ന്യൂദല്‍ഹി: ലോക്സഭയിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 65 ശതമാനത്തിലേറെ പോളിങ്. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടന്ന വോട്ടെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ആന്ധ്രയിലെ അനന്ത്പൂരിലാണ് ടിആര്‍എസ്-വൈഎസ്ആര്‍ കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ഇരുപാര്‍ട്ടികളിലെയും ഓരോ പ്രവര്‍ത്തകര്‍ വീതം കൊല്ലപ്പെട്ടത്. ഇവിടെ ജനസേന എംഎല്‍എ മധുസൂദന്‍ ഗുപ്ത വോട്ടിംഗ് യന്ത്രം തല്ലിത്തകര്‍ത്തു. മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിലെ വസേഗരിയില് പോളിംഗ് ബൂത്തില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ബോംബ് പൊട്ടിയെങ്കിലും ആര്‍ക്കും ജീവാപായമില്ല. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ശക്തികേന്ദ്രമായ ബസ്തറില്‍ നടന്ന വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. 56 ശതമാനം പോളിങ് ബസ്തറിലുണ്ട്. ഇവിടെയാണ് കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എ കുഴിബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
ആന്ധ്രാപ്രദേശിലാണ് ഇത്തവണ വ്യാപകമായ അക്രമ സംഭവങ്ങളുണ്ടായത്. വോട്ടിംഗ് മെഷീന് തകരാറുകള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ആന്ധ്രയില്‍ ആറിടത്തും അരുണാചലില്‍ അഞ്ചിടത്തും മണിപ്പൂരില്‍ രണ്ടിടത്തും ബീഹാറിലും ബംഗാളിലും ഓരോ ബൂത്തുകളിലും വീതം മാത്രമാണ് വോട്ടിംഗ് യന്ത്രം തകരാറിലായതെന്ന് കമ്മീഷന് അറിയിച്ചു.
ഉത്തര്‍പ്രദേശിലെ കൈരാനയില്‍ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വോട്ട് ചെയ്യാന്‍ ശ്രമിച്ചവരെ സുരക്ഷാ സേന ആകാശത്തേക്ക് വെടിയുതിര്‍ത്ത് തുരത്തി. ഒഡീഷയിലെ ചില ബൂത്തുകളില്‍ മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് ആരും വോട്ട് ചെയ്യാന്‍ എത്തിയില്ല. ബംഗാളില്‍ തൃണമൂല്‍ ശക്തികേന്ദ്രങ്ങളില്‍ വ്യാപകമായ കള്ളവോട്ട് നടന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. കൂച്ച്ബിഹാറിലെ ഒരു ബൂത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ വോട്ടിംഗ് യന്ത്രം തട്ടിയെടുത്ത് വോട്ടുകള്‍ ചെയ്തതായി ബിജെപി പരാതി നല്കി.
ഒഡീഷ, അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും ഇന്നലെ നടന്നു. ഏപ്രില്‍ 18നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. പതിമൂന്ന് സംസ്ഥാനങ്ങളിലെ 97 ലോക്സഭാ സീറ്റുകളിലേക്കാണ് 18ന് വോട്ടെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: