ഇടുക്കി: കുറിഞ്ഞിമല ഉദ്യാനത്തിലെ മനുഷ്യനിര്‍മിത കാട്ടുതീയില്‍ നീലക്കുറിഞ്ഞിയുടെ വിത്തുകള്‍ക്ക് വ്യാപകനാശം സംഭവിച്ചതായി നിഗമനം. വേനല്‍മഴ കുറഞ്ഞതിന് പിന്നാലെ ഉണ്ടായ കാട്ടുതീയില്‍ നിര്‍ദിഷ്ട കുറിഞ്ഞി ഉദ്യാനത്തില്‍പ്പെട്ട വട്ടവട കടവരിയിലെ 100 ഏക്കറിലധികം സ്ഥലമാണ് അഗ്നിക്കിരയായത്. സംഭവത്തില്‍ ഉദ്യോഗസ്ഥ തലത്തിലുണ്ടായ വീഴ്ചക്കെതിരെ ശക്തമായ പ്രതിഷേധവുമായി പ്രകൃതിസ്നേഹികളും രംഗത്തെത്തി.
കഴിഞ്ഞ സീസണില്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ കുറിഞ്ഞി പൂവിട്ട മേഖലയാണിത്. ഇത്തരത്തില്‍ തീപിടിക്കാറുണ്ടെങ്കിലും അപൂര്‍വമായി മാത്രമാണ് വ്യാപകമായി തീപടരുന്നതെന്ന് കുറിഞ്ഞിയുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന പാലാ സെ. തോമസ് കോളേജിലെ ബോട്ടണി വിഭാഗം മേധാവി പ്രൊഫ. ജോമി അഗസ്റ്റിന് ജന്മഭൂമിയോട് പറഞ്ഞു.
പൂക്കാലത്തിന് ശേഷം ജനുവരിയോടെയാണ് വിത്തുകള്‍ (നഗ്നനേത്രം കൊണ്ട് കാണാന്‍ സാധിക്കുന്നതിലും ചെറുത്) മണ്ണില്‍ വേര്‍പ്പെട്ട് വരുന്നത്. ഇതിന് ശേഷം ഫെബ്രുവരിയോടെ വേനല്‍ മഴ ലഭിക്കും. ഇതോടെ വിത്തുകള്‍ മണ്ണിലേക്ക് ഇറങ്ങും. ഇതിന് പിന്നാലെ ചെറിയ തീപിടിത്തം ഉണ്ടായാലും വിത്തുകള്‍ക്ക് പൊള്ളലേല്‍ക്കില്ല.
കുറിഞ്ഞി പൂക്കാലത്തിന് ശേഷം കൂട്ടത്തോടെ നില്ക്കുന്ന മാതൃചെടികള്‍ ഈ സമയം കരിഞ്ഞുണങ്ങും. ഇതുമൂലം കിഴക്കന്‍ ചെരിവിലെ ഇലപൊഴിയും കാടുകളിലും പുല്‍മേടുകളിലും തീപിടിത്തതിന് സാധ്യത ഏറെയാണ്. ഉണങ്ങി നില്ക്കുന്ന ഇവയെല്ലാം വേനല്‍മഴയില്‍ പൊടിഞ്ഞ് നശിക്കുന്നതിനാല്‍ തീപിടിത്തം കാര്യമായി ബാധിക്കാറില്ല. ഈ വര്‍ഷം കാലവര്‍ഷം ശക്തമായിരുന്നതിനാല്‍ കുറിഞ്ഞി പൂത്തതിന്റെ അളവില്‍ ഗണ്യമായ കുറവ് വന്നിരുന്നു.
പിന്നാലെ വേനല്‍മഴ കുറഞ്ഞതും വ്യാപകമായ കാട്ടുതീയും എത് തരത്തില്‍ ബാധിക്കുമെന്ന് വിദഗ്ധ പഠനത്തിലൂടെ മാത്രമെ വ്യക്തമാകൂവെന്നും ജോമി അഗസ്റ്റിന് പറയുന്നു. ജൂണ്‍-ജൂലൈ മാസത്തിലാണ് ഇനി ഈ വിത്തുകള്‍ മുളയ്ക്കുക. ഈ സമയം പഠനം നടത്തി നിശ്ചിത വിസ്തൃതിയിലെ ഇവയുടെ അളവ് എടുത്തെങ്കില്‍ മാത്രമെ 2030ലെ പൂക്കാലം എങ്ങനെയാകുമെന്ന് പറയാന്‍ സാധിക്കൂ. കൂട്ടത്തോടെ വളരുന്ന കുറിഞ്ഞികളുടെ ഈ സമയത്തെ പരമാവധി വലിപ്പം രണ്ട് സെ.മീ. മാത്രമായിരിക്കും. ഇവയുടെ എണ്ണം കുറയുന്നതിന് അനുസരിച്ച് പൂക്കാലവും ശുഷ്കിക്കും.
സംരക്ഷിത മേഖല ഉണ്ടായതിനാല്‍ കുറിഞ്ഞി പൂക്കാലം ഇല്ലാതാകില്ല, എന്നാല്‍ കുറിഞ്ഞിയുടെ വ്യാപ്തി കുറയുന്നത് പ്രകൃതിയുടെ ഈ അപൂര്‍വകാഴ്ചയെ സാരമായി ബാധിക്കും. വിത്തുകള്‍ കരിഞ്ഞ് പോയിട്ടുണ്ടെങ്കില്‍ അത് വലിയ ദുരന്തമാകും വരുത്തിവെയ്ക്കുക എന്നും പ്രൊഫസര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: