ഇന്ത്യന്‍ കരസേനയുടെ ശൗര്യം ചൈനയ്ക്കും പാക്കിസ്ഥാനും വ്യക്തമാക്കിക്കൊടുത്ത മുന്‍ കരസേന ഉപമേധാവിയും മലയാളിയുമാണ് ലഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ്. കൊട്ടാരക്കര കുറുമ്പല്ലൂര് ശാരദാ മന്ദിരത്തില്‍ എന്‍. പ്രഭാകരന് നായരുടെയും ജി. ശാരദാമ്മയുടെയും മകന്. നടുവത്തൂര്‍ ദേവീവിലാസം അപ്പര്‍ പ്രൈമറി സ്കൂളിലും കഴക്കൂട്ടം സൈനിക് സ്കൂളിലും സ്കൂള്‍ വിദ്യാഭ്യാസം. കഴക്കൂട്ടം സൈനിക് സ്കൂള്‍, നാഷനല്‍ ഡിഫന്‍സ് അക്കാദമി, ഇന്ത്യന്‍ മിലിട്ടറി അക്കാദമി എന്നിവയില്‍ ഉപരി പഠനം.
1979-ല്‍ 11-ാം ഗസ്വാള്‍ റൈഫില്‍സില്‍ ചേര്‍ന്ന ശരത് ചന്ദ് ഇന്ത്യയുടെ ശ്രീലങ്കന്‍ ദൗത്യത്തില്‍ കമാന്‍ഡറായും, അരുണാചല്‍-ചൈനീസ് അതിര്‍ത്തിയിലെ ഓപ്പറേഷന് ഫാല്‍ക്കണില്‍ ബറ്റാലിയന് കമാന്‍ഡറായും സേവനം അനുഷ്ഠിച്ചു. അസമിലെ നുഴഞ്ഞുകയറ്റത്തിനെതിരായ ഓപ്പറേഷന് റെയ്നോയിലും, ഇന്തോ-പാക്ക് താര് പ്രദേശത്ത് ബ്രിഗേഡിയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മേജര്‍ ജനറല്‍ റാങ്കില്‍ കശ്മീരില്‍ ഡിവിഷന്റെ മേധാവിയായും സേവനമനുഷ്ഠിച്ചു. ലഫ്റ്റനന്റ് ജനറല്‍ റാങ്കില്‍ അസം-അരുണാചല്‍-ചൈനീസ് അതിര്‍ത്തിയുടെ ചുമതലയുള്ള നാലാം കോറിന്റെ തലവനായിരുന്നു. ഇന്‍ഫന്‍ട്രി സ്കൂളില്‍ കമാന്‍ഡോ വിങ്ങില്‍ ഇന്‍സ്ട്രക്ടര്‍, മൗണ്ടന്‍ബ്രിഗേഡില്‍ ബ്രിഗേഡ് മേജര്‍, ചൈനീസ് അതിര്‍ത്തി ഇന്‍ഫന്‍ട്രി ഡിവിഷനില്‍ കേണല്‍ ജനറല്‍ സ്റ്റാഫ്, സൊമാലിയയിലെ ഐക്യരാഷ്ടസഭാ മിഷനില്‍ സ്റ്റാഫ് ഓഫീസര്‍ എന്നീ നിലകളിലെ അനുഭവ സമ്പത്ത്.
2006-ല്‍ വിശിഷ്ടസേവാ മെഡലും, 2014-ല്‍ അതിവിശിഷ്ട സേവാ മെഡലും നല്കി രാജ്യം ആദരിച്ചു. കരസേന ഉപമേധാവിയായി വിരമിച്ച ശേഷം അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ശരത് ചന്ദ് ‘ജന്മഭൂമി’യോട് സംസാരിക്കുന്നു.
കരസേനയില്‍ സേവനം അനുഷ്ഠിച്ച്, സൈനിക ഉപമേധാവിയായി വിരമിച്ചപ്പോള്‍ എന്തുകൊണ്ടാണ് രാഷ്ട്രീയത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്? എന്തുകൊണ്ടാണ് ബിജെപിയെ തിരഞ്ഞെടുക്കാന്‍ കാരണം?
എനിക്ക് കരസേനയില്‍ നാല്‍പ്പത് വര്‍ഷത്തെ സര്‍വീസുണ്ട്. രാജ്യത്തിന്റെ എല്ലാ അതിര്‍ത്തി മേഖലകളിലും പ്രവര്‍ത്തിക്കാന്‍ സാധിച്ചു. സൈനിക ജീവിതത്തില്‍ കാര്‍ഗില്‍ യുദ്ധത്തിലൊഴികെ എല്ലാ സൈനിക നടപടികളിലും പങ്കാളിയാവാന്‍ കഴിഞ്ഞു. സൈന്യത്തില്‍ നിന്ന് വിരമിക്കുന്നതിന് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മുതിര്‍ന്ന ഉദ്യോഗസ്ഥനായിരിക്കുന്ന കാലയളവില്‍ രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ നിലപാടുകളും നയങ്ങളും നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ സാധിച്ചു. സൈന്യത്തോടുള്ള പെരുമാറ്റം മാത്രമല്ല, രാജ്യത്തിന്റെ എല്ലാ മേഖലകളോടും നരേന്ദ്ര മോദി സര്‍ക്കാരിന്റെ സമീപനം കൃത്യമായി അറിഞ്ഞു. ഇതെല്ലാം വെച്ച് വിലയിരുത്തിയപ്പോള്‍ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ പുരോഗതി മാത്രം ലക്ഷ്യവെച്ചുള്ളതാണെന്ന് മനസ്സിലാക്കാനായി.
സായുധ സേനകളോട് മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികളെക്കാള്‍ കരുതലും, സേനകളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കൂടുതല്‍ ശ്രദ്ധയുമുള്ള, സേനകളുടെ ആധുനികവത്ക്കരണത്തിനുവേണ്ടി നടപടികള്‍ സ്വീകരിക്കുകയും, സേനാംഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണ്.
നരേന്ദ്രമോദിയുടെയും ബിജെപി സര്‍ക്കാരിന്റെയും ഈ നിലപാടുകള്‍ തന്നെയാണ് കരസേന ഉപമേധാവിയായിരുന്ന എന്നെ ബിജെപിയില്‍ എത്തിച്ച ഘടകം. രാജ്യസുരക്ഷയുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ബിജെപി സര്‍ക്കാര്‍ ചെയ്തിട്ടില്ല. അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ കരുത്തുള്ള നിലപാടുകളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.
ഭാരതത്തെ തൊട്ടാല്‍ ഞങ്ങള്‍ വെടിയുണ്ടകള്‍ പിന്നെ എണ്ണാറില്ലെന്നും, വാക്കുകള്‍കൊണ്ട് മറുപടിയില്ല, ഇനി തോക്കുകളാണ് മറുപടി നല്‍കുകയെന്നുമൊക്കെ ആഭ്യന്തരമന്ത്രിയും പ്രതിരോധമന്ത്രിയും പറയുന്നത് നിങ്ങള്‍ കേട്ടിരിക്കുമല്ലോ. ഇത് സത്യമാണ്. സൈന്യത്തിന് മോദി സര്‍ക്കാര്‍ സ്വാതന്ത്ര്യം കൊടുത്തിരിക്കുകയാണ്. ഭാരതത്തെ ആക്രമിച്ചാല്‍ ഒന്നിന് പത്തായി തിരിച്ചടിക്കും.
ഇന്ത്യ -പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനിര്‍ത്തുക എന്നത് പാക്കിസ്ഥാന്റെ നയമാണ്. പാക് സര്‍ക്കാര്‍ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിലും സേന അതിന് സമ്മതിക്കുന്നില്ല. അവര്‍ അതിര്‍ത്തി കലുഷിതമാക്കും. പാക്കിസ്ഥാന്റെ അതിര്‍ത്തിയിലെ നിലപാടുകളെ മോദി സര്‍ക്കാര്‍ എങ്ങനെ നേരിട്ടു എന്നാണ് കരുതുന്നത്?
മുന്‍കാലങ്ങളില്‍ പാക്കിസ്ഥാന് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പതിവായി പ്രകോപനം ഉണ്ടാക്കുമായിരുന്നു. ഇന്ത്യന്‍ സേനയെ പ്രകോപിപ്പിക്കാന്‍ വേണ്ടിയുള്ള തന്ത്രമായിരുന്നു അത്. പക്ഷേ, പാക് പ്രകോപനത്തിന് മറുപടി നല്കണമെങ്കില് സര്‍ക്കാരിന്റെ അനുമതി ആവശ്യമായിരുന്നു. ഇതിനു പുറമേ മോട്ടാര്‍ ഫയറിങ്ങിനും, റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിക്കണമെങ്കിലും സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമായിരുന്നു. അനുമതി തന്നാല്‍ തന്നെ എന്തെങ്കിലും സംഭവിച്ചാല്‍ അതിന് സേന വിശദീകരണം നല്‍കേണ്ടിവന്നിരുന്നു.
ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം അതിനെല്ലാം പൂര്‍ണ്ണമായും മാറ്റം വന്നു. അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടായാല്‍ ഒന്നിന് പത്തായി തിരിച്ചടിക്കണമെന്ന് സര്‍ക്കാര്‍ സേനയ്ക്ക് കൃത്യമായ സന്ദേശം നല്കി. തിരിച്ചടി സേനയുടെ ഇഷ്ടത്തിന് അനുസരിച്ച് ഗ്രൗണ്ടിലുള്ള കമാന്‍ഡര്‍ തീരുമാനിക്കും വിധം ചെയ്യാനും അധികാരം നല്കി. സര്‍ക്കാരിന്റെ ഈ തീരുമാനം സേനയ്ക്കുണ്ടാക്കിയ മനോബലം വലുതാണ്. ഇതിനുശേഷം അതിര്‍ത്തിയില്‍ പാക്കിസ്ഥാന് ഉണ്ടാക്കുന്ന പ്രകോപനങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. ഇത് അതിര്‍ത്തിയിലെ പാക് പ്രകോപനങ്ങള്‍ കുറച്ചു. അതിര്‍ത്തിയില്‍ പ്രകോപനം കുറയുമ്പോള്‍ അവര്‍ നിഴല്‍ യുദ്ധത്തിനാണ് ശ്രമിക്കുന്നത്.
നേരിട്ട് ഇന്ത്യയുമായി ഏറ്റുമുട്ടാന്‍ പാക്കിസ്ഥാന് ശേഷിയില്ല. അങ്ങനെ വന്നാല്‍ നമ്മുടെ സേന മണിക്കൂറുകള്‍കൊണ്ട് പാക്കിസ്ഥാന് പിടിച്ചടക്കും. നേരിട്ട് ഏറ്റുമുട്ടാന്‍ ശേഷിയില്ലാത്തതുകൊണ്ടാണ് പാക്കിസ്ഥാന് നിഴല്‍ യുദ്ധം നടത്താന്‍ ശ്രമിക്കുന്നത്. ഉറിയിലും പുല്‍വാമയിലും നടത്തിയ നിഴല്‍ യുദ്ധത്തിന് ഇന്ത്യ നല്കിയ നിരിച്ചടി ഒരു മുന്നറിയിപ്പ് മാത്രമാണ്.
കശ്മീര്‍ താഴ്വരയിലെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കാന്‍ സാധിക്കും? കശ്മീര്‍ പ്രശ്നത്തില്‍ മുന്‍ സര്‍ക്കാരുകള്‍ എടുത്ത നിലപാടുകള്‍ എങ്ങനെയാണ്?
എല്ലാ സര്‍ക്കാരുകള്‍ക്കും കശ്മീര്‍ വിഷയത്തില്‍ ഒരേ നിലപാടാണുള്ളത്. പല മുന്‍ സര്‍ക്കാരുകളും ശക്തമായ നിലപാട് കശ്മീര്‍ വിഷയത്തില്‍ സ്വീകരിച്ചിട്ടില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ശക്തനായ ഭരണാധികാരിക്കു മാത്രമേ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ സാധിക്കൂ. നരേന്ദ്രമോദി കശ്മീര്‍ വിഷയം കൈകാര്യം ചെയ്യുന്നത് ശക്തമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടാണ്.
ഇപ്പോള്‍ തന്നെ നമുക്ക് കാണാന്‍ സാധിക്കുമല്ലോ, പുല്‍വാമ സംഭവങ്ങള്‍ക്കുശേഷം വിഘടനവാദി നേതാക്കളുടെ സുരക്ഷ ഒഴിവാക്കുന്നു. അവരെ അറസ്റ്റു ചെയ്യുന്നു. ഇതൊക്കെ ചെയ്യാന്‍ പറ്റുന്നത് ശക്തമായ നിലപാടുകള്‍ ഉള്ളതുകൊണ്ടാണ്. കശ്മീര്‍ ജനതയുടെ ഉന്നമനത്തിനുവേണ്ടിയുള്ള നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്. കശ്മീര്‍ താഴ്വരയില് നടക്കുന്നത് പാക്കിസ്ഥാന്റെ പിന്തുണയുള്ള ഭീകരവാദമാണ്.
അവരുടെ ചതിയില്‍പ്പെടുകയാണ് പലപ്പോഴും ജനങ്ങള്‍. കശ്മീര്‍ ജനതയുടെ വിശ്വാസം നേടിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അങ്ങനെ ഉണ്ടായാല്‍ നുഴഞ്ഞുകയറ്റക്കാരുടെ വിവരങ്ങള്‍ കൃത്യമായി സേനയ്ക്ക് അറിയാനും, അതിനെതിരെ നടപടി സ്വീകരിക്കാനും സാധിക്കും. കശ്മീര്‍ ജനതയുടെ ഉന്നമനത്തിനു വേണ്ട നിരവധി കാര്യങ്ങളാണ് കരസേനയുടെ നേതൃത്വത്തില്‍ നടത്തി വരുന്നത്. കശ്മീരിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത് സേനയാണ്.
ഭീകരതയ്ക്കെതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് ലോകത്തിന് നല്കുന്ന സന്ദേശം എന്താണ്? ഇതിനുമുന്‍പ് ഇന്ത്യന്‍ സേന സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുണ്ടോ?
പാക്കിസ്ഥാനൊപ്പം ലോക രാജ്യങ്ങള്‍ക്കും ഇന്ത്യ നല്കിയ സന്ദേശവും മുന്നറിയിപ്പുമാണ് സര്‍ജിക്കല്‍ സ്ട്രൈക്ക്. ഇന്ത്യയില്‍ മുമ്പും സര്‍ജിക്കല്‍ സ്ട്രൈക് നടത്തിയിട്ടുണ്ടെന്ന് ചില രാഷ്ട്രീയക്കാര്‍ പറയുന്നുണ്ടെങ്കിലും, എന്റെ 40 വര്‍ഷത്തെ സൈനിക ജീവിതത്തില്‍ മോദിയല്ലാതെ മറ്റാരും ഇത്തരം ശക്തമായ തീരുമാനം എടുത്തിട്ടില്ല. തങ്ങള്‍ക്ക് ചെയ്യാനാവാതിരുന്നത് മറ്റൊരാള്‍ ചെയ്യുമ്പോള്‍ അത് തങ്ങളുടെ കാലത്തും ചെയ്തിട്ടുണ്ടെന്ന് വാചകമടിക്കുകയാണ്. ശക്തനായ ഭരണാധികാരിക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന ഒന്നാണ് സര്‍ജിക്കല്‍ സ്ട്രൈക്ക്.
പാക്കിസ്ഥാന് ഉറിയിലും പുല്‍വാമയിലും ഒളിഞ്ഞിരുന്ന് ആക്രമണം നടത്തിയപ്പോള്‍ നമ്മള് അതിര്‍ത്തി കടന്ന് നേരിട്ടു ചെന്ന് മറുപടി കൊടുത്തു. സ്ഥലവും സന്ദര്‍ഭവും സമയവും നോക്കി കനത്ത മറുപടി നല്കാന് ആവശ്യപ്പെട്ടത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഞാന്‍ ഒപ്പമുണ്ടെന്നാണ് പറഞ്ഞത്. അതിന്റെ അര്‍ത്ഥം രാജ്യം മൊത്തം സേനയ്ക്ക് പിറകില്‍ ഉണ്ടെന്നാണ്.
പാക്കിസ്ഥാനൊപ്പം ചൈനയും ഇന്ത്യയ്ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടല്ലോ. എങ്ങനെയാണ് ചൈനയുടെ ഭാഗത്തുനിന്നുള്ളവെല്ലുവിളിയെ സേന നേരിടുന്നത്?
പാക്കിസ്ഥാന്റെയും ചൈനയുടെയും ഏതുതരം വെല്ലുവിളി നേരിടാനും ഇന്ന് ഇന്ത്യന്‍ സേന സജ്ജമാണ്. 1962-ലെ ഇന്ത്യ അല്ല 2019-ലെ ഇന്ത്യ. 1962 നു ശേഷം ചൈന പോലും പ്രതിക്ഷിക്കാത്ത രീതിയിലാണ് ദോക്ലാം വിഷയത്തില്‍ ഇന്ത്യ മറുപടി കൊടുത്തത്. ശക്തമായി മുന്നേറണമെന്ന് സൈന്യത്തിന് നിര്‍ദേശം നല്‍കിയത് പ്രധാനമന്ത്രി തന്നെയായിരുന്നു. ഒരുതരി മണ്ണുപോലും നഷ്ടപ്പെടാതെ ഇന്ത്യയും ചൈനയും തമ്മിലുള്ള ദോക്ലാം വിഷയം നയതന്ത്ര പക്വതയോടെയാണ് പരിഹരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് ഷീ ജിന്‍പിങും ചൈനയിലെ വുഹാനില്‍ നടന്ന ഉച്ചകോടിയില്‍ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയിലാണ് പരിഹാരമായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് മേക്ക് ഇന്‍ ഇന്ത്യ. ഈ പദ്ധതി സൈന്യത്തിന് എങ്ങനെ ഗുണം ചെയ്തു?
വിദേശ നിര്‍മ്മിത ഉത്പന്നങ്ങളുടെ ഇറക്കുമതി കുറച്ച് രാജ്യത്തെ ആവശ്യത്തിനുള്ള വസ്തുക്കള്‍ നമ്മുടെ രാജ്യത്ത് ഉത്പാദിപ്പിക്കുന്നതിനു വേണ്ടിയാണ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതി. സൈന്യത്തെ സംബന്ധിച്ച് നോക്കുമ്പോള്‍ നമ്മള് പല ആയുധങ്ങളും പുറത്തുനിന്ന് വാങ്ങുകയാണ്. തോക്കുകള്‍ മുതല്‍ ഒട്ടുമിക്ക ആയുധങ്ങളും വാങ്ങിയാണ് ഉപയോഗിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നമുക്ക് ആവശ്യമായ ആയുധങ്ങള്‍ നമ്മുടെ രാജ്യത്ത് തന്നെ നിര്‍മ്മിച്ച് തുടങ്ങിയിട്ടുണ്ട്. അടുത്തിടെ രാജ്യത്തിന് പ്രധാനമന്ത്രി സമര്‍പ്പിച്ച അര്ജുന് ടാങ്ക് പ്രധാനപ്പെട്ടതാണ്.
ഇന്ത്യയുടെ ആദ്യത്തെ തദ്ദേശ നിര്‍മിത മെയിന്‍ ബാറ്റില്‍ ടാങ്ക് ആണ് അര്ജുന്. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് കരസേനയ്ക്കുവേണ്ടി മൂന്നാം തലമുറ ടാങ്ക് വികസിപ്പിച്ചത്. 120 മില്ലീമീറ്റര്‍ റൈഫിള്‍സ് തോക്ക്, അതിനോടു ചേര്‍ന്ന് ഘടിപ്പിച്ച 7.62 മില്ലീമീറ്റര്‍ യന്ത്രത്തോക്ക്, മറ്റൊരു 12.7 മില്ലീമീറ്റര്‍ വിമാനവേധതോക്ക് എന്നിവയാണ് പ്രധാന ആയുധങ്ങള്‍. വിദേശ നിര്‍മ്മിത ടാങ്കുകളേക്കാള്‍ അക്രമകാരിയാണ് അര്ജുന്. ഇതുകൂടാതെ ഉത്തര്‍പ്രദേശിലെ അമേഠി ജില്ലയില്‍ എ.കെ 203 വിഭാഗത്തില്‍പ്പെട്ട തോക്കുകളുടെ നിര്‍മ്മാണം ആരംഭിച്ചിരിക്കുകയാണ്. എ.കെ.203 തോക്ക് എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാന്‍ പറ്റുന്നതാണ്.
വ്യോമസേനയില്‍ തേജസ് പോര്‍വിമാനങ്ങളും തദ്ദേശീയമായി നിര്‍മ്മിച്ചവയാണ്. എല്ലാ ആയുധങ്ങളും ഇന്ത്യയില്‍ നിര്‍മ്മിച്ചാല്‍, അതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അത് രാജ്യത്തിനും സേനകള്‍ക്കും വലിയ കരുത്താകുമെന്നാണ് എന്റെ അഭിപ്രായം.
ഇപ്പോള്‍ ബിജെപിയില്‍ അംഗമായിരിക്കുകയാണല്ലോ. എങ്ങനെയാവും ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍?
രാജ്യസുരക്ഷയ്ക്ക് ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തണമെന്നാണ് ആഗ്രഹം. രാജ്യസുരക്ഷ ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാവാത്ത വിശാല സഖ്യം അധികാരത്തില്‍ വരാന്‍ ഇടയാവരുത്. ബിജെപിയുടെ സാധാരണ പ്രവര്‍ത്തകനായി നിന്ന് രാജ്യ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: