ശബരിമല: ദേവപ്രശ്ന പരിഹാരക്രിയകളുടെ ഭാഗമായി മാളികപ്പുറത്തെ വാസ്തുപരിശോധന ഇന്നലെ ആരംഭിച്ചു. ദേവപ്രശ്നത്തിലെ ചാര്‍ത്ത് പ്രകാരം പ്രശസ്ത വാസ്തുവിദഗ്ദ്ധന് വേഴപ്പറമ്പ് മന ചിത്രഭാനു നമ്പൂതിരിപ്പാടന്റെ നേതൃത്വത്തിലാണ് വാസ്തുപരിശോധന.
ശബരിമലയുടെ മൂലസ്ഥാനമായ മണിമണ്ഡപത്തിലെ കണക്കാണ് ആദ്യം പരിശോധിച്ചത്. അതില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ സാധ്യമല്ല. എന്നാല്‍ മാളികപ്പുറത്തെ തിടപ്പള്ളി, നവഗ്രഹ പ്രതിഷ്ഠ എന്നിവ മാറ്റിസ്ഥാപിക്കണം. മണിമണ്ഡപത്തിന്റെ സ്ഥാനം നിലനിര്‍ത്തി ബാക്കി സ്ഥലത്തെ മണ്ണെടുത്ത് നിരപ്പാക്കണം. സന്നിധാനത്തെ ഗണപതി പ്രതിഷ്ഠയും മാളികപ്പുറത്തേക്ക് മാറ്റി സ്ഥാപിക്കണം. മാളികപ്പുറത്തിന് സമീപമുള്ള മേല്‍ശാന്തി മഠവും പുതുക്കിപ്പണിയണം.
ഗണപതി ഹോമത്തിനും ഭഗവത്സേവയ്ക്കും മാളികപ്പുറത്ത് പുതിയ കെട്ടിടം നിര്‍മിക്കണം. മലദൈവങ്ങളുടെ പ്രതിഷ്ഠയ്ക്ക് മാറ്റങ്ങളൊന്നുമില്ല. മണിമണ്ഡപത്തിന്റെ പരിധി നിശ്ചയിക്കണം. പന്തളം രാജാവ് ശബരിമലയില്‍ എത്തുമ്പോള്‍ താമസിക്കുന്ന കെട്ടിടവും പൊളിച്ച് നിര്‍മിക്കണം. പരിധി നിശ്ചയിക്കുമ്പോള്‍ മണിമണ്ഡപത്തിലെ പൂജകള്‍ പന്തളം രാജപ്രതിനിധിക്ക് അവരുടെ കെട്ടിടത്തിലെ വാതില്‍ തുറന്നിടുമ്പോള്‍ കാണത്തക്ക വിധത്തിലാണ് തയാറാക്കേണ്ടത്. മണിമണ്ഡപത്തിലെ പൂജകള്‍ക്ക് പന്തളം രാജപ്രതിനിധികളുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്. നിലവില്‍ മണിമണ്ഡപത്തിലെ പൂജകള്‍ രാജപ്രതിനിധികള്‍ക്ക് അവരുടെ കെട്ടിടത്തിലെ വാതില്‍ തുറന്നിട്ട് വീക്ഷിക്കാവുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.
ഗുരുതിക്കുള്ള സ്ഥലവും പ്രത്യേകം തിരിച്ചിടണം. ഭസ്മക്കുളത്തിന്റെ പരിധിയും നിശ്ചയിക്കും. വാസ്തുപരിശോധന ഇന്നും തുടരും. എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന് ഇന്ന് വൈകുന്നേരത്തോടെ ഏകദേശ രൂപം ലഭിക്കുമെന്ന് ചിത്രഭാനു നമ്പൂതിരിപ്പാട് പറഞ്ഞു. ഹൈക്കോടതി നിരീക്ഷകനായ അഡ്വക്കേറ്റ് കമ്മീഷന് എ.എസ്.പി. കുറുപ്പിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: