സംസ്ഥാനത്ത് പ്രത്യേകിച്ച് തലസ്ഥാന ജില്ലയില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഒട്ടും ആശാസ്യമല്ല. ലഹരിമാഫിയകള്‍ തമ്മിലടിച്ച് നടത്തിയ കൊലപാതങ്ങള്‍ വിരല്‍ ചൂണ്ടുന്നത് സംസ്ഥാനത്ത് ലഹരിക്ക് അടിമപ്പെട്ടും സംഘംചേര്‍ന്നുമുള്ള കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നാണ്. തലസ്ഥാന ജില്ലയില്‍മാത്രം രണ്ട് മാസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് മൂന്ന് യുവാക്കളാണ്.
കൊന്നതും കൊല്ലപ്പെട്ടതുമെല്ലാം യുവാക്കളാണെന്നുള്ളത് ഏറെ ഗൗരവപരമാണ്. ഇത്രയും നാള് പോലീസും എക്സൈസും അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ മയക്കുമരുന്ന്- ലഹരി സംഘങ്ങള്‍ക്കെതിരെ എന്ത് നടപടിയാണ് എടുത്തതെന്നു ചിന്തിക്കണം. ആദ്യദിവസം കൊല്ലപ്പെട്ട അനന്തു ഗിരീഷിനെ കൊലപ്പെടുത്തിയത് കയ്യിലെയും കാലിലെയും മാംസം അറുത്തുമാറ്റി അതിക്രൂരമായാണ്. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം മൂന്നുമണിക്കൂറുകളോളം 11 അംഗ സംഘം അനന്തുവിനെ മാരകമായി തലയക്ക് കരിക്കും കല്ലും ഉപയോഗിച്ച് മര്‍ദ്ദിച്ചു. പോലീസ് മേധാവിയുടെ ഓഫീസിന് വിളിപ്പാടകലെ ഹൈവേയക്ക് സമീപം പോലീസിന്റെ മൂക്കിന്‍തുമ്പിലായിരുന്നു കൊലപാതകം. അനന്തുവിനെ തട്ടിക്കൊണ്ട് പോയ ഉടന്‍ രക്ഷിതാക്കള്‍ പരാതി നല്‍കിയെങ്കിലും മയക്കുമരുന്ന് സംഘത്തിന്റെ നഗരഹൃദയത്തിലെ താവളം കണ്ടെത്താന്‍ പോലും പോലീസിന് ആയില്ല.
തൊട്ടടുത്ത ദിവസം രാത്രിയില്‍ മയക്കുമരുന്ന് സംഘാംഗങ്ങള്‍ തമ്മിലടിച്ചത് ഫോര്‍ട്ട് പോലീസ്സ്റ്റേഷന് തൊട്ടടുത്താണ്. ഇവരെ പിന്തിരിപ്പിക്കുന്നതിനിടയില്‍ പടിഞ്ഞാറെക്കോട്ട പുന്നപുരം സ്വദേശി ശ്യാം, പൊട്ടിയ കുപ്പികൊണ്ടുള്ള കുത്തേറ്റ് മരിച്ചു. രണ്ട് പേര്‍ക്ക് തഗുരുതര പരിക്കുണ്ട്. ചിറയിന്‍കീഴില്‍ കഴക്കൂട്ടം സ്വദേശിയായ വിഷ്ണുവിനെ കൊലപ്പെടുത്തിയ സംഭവത്തിലും പ്രതികള്‍ ലഹരിക്ക് അടിമകളാണെന്നാണ് സൂചന. ജോലിസ്ഥലത്തെ തര്‍ക്കത്തെ തുടര്‍ന്ന് ഇതര സംസ്ഥാനത്തുള്ളവരോടൊപ്പം ചേര്‍ന്ന് വിഷ്ണുവിനെ കൊലപ്പെടുത്തുകയായിരുന്നു. തിരുവല്ലയില്‍ കഴിഞ്ഞദിവസം പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചതിലും കൊച്ചിയില്‍ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതിലും ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൊച്ചയില്ത്തന്നെ യുവതിയുടെ കാമുകനെ ഫോണില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതിലും പ്രതികള്‍ ലഹരിക്ക് അടിമകളായിരുന്നുവെന്നു കണ്ടെത്തി. കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ കൊലപ്പെടുത്തയ സംഭവത്തിലും ലഹരിക്ക് അടിമകളായ ശേഷമാണ് കൊലനടത്തിയതെന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തയിരിക്കുന്നത്. കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പിലും മയക്കുമരുന്ന് സംഘങ്ങളുടെ സാന്നിദ്ധ്യം പ്രകടമാണ്. ഒരുവര്‍ഷം മുമ്പ് കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിലും മയക്കുമരുന്ന് വില്പന സംഘങ്ങളുടെ പങ്ക് വ്യക്തമായിരുന്നു.
നിരവധി സംഘര്‍ഷങ്ങളാണ് ലഹരിക്ക് അടിപ്പെട്ട് സംസ്ഥാനത്ത് നടക്കുന്നത്. വിവിധ ഇടങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ വിലവരുന്ന ഹാഷിഷ് ഓയില്‍, സ്റ്റാമ്പുകള്‍, നിരോധിത ഗുളികകള്‍ തുടങ്ങിയവയടക്കമള്ള വസ്തുക്കള്‍ പല തവണ പിടികൂടി. പക്ഷെ പിടിക്കപ്പെട്ടത് താഴെക്കിടയിലെ വിതരണക്കാര്‍ മാത്രമാണ്. തുടരന്വേഷണം നടക്കാത്തതിനാല്‍ കേസ് അവരില്‍ അവസാനിക്കും. ഒട്ടേറെ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളാണ് കഞ്ചാവും മയക്കുമരുന്നും വില്പന കേസില്‍ പ്രതികളായത്.
കുറ്റകൃത്യം നടക്കുമ്പോള്‍ ലഹരിക്ക് അടിമപ്പെട്ടിരുന്നു എന്ന് തെളിഞ്ഞാല്‍ ശിക്ഷയില്‍ മനപൂര്‍വ്വമല്ലായിരുന്നു എന്ന ഇളവ് ലഭിക്കുമെന്നത് അക്രമത്തിന് മുമ്പ് ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതായും പോലീസും എക്സൈസും പറയുന്നു. 511828 ക്രിമിനല്‍ കേസുകളാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. അതില്‍ ഭൂരിഭാഗവും ലഹരി ഉപയോഗത്തിന് ശേഷം നടത്തിയ കുറ്റകൃത്യങ്ങളാണെന്ന് പോലീസ് സമ്മതിക്കുന്നു. വിസ്തൃതിയിലും ജനസംഖ്യയിലും വളരെ ചെറിയ സംസ്ഥാനം കുറ്റകൃത്യങ്ങളില്‍ വലിയസ്ഥാനം അലങ്കരിക്കുന്നത് അത്ഭുതാവഹമാണ്. കേരളം നീങ്ങുന്നത് ഇരുണ്ടയുഗത്തിലോ എന്ന ചോദ്യമാണ് എങ്ങും ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: