തിരുവനന്തപുരം: ആര്‍ത്തവ അവധിക്ക് അപേക്ഷയുമായി ചെന്നാല്‍ ബറ്റാലിയനിലെ ചില പുരുഷ ഓഫീസര്‍മാരുടെ അശ്ലീലം നിറഞ്ഞ ചിരി… ചിലര്‍ക്ക് ലീവിന്റെ കാരണം പെണ്‍കുട്ടികള്‍ പറഞ്ഞ് കേള്‍ക്കണം… മറ്റ് ചിലരാകട്ടെ കല്യാണം കഴിഞ്ഞ പെണ്‍കുട്ടികള്‍ ലീവിന് അപേക്ഷ നല്കിയാല് അര്‍ഥം വച്ച ചിരിയും അശ്ലീല ചുവയുള്ള സംസാരവും… ഇതാണ് സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കേണ്ട വനിതാ ബറ്റാലിയനിലെ പെണ്‍കുട്ടികളുടെ ദുരവസ്ഥ.
ആദ്യ വനിതാ ബറ്റാലിയനിലെ അറുനൂറ്റമ്പതോളം വനിതാ പോലീസുകാരുടെ പാസിങ്ഔട്ട് പരേഡ് വര്‍ണാഭമായാണ് സംസ്ഥാന സര്‍ക്കാര്‍ ആഘോഷിച്ചത്.
എന്നാല്‍, ഇവര്‍ ഇപ്പോള്‍ മാനസിക വിഷമത്താല്‍ ക്യാമ്പുകളില്‍ ഒതുങ്ങിക്കൂടേണ്ട സ്ഥിതിയിലാണ്. തിരുവനന്തപുരം, കഠിനംകുളം, അടൂര്‍, തൃശൂര്‍, കണ്ണൂര്‍ ക്യാമ്പുകളിലായാണ് ഇപ്പോള്‍ ഇവരെ നിയോഗിച്ചിരിക്കുന്നത്. ഈ ക്യാമ്പുകളില്‍ വനിതാ ഓഫീസര്‍മാരില്ല. പകരം പുരുഷ ഓഫീസര്‍മാര്‍ക്കാണ് ചുമതല. ഇവരില്‍ ചിലര്‍ക്കെതിരെയാണ് പരാതി.
ലീവിനും അവധിക്കും അപേക്ഷ നല്‍കേണ്ടത് സിഐ റാങ്കിലുള്ള ഓഫീസര്‍ക്കാണ്. ആര്‍ത്തവ സമയത്ത് ലഭിക്കുന്ന രണ്ടു ദിവസത്തെ അവധിക്ക് എഴുതി നല്കിയാല് പോര, ചിലര്‍ക്ക് ചെല്ലുന്ന ആള്‍തന്നെ പറഞ്ഞുകേള്‍പ്പിക്കണം. ഡ്യൂട്ടിക്ക് പോകുമ്പോള്‍ പോലും കെയര്‍ടേക്കര്‍മാരായി ഒപ്പം പോകുന്നത് പുരുഷ പോലീസുകാരാണ്. ഡ്യൂട്ടിക്ക് പോയാല്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോകാനായി ചില കെയര്ടേക്കര്മാരോട് അനുവാദം ചോദിക്കാന്‍ പോലുമാവില്ല. പോലീസ് അസോസിയേഷന് ഭാരവാഹികളോട് പരാതി പറഞ്ഞെങ്കിലും പുതിയ ബാച്ചിന് വോട്ട് ഇല്ലാത്തതിനാല്‍ അസോസിയേഷനും കൈയൊഴിഞ്ഞു.
ഫെബ്രുവരിയില്‍ തിരുവനന്തപുരം ബറ്റാലിയനിലെ ചില ഓഫീസര്‍മാരുടെ പ്രവൃത്തിയെക്കുറിച്ച് പോലീസ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ചു. ഇതോടെയാണ് സംഭവങ്ങള്‍ പുറത്തറിയുന്നത്. ഇതുകണ്ട ചില ഓഫീസര്‍മാര്‍ തങ്ങളെ അപമാനിച്ചു എന്നുകാട്ടി വനിതാ ബറ്റാലിയന് കമാന്‍ഡന്റ് ചൈത്ര തെരേസയ്ക്ക് പരാതി നല്കി.
ക്യാമ്പിലെ ചില പുരുഷ ഓഫീസര്‍മാരെക്കുറിച്ച് പേരുവയ്ക്കാതുള്ള പരാതികള്‍ ഊമക്കത്തുകളായി പെണ്‍കുട്ടികള്‍ കമാന്‍ഡന്റിന് നല്‍കിയിരുന്നു. വാട്സആപ്പ് സന്ദേശം കൂടിയായതോടെ സംഭവത്തില്‍ കഴമ്പുണ്ടെന്ന് കമാന്‍ഡന്റിന് ബോധ്യമായി. ഫെബ്രുവരി 26ന് ബറ്റാലിയനില്‍ കമാന്‍ഡന്റിന്റെ നേതൃത്വത്തില്‍ പൊതുയോഗം ചേര്‍ന്നു. തങ്ങള്‍ക്ക് പരസ്യമായി ഓഫീസര്‍മാര്‍ക്ക് നേരെ പരാതി ഉന്നയിക്കാനാകില്ലെന്നും പരാതിപെട്ടി വയ്ക്കണമെന്നും പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം ബറ്റാലിയനില്‍ പരാതിപ്പെട്ടി വച്ചിരിക്കുകയാണ്.
എന്നാല്‍ പരാതിപ്പെട്ടി കൊണ്ട് മാത്രം പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകില്ലെന്നും വനിതാ ഉദ്യോഗസ്ഥരെ നിയമിക്കാതെ സമാധാനമായി ജോലി ചെയ്യാനാകില്ലെന്നും വിരലില്‍ എണ്ണാവുന്ന ചില ഓഫീസര്‍മാരുടെ പ്രവൃത്തികള്‍ സേനയെ ആകെ ബാധിക്കുകയാണെന്നും പെണ്‍കുട്ടികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: