കൊച്ചി: മഹാപ്രളയം സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ച മൂലം ഉണ്ടായതാണെന്ന ഹൈക്കോടതി അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനും ഇടതു മുന്നണിക്കും കീറാമുട്ടിയാകും. പ്രചാരണം ചൂടുപിടിക്കുന്നതോടെ ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് സര്‍ക്കാര്‍ വിഷമിക്കും.
രാഷ്ട്രീയ ആരോപണങ്ങള്‍ പോലെ പെട്ടെന്ന് നിഷേധിക്കാന്‍ പറ്റുന്ന ഒന്നല്ല അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരം ഫയലുകള്‍ പരിശോധിച്ച് പ്രളയം ബാധിച്ച മേഖലകള്‍ സന്ദര്‍ശിച്ച് വിദഗ്ധാഭിപ്രായം സ്വരൂപിച്ച് തയാറാക്കിയതാണ് റിപ്പോര്‍ട്ട്. ഹൈക്കോടതിക്കു വേണ്ടി തയാറാക്കിയതായതിനാല്‍ അതിന് വിശ്വാസ്യതയുമുണ്ട്.
ആദ്യ വെള്ളപ്പൊക്കമുണ്ടായ സമയം മുതലുള്ള സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ച് രൂപീകരിച്ച റിപ്പോര്‍ട്ടില്‍ മുന്‍പുള്ള പഠനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കാരിന്റെ മുഴുവന്‍ പാളിച്ചകളും അക്കമിട്ട് നിരത്തിയിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട നിരീക്ഷണങ്ങള്‍ മൂന്നാണ്.
ഒന്ന്: സംസ്ഥാനത്തെ 79 ഡാമുകളും ആദ്യ മഴയില്‍ തന്നെ നിറഞ്ഞിരുന്നു. രണ്ടാമത് കനത്ത മഴ വന്നപ്പോള്‍ ഒരൊറ്റ ഡാമിലും കൂടുതല്‍ വെള്ളം സംഭരിക്കാന്‍ കഴിയുമായിരുന്നില്ല. ഇത് വൈദ്യുതി വകുപ്പിനും ഡാം സുരക്ഷാ അതോറിറ്റിക്കുമുള്ള കുറ്റപത്രമാണ്. അതാണ് മന്ത്രി എം.എം. മണി രോഷാകുലനാകാന്‍ കാരണവും. നേരത്തെ ഡാമുകള്‍ നിറഞ്ഞിട്ടും അത് തുറന്നുവിടാത്തതെന്തെന്ന ചോദ്യത്തിന് മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും ഡാം സുരക്ഷാ അതോറിറ്റിക്കും കൃത്യമായ ഉത്തരമില്ല. കൂടുതല്‍ വൈദ്യുതിയുണ്ടാക്കാന്‍ കഴിയുന്നത്ര വെള്ളം സംഭരിച്ചു വയ്ക്കാനാണ് സര്‍ക്കാര്‍ തുനിഞ്ഞതെന്ന് അന്നേ ആക്ഷേപം ഉണ്ടായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇത് നിഷേധിക്കുകയാണ് ചെയ്തത്. ഡാം മനഃപൂര്‍വം തുറന്നുവിടാത്തതാണെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് തെളിയുന്നത്.
രണ്ട്: ഡാം തുറക്കുന്നതില്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയില്ല. ഗതികെട്ട് ഡാമുകള്‍ തുറന്നുവിട്ടപ്പോള്‍ പോലും അശ്രദ്ധയാണ് കാണിച്ചത്. ഒരുമുന്നറിപ്പുമില്ലാതെയാണ് പത്തനംതിട്ടയിലെ ഡാമുകള്‍ തുറന്നുവിട്ടതെന്നും ഇതാണ് ചെങ്ങന്നൂര്‍, തിരുവല്ല അടക്കമുള്ള മേഖലകളില്‍ ദുരന്തം വിതച്ചതെന്നും അന്ന് ജന്മഭൂമിയാണ് ആദ്യം റിപ്പോര്‍ട്ടു ചെയ്തത്. പിന്നീട് മറ്റുള്ളവരും ഇതേ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് ഈ ആക്ഷേപം സര്‍ക്കാര്‍ തള്ളി. കൃത്യമായ മുന്നറിപ്പ് ഇല്ലാതെയാണ് ഇവ തുറന്നുവിട്ടതെന്നത് ഇപ്പോള്‍ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലും പറയുന്നു,
മൂന്ന്: അഭൂതപൂര്‍വമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുകള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിട്ടും ഒരു നടപടിയും കൈക്കൊള്ളാത്തതും സര്‍ക്കാരിന്റെ വീഴ്ച തന്നെ. മുന്‍പ് ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു, മുന്‍കരുതല്‍ സ്വീകരിച്ചു എന്നൊക്കെ പറഞ്ഞ് സര്‍ക്കാര്‍ തലയൂരി. മുന്നറിയിപ്പുകള്‍ക്ക് അനുസരിച്ച് കൃത്യമായ ഒരു നടപടിയും സര്‍ക്കാര്‍ എടുത്തില്ലെന്ന് അമിക്കസ് ക്യൂറി അടിവരയിട്ട് പറയുന്നു. മാത്രമല്ല, ഡാമുകള്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കര്‍മപദ്ധതിയുണ്ട്. എന്നാല്‍, സര്‍ക്കാര്‍ കൈക്കൊണ്ട ഒരു നടപടിയും ഇതുപ്രകാരമായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ഡാം സുരക്ഷാ സമിതി നോക്കുകുത്തിയാണെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തം. ഇതും സര്‍ക്കാരിനെതിരായ പരാമര്‍ശം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: