കൊച്ചി: മത്സ്യത്തൊഴിലാളികളും ഇടത്തരം കര്‍ഷകരും കോര്‍പ്പറേറ്റുകളും ഐടി വിദഗ്ധരും വന്‍കിട-ചെറുകിട കച്ചവടക്കാരും സര്‍ക്കാര്‍ ജീവനക്കാരും എല്ലാം ചേര്‍ന്ന ജനസമൂഹം ഉള്‍പ്പെടുന്ന മണ്ഡലം. വീടുകളിലും ഫ്ളാറ്റുകളിലുമായി രണ്ട് സംസ്കാരത്തില്‍ ജീവിക്കുന്ന ജനങ്ങള്‍. ജൂതരും ഗുജറാത്തികളും തമിഴരും വലിയ തോതില്‍ വോട്ടര്‍മാരായുണ്ട്. സാമുദായിക പരിഗണനകള്‍ക്കും മുന്തിയ സ്ഥാനമുള്ള മണ്ഡലമാണ് എറണാകുളം.
ആദ്യം തുടങ്ങിയവരെന്നും മണ്ഡലം കൈയാളുന്നവരെന്നും മറ്റുമുള്ള അവകാശവാദങ്ങള്‍ക്ക് കഴമ്പില്ലാതായി. കരുത്തരാണ് ഏറ്റുമുട്ടുന്നത്. എന്‍ഡിഎക്കു വേണ്ടി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും സ്ഥാനാര്‍ത്ഥിയായതോടെ മത്സരം തീവ്രമായി. തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചച്ചൂടിലെത്തി നില്ക്കുമ്പോള്, മുമ്പൊക്കെ വിജയം ഇടത്തോ വലത്തോ എന്നു മാത്രം ചര്‍ച്ച ചെയ്തിരുന്ന രാഷ്ട്രീയ നിരീക്ഷകര്‍ ഇത്തവണ ദേശീയ ജനാധിപത്യ മുന്നണിയുടെ സാധ്യതയും വിശകലനം ചെയ്യുന്നു.
കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥന്, വ്യത്യസ്തതയുള്ള രാഷ്ട്രീയക്കാരന്, കഴിവ് തെളിയിച്ച മന്ത്രി, ജനങ്ങള്‍ക്കൊപ്പം നിന്ന ജനപ്രതിനിധി എന്നിങ്ങനെ വ്യാവസായിക തലസ്ഥാനമായ എറണാകുളത്തിന് ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെത്തന്നെയാണ് എന്‍ഡിഎ അവതരിപ്പിക്കുന്നത്. 2014 ല്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന് ഒരു ലക്ഷത്തോളം വോട്ട് മണ്ഡലത്തില്‍ നേടി. അന്ന് ബിജെപി തനിച്ചായിരുന്നു. ബിഡിജെഎസ് പിന്തുണയോടെ കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ എറണാകുളം ലോക്സഭ മണ്ഡലത്തിലെ ഏഴ് മണ്ഡലങ്ങളിലായി എന്‍ഡിഎയുടെ വോട്ടുകള്‍ ഒന്നര ലക്ഷത്തിന് മുകളിലായി.
മോദി ഭരണം വീണ്ടും വരണം, എറണാകുളത്തിന് ഒരു കേന്ദ്രമന്ത്രി എന്ന പ്രചാരണവുമായി മുന്നേറുന്ന കണ്ണന്താനത്തിന് ഭരണനേട്ടവും ശബരിമല യുവതീപ്രവേശന വിഷയവും കുടുതല്‍ കരുത്തേകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
മുന്‍രാജ്യസഭ എംപിയും ദീര്‍ഘകാലം സിപിഎം ജില്ലാസെക്രട്ടറിയും ആയിരുന്ന പി. രാജീവാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. 1967 നു ശേഷം ഇതുവരെ കമ്യൂണിസ്റ്റ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ഒരു സ്ഥാനാര്‍ത്ഥി പോലും എറണാകുളത്ത് നിന്ന് ലോക്സഭയിലെത്തിയിട്ടില്ല. 2009നു ശേഷം അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത് ഇത്തവണയാണ്. എറണാകുളം മണ്ഡലം മിക്കപ്പോഴും കോണ്‍ഗ്രസ്സിനൊപ്പമായിരുന്നു. രണ്ട് ഉപതെരഞ്ഞെടുപ്പുകളടക്കം നടന്ന 17 തെരഞ്ഞെടുപ്പുകളില്‍ അഞ്ച് തവണ മാത്രമാണ് ഇടതുപക്ഷം ജയിച്ചത്.
സിറ്റിങ് എംപി കെ.വി. തോമസിനെ തഴഞ്ഞാണ് ഹൈബി ഈഡനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. അച്ഛന് ജോര്‍ജ് ഈഡന് രണ്ട് തവണ എംപിയായിരുന്ന മണ്ഡലത്തില്‍ നിന്നാണ് ഹൈബിയും പോരിന് ഇറങ്ങുന്നത്. മണ്ഡലത്തിന്റെ സാമുദായിക പരിഗണന അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. കെ.വി. തോമസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി രേഖപ്പെടുത്തി ആദ്യം പ്രതികരിച്ചത് യുഡിഎഫിന് കല്ലുകടിയായി.
പറവൂര്‍, വൈപ്പിന്‍, എറണാകുളം, കൊച്ചി, തൃക്കാക്കര, കളമശ്ശേരി, തൃപ്പൂണിത്തുറ നിയമസഭ മണ്ഡലങ്ങളാണ് എറണാകുളം ലോക്സഭ മണ്ഡല പരിധിയില്‍. ഇതില്‍ വൈപ്പിന്‍, തൃപ്പൂണിത്തുറ, കൊച്ചി എന്നിവിടങ്ങളില്‍ ഇടതു മുന്നണിക്കും ബാക്കി മണ്ഡലങ്ങളില്‍ യുഡിഎഫിനുമാണ് മുന്‍തൂക്കം. എന്നാല്‍ ഇത്തവണ ഈ പഴയ കണക്കുകളെല്ലാം തകിടംമറിയുമോ എന്നാണ് ജനങ്ങള്‍ സംശയിക്കുന്നത്. കരുത്തരായ മുന്നുപേര്‍ ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ ശക്തമായ ഒരു ത്രികോണ മത്സരം തന്നെ ഇക്കുറി പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: