ന്യൂദല്‍ഹി: ഹൈക്കമാന്‍ഡ്, പത്താം ജന്‍പഥ് തുടങ്ങിയ വാക്കുകള്‍ക്ക് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുല്ലുവില. ദേശീയ അധ്യക്ഷന്‍ രാഹുലിനെയും ഹൈക്കമാന്‍ഡിനെയും അനുസരിക്കാത്ത സംസ്ഥാന നേതൃത്വങ്ങളും പാര്‍ട്ടിയെ ഉപേക്ഷിച്ച് കടന്നു കളയുന്ന നേതാക്കളും കോണ്‍ഗ്രസിന് വലിയ തലവേദനയായി.
ഒരാഴ്ചയ്ക്കിടെ വിവിധ സംസ്ഥാനങ്ങളിലെ അമ്പതിലേറെ നേതാക്കളാണ് കോണ്‍ഗ്രസ് ഉപേക്ഷിച്ച് വിവിധ പാര്‍ട്ടികളില്‍ ചേക്കേറിയത്. ഇത്തരം രാഷ്ട്രീയ നീക്കങ്ങളെ തടയാനാവാത്ത നിസ്സഹായ അവസ്ഥയിലാണ് രാഹുലും ഹൈക്കമാന്‍ഡും. തെലങ്കാനയില്‍ പകുതിയിലേറെ എംഎല്‍എമാര്‍ ടിആര്‍എസിലേക്ക് പോയപ്പോള്‍ ഗുജറാത്തില്‍ നാല് എംഎല്‍എമാരാണ് ബിജെപിയിലേക്ക് മാറിയത്. മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീല്‍ രാജിവെച്ചതും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ഞെട്ടിച്ചു.
മോദിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യമെന്ന പ്രചാരണവുമായി തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് രംഗത്തെത്തിയ രാഹുല്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ പ്രതിപക്ഷ സഖ്യ വിഷയത്തില്‍ സമ്പൂര്‍ണ പരാജയമായി. സഖ്യധാരണ ഉണ്ടാക്കിയ ബംഗാളിലാവട്ടെ അവസാന നിമിഷം സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞത് കോണ്‍ഗ്രസിന്റെ സാധ്യതകള്‍ ഇല്ലാതാക്കി. ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യ ചര്‍ച്ചകളും രാഹുലിന്റെ നിയന്ത്രണത്തിന് പുറത്താണ്.
കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ രാഹുലിനോ ഹൈക്കമാന്‍ഡിനോ യാതൊരു പിടിയും ഉണ്ടായിരുന്നില്ല. സോണിയയും മന്‍മോഹന്‍സിങ്ങും രാഹുലും അനുകൂലിച്ചിട്ടു പോലും എറണാകുളത്ത് കെ.വി. തോമസിന് സീറ്റ് നിഷേധിക്കപ്പെട്ടത് ഹൈക്കമാന്‍ഡ് ദുര്‍ബലമാണെന്നതിന്റെ തെളിവായി. സിറ്റിങ് എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രനും കെ.സി. വേണുഗോപാലും മത്സര രംഗത്തുണ്ടാവണമെന്ന നിര്‍ദേശം ഇരുവരും ലംഘിച്ചതും ഹൈക്കമാന്‍ഡിന്റെ ദൗര്‍ബല്യത്തിന്റെ ഉദാഹരണങ്ങളാണ.്
യുപിയില്‍ എസ്പി-ബിഎസ്പി സഖ്യത്തിനൊപ്പം ചേരാന്‍ നിരവധി തവണ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പരിശ്രമിച്ചെങ്കിലും സഖ്യധാരണയിലെത്താന് സാധിച്ചിരുന്നില്ല. കോണ്‍ഗ്രസിനെ ഒഴിവാക്കി പ്രതിപക്ഷ സഖ്യം മുന്നോട്ടു പോകുന്നത് യുപിയില്‍ കോണ്‍ഗ്രസിന്റെ പക്കല്‍ അവശേഷിക്കുന്ന രണ്ട് ലോക്സഭാ സീറ്റുകളിലെ ജയസാധ്യതകളെയും തീര്‍ത്തും ഇല്ലാതാക്കി.
സോണിയയുടെ റായ്ബറേലിയിലും രാഹുലിന്റെ അമേഠിയിലും വലിയ പരാജയമാണ് സംഭവിക്കാനിരിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ തന്നെ വിലയിരുത്തല്‍. പ്രതിരോധിക്കാന്‍ ആവുംവിധം ശ്രമിക്കുന്നുണ്ടെങ്കിലും യുപിയിലെ പാര്‍ട്ടി സംവിധാനം കൊണ്ട് സാധിക്കില്ലെന്ന് ഹൈക്കമാന്‍ഡിന് ഉറപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: