ഇന്ത്യ ഒന്നാണ് എന്ന സന്ദേശം നല്‍കാനാണ് ഇത്തവണ തെക്കേ ഇന്ത്യയിലും വടക്കേ ഇന്ത്യയിലും മത്സരിക്കുന്നതെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. പലതരം സംസ്കാരങ്ങളും ഭാഷകളും ജീവിതരീതികളും ഈ രാജ്യത്തിനുണ്ട്. അതെല്ലാം മാനിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ആര്‍എസ്എസും മോദിയും മുന്നോട്ട് വയ്ക്കുന്നത് വിഭജന രാഷ്ട്രീയമാണ്. സാംസ്കാരികമായും ഭാഷാപരമായും ദക്ഷിണേന്ത്യയെ അവഗണിക്കുകയാണ് എന്നൊക്കെയാണ് വയനാട്ടില്‍ മത്സരിക്കാനെത്തിയതിന്റെ കാരണമായി രാഹുല്‍ കണ്ടെത്തിയിരിക്കുന്നത്.
ഇന്ത്യ ഒന്നാണെന്ന തോന്നല്‍ രാഹുലിന് ഇപ്പോഴാണോ ഉണ്ടായതെന്ന് ചോദിക്കരുത്. തെക്കേഇന്ത്യയിലും വടക്കേ ഇന്ത്യയിലും മത്സരിക്കാതിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന് ഇന്ത്യയെ ഒന്നായിക്കാണാന്‍ കഴിഞ്ഞിരുന്നില്ലേയെന്നും സംശയിക്കരുത്. മോദി സര്‍ക്കാര്‍ ദക്ഷിണേന്ത്യയെ അവഗണിച്ചുവെന്ന രാഹുലിന്റെ ആരോപണത്തിന്റെ അടിസ്ഥാനം എന്തെന്ന് വ്യക്തമല്ല. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഉള്‍പ്പെടെ ഒരു ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിയും കേന്ദ്ര അവഗണന എന്നു പറഞ്ഞ് ബഹളം വയ്ക്കാന്‍ തയാറായിട്ടില്ല. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുന്നതിന്റെ പേരില്‍ അവിടത്തെ മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ തിരിഞ്ഞതുമാത്രമാണ് അപവാദം. ആവശ്യപ്പെടുന്നതെല്ലാം കേന്ദ്രം തരാറുണ്ടെന്നു കേരള മുഖ്യമന്ത്രി ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.
നാല് വോട്ടിനുവേണ്ടി-ദക്ഷിണേന്ത്യന്‍ ഉത്തരേന്ത്യന്‍ വിദ്വേഷം വളര്‍ത്താനുള്ള രാഹുലിന്റെ കുടിലബുദ്ധി വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കലാണ്. ദക്ഷിണേന്ത്യയില്‍ ബിജെപി ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയത പരത്തുന്നുവെന്ന രാഹുലിന്റെ കണ്ടെത്തല്‍ രാഷ്ട്രവിരുദ്ധമാണ്. വയനാട് ഉള്‍പ്പെടുന്ന മലബാറിനെക്കുറിച്ച് ചുക്കും ചുണ്ണാമ്പും കോണ്‍ഗ്രസ് അധ്യക്ഷന്‍ അറിയില്ലെന്നതിന്റെ തെളിവാണ് ഇത്തരം ആരോപണങ്ങള്‍.
അമേഠിയില്‍ തോല്‍ക്കുമെന്ന ഭയമാണ് സുരക്ഷിതമണ്ഡലമെന്ന് പൊതുവെ കോണ്‍ഗ്രസുകാര്‍ കരുതുന്ന വയനാട്ടിലേക്ക് വരാന്‍ രാഹുലിനെ പ്രേരിപ്പിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും അറിയാവുന്ന കാര്യമാണ്. ഒരേ തൂവല്പക്ഷികളായ ഇടതുപക്ഷത്തോട് മത്സരിക്കുന്നതിന്റെ ജാള്യതമാത്രമായിരുന്നു തടസ്സം. രാഹുല്‍ അക്കാര്യത്തില്‍ ഇന്നലെ നിലപാട് വ്യക്തമാക്കി. സിപിഎമ്മിനെതിരെ ഒന്നും മിണ്ടില്ലെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പരസ്യമായി പറയുന്നത്. സിപിഎമ്മിന്റെ ആക്രമണങ്ങള്‍ ഏറ്റുവാങ്ങും. അവര്‍ എന്തുപറഞ്ഞാലും അവര്‍ക്കെതിരെ എന്റെ വായില്‍നിന്ന് ഒന്നും വരില്ല എന്നത് മച്ചാ-മച്ചാ ഏര്പ്പാടല്ലെങ്കില് പിന്നെന്താണ്?
എങ്ങനെയെങ്കിലും എവിടെനിന്നെങ്കിലും ജയിക്കുക എന്നതിലപ്പുറം യാതൊരു ഉദ്ദേശ്യവും വയനാട്ടിലെ മത്സരത്തിനില്ലെന്ന് വ്യക്തമാണ്. തെക്കേ ഇന്ത്യന്‍, വടക്കേ ഇന്ത്യന്‍ ഭേദചിന്ത വളര്‍ത്തുന്നത് താല്‍ക്കാലിക ലാഭം കൊണ്ടുവന്നേക്കാം. പക്ഷെ കോണ്‍ഗ്രസ് പോലെ ഒരു പാര്‍ട്ടിയുടെ അധ്യക്ഷന്‍ പരസ്യമായി വിഭജന രാഷ്ട്രീയത്തിന് തയാറാകുന്നത് ആശാസ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: