അസാധാരണമായ അത്യുഷ്ണത്തോടൊപ്പം തെരഞ്ഞെടുപ്പ് ചൂടുമായപ്പോള്‍ കേരളം ചുട്ടുപൊള്ളുമെന്നുറപ്പായി. വ്യക്തമായ ത്രികോണമത്സരമെന്ന് സ്ഥാനാര്‍ത്ഥികളെക്കുറിച്ച് വ്യക്തത വരും മുന്‍പേ ബോധ്യമായി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് മുന്നണികള്‍ ആധിപത്യം നേടുകയും അരങ്ങ് അടക്കിവാഴുകയും ചെയ്തിരുന്നു. ഇത്തവണ അവഗണിക്കാനോ എഴുതിത്തള്ളാനോ പറ്റാത്ത വിധം ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യസഖ്യം ശക്തമാണ്. ഇരുപത് ലോകസഭാ മണ്ഡലങ്ങളിലും എന്‍ഡിഎ മത്സരം പ്രവചനാതീതമാക്കിമാറ്റും. ഞങ്ങള്‍ ജയിക്കും എന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ എല്‍ഡിഎഫിനും യുഡിഎഫിനും കഴിയുന്നില്ല.
പരാജയഭീതിയിലായ ഇരുമുന്നണികളും ഏത് ചെകുത്താനേയും ഒരുമിച്ചുനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ്. അതിന്റെ ആരംഭം ഇടത് മുന്നണി നേരത്തെതുടങ്ങി. മുസ്ലീംലീഗിന്റെ നിലപാടില്‍ മൃദുവര്ഗീയതയെന്നാക്ഷേപിച്ച് തീവ്രവര്‍ഗീയത പ്രഖ്യാപിച്ച് ഉണ്ടായതാണ് നാഷണല്‍ ലീഗ്. പാക്കിസ്ഥാനില്ച്ചെന്ന് ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് രക്ഷയില്ലെന്ന് പരാതിപ്പെടുകയും ഇന്ത്യന്‍ റിപ്പബ്ലിക്ദിനം ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്ത ഇബ്രാഹിം സുലൈമാന്‍ സേട്ട് സ്ഥാപിച്ച ലീഗാണ് ഐഎന്‍എല്‍. അവര്‍ കുറച്ചുകാലമായി മാര്‍ക്സിസ്റ്റുകാരോടൊപ്പം നില്ക്കുന്നു. ആ കക്ഷിയെ എല്‍ഡിഎഫിന്റെ ഭാഗമാക്കി ഉദ്ഘാടനം ചെയ്ത മുന്നണി വിപുലീകരണം തുടരുകയാണ്.
മന്ത്രി കെ.ടി. ജലീല്വഴി ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന മദനിയുടെ പിഡിപിയെയും വശത്താക്കി. ജമാഅത്തെ ഇസ്ലാമിയും നിരോധിത തീവ്ര ഭീകരസംഘടനയായ സിമിയുടെ പ്രവര്‍ത്തകരുടെ സഹായം ഇടതുപക്ഷം ഉറപ്പിച്ചിട്ടുണ്ട്.
ഇടതുമുന്നണി ഇത്രയുമൊക്കെ ചെയ്യുമ്പോള്‍ കോണ്‍ഗ്രസിനും ലീഗിനും കയ്യുംകെട്ടിയിരിക്കാന്‍ കഴിയില്ലല്ലൊ. അങ്ങനെയാണ് ഭീകരരാഷ്ട്രീയ കക്ഷികളായ എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് തുടങ്ങിയ സംഘടനകളുമായി മുസ്ലീം ലീഗിന്റെ സമുന്നതനേതാക്കള്‍ കൊണ്ടോട്ടിയിലെ ഹോട്ടലില്‍ രഹസ്യചര്‍ച്ച നടത്തിയത്. ഇത് ലീഗിന്റെ മാത്രം തീരുമാനത്തോടെയല്ലെന്ന് വ്യക്തമായി. ലീഗ് നടത്തിയ ചര്‍ച്ചയോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളാരും പ്രതികരിക്കാന്‍ പോലും തയ്യാറായിട്ടില്ല. എന്നാല്‍ മുസ്ലീംലീഗ് ചര്‍ച്ചയെ തള്ളിപ്പറയുകയും ചെയ്യുന്നു.
ലീഗ് നടത്തിയ ചര്‍ച്ചയെ തള്ളിപ്പറയുന്ന സിപിഎം ഇന്ത്യയിലൊരിടത്തും ലീഗുമായി രാഷ്ട്രീയസഖ്യം ഉണ്ടാക്കില്ലെന്ന് പറയുന്നുമില്ല. കേരളത്തില്‍ കോണ്‍ഗ്രസിനെയും മുസ്ലീംലീഗിനെയും എതിര്‍ക്കുന്നതായി ഭാവിക്കുന്ന സിപിഎം തമിഴ്നാട്ടില്‍ ഇവരുമായി സഖ്യത്തിലാണ്. കോണ്‍ഗ്രസ് മുസ്ലീംലീഗ് കൊടികള്‍ സിപിഎം കൂട്ടിക്കെട്ടിയുള്ള പ്രചാരണം തമിഴ്നാട്ടില്‍ തുടങ്ങുകയും ചെയ്തു. പാലക്കാട്ടിനോട് ചേര്‍ന്നുനില്‍ക്കുന്ന കോയമ്പത്തൂരില്‍ കോണ്ഗ്രസ്സുകാര് സിപിഎമ്മിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രത്തിനാണ് വോട്ട് ചെയ്യേണ്ടത്. മധുരയിലും ഇതുതന്നെ സ്ഥിതി. സിപിഐയ്ക്കും ഈ മുന്നണിയില്‍ രണ്ട് സീറ്റുണ്ട്. രാമനാഥപുരത്ത് ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരും കോണ്‍ഗ്രസും ഡിഎംകെയുമെല്ലാം മുസ്ലീംലീഗിന്റെ ധനാഢ്യന് നവാസ് ഗനിക്കുവേണ്ടി വോട്ടുപിടിക്കുന്ന വിചിത്രസത്യവും വ്യക്തമാകും. കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും ആദര്‍ശാധിഷ്ഠിത കൊട്ടിഘോഷിക്കലെല്ലാം വെറും ജല്‍പ്പനങ്ങളെന്ന് ബോധ്യപ്പെടുത്തുന്നതാകും ഈ ലോകസഭാ തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: