കൊച്ചി: സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ മുഖപ്രസംഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിശേഷിപ്പിച്ചത് വിവാദമായപ്പോള്‍ പാര്‍ട്ടി തിരുത്തുമെന്നറിയിച്ചു. പത്രത്തിന്റെ റസിഡന്റ് എഡിറ്റര്‍ അതില്‍ ഖേദം പ്രകടിപ്പിച്ചു.
പത്രം ‘പപ്പുമോന്’ എന്ന് എഴുതിയിട്ടില്ലെങ്കിലും തിരുത്തില്‍ പപ്പു, സ്നേഹം മൂത്തപ്പോള്‍ പപ്പുമോനായി. എന്നാല്‍, പപ്പുവിനെ വിടുക, പപ്പുവിന്റെ സ്ട്രൈക്കിനേയും വിടുക. പാര്‍ട്ടി നയമായി പാര്‍ട്ടിപ്പത്രത്തിന്റെ മുഖപ്രസംഗത്തിലൂടെ വന്ന കാര്യങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. അത് പാര്‍ട്ടി നിലപാടുതന്നെയോ എന്നതാണ് വിഷയം.
മുഖപ്രസംഗത്തില്‍ പറയുന്നത് രണ്ട് ഗൗരവ വിഷയങ്ങളാണ്; ഒന്ന്: ”ന്യൂനപക്ഷം ഭൂരിപക്ഷമായ മണ്ഡലമാണ് വയനാട്,” രണ്ട്: ”എസ്ഡിപിഐ മതതീവ്രവാദ പ്രസ്ഥാനമാണ്.” ഇതു രണ്ടും പാര്‍ട്ടി നയ-നിലപാടുകളാണോ?
മുസ്ലിങ്ങള്‍ക്ക് ഇഎംഎസ് സര്‍ക്കാര്‍ പ്രത്യുപകാരമായി അനുവദിച്ച മലപ്പുറം ജില്ലയ്ക്കു പിന്നാലേ വയനാടിനെ ഭൂരിപക്ഷം ന്യൂനപക്ഷമായ ലോക്സഭാ മണ്ഡലമായി വിശേഷിപ്പിച്ചതിലൂടെ പാര്‍ട്ടി നല്കുന്ന സൂചന എന്താണ്. രാഹുല്‍ അമേഠിയില്‍നിന്ന് ന്യൂനപക്ഷ മതവിഭാഗത്തിന്റെ സംരക്ഷണം തേടി വയനാട്ടിലേക്ക് പോയെന്ന ബിജെപിയുടെ പ്രസ്താവനയെ വിമര്‍ശിച്ച സിപിഎം തന്നെയല്ലേ ഇത് പറയുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചോദിക്കുന്നു. വയനാട്ടിലും ന്യൂനപക്ഷ വോട്ടിലാണ് രാഹുലിന്റെ കണ്ണെന്ന മുഖപ്രസംഗ വിമര്‍ശനം വാസ്തവത്തില്‍ പാര്‍ട്ടിയെ സ്വയം തുറന്നുകാട്ടുന്നതാണ്.
വയനാട്ടില്‍ രാഹുല്‍ മുസ്ലിംലീഗിന്റെ കാലില്‍ വീഴുന്നു. മുസ്ലിംലീഗാകട്ടെ എസ്ഡിപിഐ എന്ന തീവ്രവാദ പ്രസ്ഥാനത്തിന്റെ പിന്നാലെയാണ്. ‘എസ്ഡിപിഐ തീവ്രവാദ പ്രസ്ഥാന’മാണെന്ന് പറയുന്നത് സംസ്ഥാനത്തെ ഭരണകക്ഷിയായ സിപിഎമ്മാണ്. ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി, സ്വന്തം പാര്‍ട്ടി തീവ്രവാദ പാര്‍ട്ടിയെന്ന് സ്ഥാപിക്കുന്ന എസ്ഡിപിഐക്കെതിരേ എന്തു നടപടിയെടുത്തു? എടുക്കും? എസ്ഡിപിഐയെ നിരോധിക്കുമോ? നിരോധിക്കാന്‍ േകന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ? ഏറ്റവും ചുരുങ്ങിയത്, സഖാവ് അഭിമന്യുവിനെ വെട്ടിവീഴ്ത്തി ഇപ്പോഴും ഒളിച്ചു കഴിയുന്ന ഈ തീവ്രവാദികളെ അറസ്റ്റ് ചെയ്യുകയെങ്കിലും ആയിക്കൂടേ? ഏറെ ഗൗരവമുള്ള ചോദ്യങ്ങള്‍ പലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: