സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ തുടര്‍ക്കഥയായിട്ടും കണ്ണില്‍ ചോരയില്ലാത്തതുപോലെയാണ് ഇടതുമുന്നണി സര്‍ക്കാര്‍ പെരുമാറുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വയനാട്ടില്‍ ഒരു കര്ഷകന് കൂടി ജീവനൊടുക്കിയതോടെ കൃഷിനാശം വന്ന് ബാങ്കു വായ്പകള്‍ തിരിച്ചടയ്ക്കാനാവാതെ ആത്മഹത്യയില്‍ അഭയം തേടിയ കര്‍ഷകരുടെ എണ്ണം ഇരുപത്തിരണ്ടായി. വയനാട് ജില്ലയില്‍ 13 കര്‍ഷകരും, ഇടുക്കി ജില്ലയില്‍ എട്ടും, തൃശൂരില്‍ ഒരു കര്‍ഷകനുമാണ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ജീവിതം ഗതിമുട്ടി ഈ ലോകത്തോട് വിടപറഞ്ഞത്. ആത്മഹത്യാ മുനമ്പില്‍ എത്തിനില്‍ക്കുന്ന നൂറുകണക്കിനാളുകളുടെ പ്രതിനിധികളാണ് ഈ ഹതഭാഗ്യര്‍. ചോരനീരാക്കി പണിയെടുത്തിട്ടും കടക്കെണിയില്‍നിന്ന് രക്ഷപ്പെടാനാവാതെ എത്ര കര്‍ഷകര്‍ ജീവനൊടുക്കുമെന്ന ആശങ്കയിലാണ് അവരുടെ കുടുംബങ്ങള്‍.
ഈ കര്‍ഷക ആത്മഹത്യകള്‍ പിണറായി വിജയന് നേതൃത്വം നല്കുന്ന ഇടതുസര്‍ക്കാരിന്റെ ആസൂത്രിത നരഹത്യകളാണെന്ന് പറയേണ്ടിവരും. കാര്‍ഷിക വായ്പകള്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം പ്രാബല്യത്തില്‍ വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയാതിരുന്നതാണ് ഇതിനു കാരണം. കാര്‍ഷിക വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുകയും, എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നത് മുന്നില്‍ക്കണ്ട് അത് നടപ്പാവില്ലെന്ന് ഉറപ്പുവരുത്തുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. മന്ത്രിമാരും ഉദ്യോഗസ്ഥരും പരസ്പരം പഴിചാരി സമയം കളയുകയും, വൈകി മാത്രം ഇറക്കിയ ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷന് മടക്കുകയും ചെയ്തു. കര്‍ഷകരുടെ കണ്ണീരു കാണാതെയുള്ള കൊടിയ വഞ്ചനയായിരുന്നു ഇത്.
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ എല്ലാ വിഭാഗം ജനങ്ങളെയും ദ്രോഹിക്കുന്നതാണ് മൂന്നുവര്‍ഷമായി കണ്ടത്. തൊഴിലാളികള്‍, സ്ത്രീകള്‍, കുട്ടികള്‍, പട്ടിണിപ്പാവങ്ങള്‍- ആര്‍ക്കും ജീവിക്കാനാവാത്ത അവസ്ഥ വന്നിരിക്കുന്നു. മനഃസാക്ഷിയെ നടുക്കുന്ന കൊലപാതകങ്ങള്‍ അനുദിനമെന്നോണം നടക്കുന്നു. സ്ത്രീപീഡനങ്ങള്‍ പെരുകുന്നു. എന്നുമാത്രമല്ല ഭരണത്തിന് നേതൃത്വം നല്കുന്ന സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ പീഡന കേന്ദ്രങ്ങളായി മാറുകയും ചെയ്യുന്നു. കൊലപാതകികളെ ശിക്ഷിക്കാനും ഇരകള്‍ക്ക് നീതി ലഭ്യമാക്കാനും ആത്മാര്‍ത്ഥമായി ശ്രമിക്കുന്നതിനു പകരം അധികാര ഹുങ്കില്‍ അഭിരമിച്ചു കഴിയുകയാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍. പോലീസിനെ കയറൂരിവിട്ട് അതിക്രമങ്ങള്‍ കണ്ട് രസിക്കുകയാണിവര്‍. ഇതിനിടെ കര്‍ഷകരുടെ ക്ഷേമം അന്വേഷിക്കാന്‍ ഇക്കൂട്ടര്‍ക്ക് എവിടെ നേരം? അധികാരത്തിലെത്തിച്ചത് ജനങ്ങളാണെന്ന് ഇക്കൂട്ടര്‍ വിസ്മരിക്കുകയാണ്. ഈ വഞ്ചനയ്ക്ക് അധികം വൈകാതെ തിരിച്ചടി കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: