെ തെരഞ്ഞെടുപ്പ് ചര്‍ച്ചയായി. വടകരയില്‍ ടിപി വധക്കേസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേട്ടയാടുന്നുണ്ട്.
പ്രളയദുരന്തം ഡാം ദുരന്തമായി
കേരളത്തെ അഗാധ ദുഃഖത്തിലേക്ക് തള്ളിവിട്ട പ്രളയ ദുരന്തം ഒടുവില്‍ ഡാം ദുരന്തമായി. കനത്ത മഴയാണ് ദുരന്തത്തിന് കാരണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ കണ്ടെത്തല്‍. എന്നാല്‍ നാനൂറിലധികം പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തം മുന്നൊരുക്കങ്ങള്‍ ഇല്ലാതെ ഡാം തുറന്നു വിട്ടതാണെന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ വെട്ടിലായത് സംസ്ഥാന സര്‍ക്കാര്‍.
ചട്ടലംഘനവും നോട്ടീസും
തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ചട്ട ലംഘനത്തിന്റെ പേരില്‍ ഇത്രയധികം നോട്ടീസ് നല്കിയതും ഇക്കുറിയാണ്. ആചാര സംരക്ഷണം മുതല്‍ സ്ത്രീത്വത്തെ അധിക്ഷേപിച്ചതിനു വരെ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്കി. ശബരിമല എന്ന പേര് ഉച്ചരിച്ചതിന് എന്‍ഡിഎ തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥി സുരേഷ്ഗോപി, കോഴക്കേസില്‍ ആരോപിതനായ യുഡിഎഫിലെ കോഴിക്കോട് സ്ഥാനാര്‍ത്ഥി എം.കെ. രാഘവന്, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ വീഡിയോ പ്രചരിച്ചതിന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുധാകരന്, സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്, വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയരാജനെ കൊലയാളി എന്ന് വിളിച്ചെന്ന ആരോപണത്തില്‍ ആര്‍എംപിയുടെ നേതാവ് രമ, വര്‍ഗീയത പ്രചരിപ്പിച്ചു എന്ന ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള തുടങ്ങിയവര്‍ക്കെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ചു.
ഇവിടെ ഗുസ്തി അവിടെ ദോസ്തി
ലോക്സഭാ തെരഞ്ഞെടുപ്പായതിനാല്‍ സംസ്ഥാന രാഷ്ട്രീയത്തെക്കാള്‍ പ്രാധാന്യം ദേശീയ രാഷ്ട്രീയത്തിനാണ്. കേന്ദ്രത്തില്‍ ഒന്നായി നില്ക്കുന്നവര് സംസ്ഥാനത്ത് പരസ്പരം ഏറ്റുമുട്ടുന്നത് എന്തിനെന്ന ചോദ്യമാണ് സംസ്ഥാനത്തുടനീളം ചര്‍ച്ചയായത്. കേരളത്തില്‍ പരസ്പരം കൊമ്പുകോര്‍ത്ത കോണ്‍ഗ്രസും സിപിഎമ്മും തമിഴ്നാട്ടില്‍ ഒരുമിച്ചാണ്.
വടക്കു നിന്ന് പറന്നു വന്ന രാഹുല്‍
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയത് വല്ലാതെ വലച്ചത് സിപിഎമ്മിനെ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് ചെന്നൈയില്‍ ഡിഎംകെ സംഘടിപ്പിച്ച മഹാസഖ്യസമ്മേളനത്തില് കൈകോര്‍ത്തത് പിണറായി വിജയനും രാഹുല്‍ ഗാന്ധിയുമായിരുന്നു. വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐക്കാരന് ആണെങ്കിലും ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടം പിടിക്കുന്നത് സിപിഎമ്മും കോണ്‍ഗ്രസുമായിരുന്നു. എന്നാല്‍ പ്രശ്നം കോണ്‍ഗ്രസ് തന്നെ പരിഹരിച്ചു. വയനാട്ടില്‍ എത്തിയ രാഹുലും സഹോദരി പ്രിയങ്കയും സിപിഎമ്മിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല.
എംഎല്‍എമാരുടെ മത്സരം
സംസ്ഥാന തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആദ്യമായാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ എട്ട് എംഎല്‍എമാര്‍ മത്സരിക്കുന്നത്. എല്‍ഡിഎഫില്‍ നിന്നും അഞ്ച് എംഎല്‍എമാര്‍ മത്സരിക്കുമ്പോള്‍ യുഡിഎഫില്‍ മൂന്ന് എംഎല്‍എമാര്‍ മത്സരിക്കുന്നു. ഇവര്‍ മണ്ഡലം വിട്ടെറിഞ്ഞിട്ട് എന്തിന് മത്സരിക്കുന്നു എന്ന ചോദ്യവും പ്രചാരണത്തില്‍ ഉയര്‍ന്നു.
നാമജപവും മുഖ്യമന്ത്രിക്കു വേണ്ടി ഫ്യൂസ് ഊരലും
മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുന്നതാണ് നാമജപം. കാട്ടാക്കട കാട്ടാല്‍ ദേവീ ക്ഷേത്രത്തിനു സമീപം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ മുഖ്യമന്ത്രിയ്ക്ക,് സമീപത്തെ ക്ഷേത്രത്തില്‍ നിന്നും ഉയര്‍ന്ന നാപജപം അലോസരമായി. പ്രസംഗിക്കാന്‍ എണീറ്റ മുഖ്യമന്ത്രി നാമജപത്തെ തുടര്‍ന്ന് അണികളോട് തട്ടിക്കയറി. മുഖ്യമന്ത്രിയുടെ അലോസരം മാറ്റാന്‍ നിവൃത്തിയില്ലാതെ അണികള്‍ക്ക് ക്ഷേത്രത്തിലെ ഫ്യൂസ് ഊരേണ്ടതായി വന്നു. മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളില്‍ ഇത്തരത്തില്‍ ഫ്യൂസ് ഊരുമോ എന്ന ചോദ്യവും പ്രചാരണത്തില്‍ ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: