ന്യൂദല്‍ഹി: വിവാദ ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയുമായുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ ബന്ധം ദേശീയ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു. സഞ്ജയ് ഭണ്ഡാരിയുമായുള്ള ബന്ധം നിഷേധിക്കാതെ രാഹുല്‍- ഭണ്ഡാരി- പഹ്വ ഇടപാടുകളെ ന്യായീകരിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് ഭൂമി ഇടപാടുകളില്‍ തെറ്റില്ലെന്ന് വാദിച്ചത് നാണക്കേടായി.
രാഹുല്‍ വാങ്ങിയ ഭൂമി പിന്നീട് പ്രിയങ്കയ്ക്ക് മറിച്ചു നല്കി. ഇതേ ഭൂമി പ്രിയങ്ക വീണ്ടും വാങ്ങിയെന്നും അതു മറ്റൊരു സ്ഥാപനത്തിന് വിറ്റെന്നുമാണ് കേസ്. രാഹുലും പഹ്വയും തമ്മിലുള്ള ഇടപാടുകളുടെ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. ബാന്ധി കുടുംബത്തിന്റെ ഔദ്യോഗിക റിയല്‍ എസ്റ്റേറ്റ് ദല്ലാളാണ് പഹ്വയെന്ന് ബിജെപി ആരോപിച്ചു. ഇടനിലക്കാരായ സി.സി തമ്പി, പഹ്വ, ഭണ്ഡാരി എന്നിവര്‍ എന്‍ഫോഴ്സമെന്റിന്റെ അന്വേഷണ പരിധിയിലാണെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇവരെല്ലാം റോബര്‍ട്ട് വാദ്രയുടെ ആളുകളാണ്. വാദ്രയുടെ എല്ലാ വിവാദ ഭൂമിയിടപാടുകളിലും വാദ്രയ്ക്കൊപ്പം നില്‍ക്കുന്നയാളാണ് രാഹുല്‍. പ്രിയങ്കയും വാദ്രയും വാങ്ങിയ ഭൂമികള്‍ നിരവധി തവണയാണ് കൈമാറ്റം ചെയ്തിരിക്കുന്നത്. ഓരോ ഇടപാടുകളിലും കോടികളുടെ കളികളാണ് നടന്നത്, രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
എയര്‍ബസിന്റെ യൂറോ ഫൈറ്ററിന് വേണ്ടി യുദ്ധവിമാന കരാറില്‍ ഇടനിലക്കാരനായി രംഗപ്രവേശം ചെയ്ത സഞ്ജയ് ഭണ്ഡാരിയുമായുള്ള രാഹുലിന്റെ ബന്ധത്തെ ബിജെപി ചോദ്യം ചെയ്യുന്നു. യൂറോ ഫൈറ്ററിന് മറികടന്ന് ഫ്രഞ്ച് കമ്പനിയായ റഫാലുമായി കരാറൊപ്പുവെച്ചതിനെ രാഹുല്‍ എതിര്‍ക്കുന്നതിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണം ഇതാണ്. രാഹുല്‍ യൂറോ ഫൈറ്റര്‍ ഉദ്യോഗസ്ഥരുമായി വിദേശത്ത് കൂടിക്കാഴ്ച നടത്തിയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ബിജെപി ചൂണ്ടിക്കാട്ടി. റഫാലുമായുണ്ടാക്കിയ ആയുധ കരാര്‍ കാരണം സഞ്ജയ് ഭണ്ഡാരിക്കും രാഹുല്‍ഗാന്ധിക്കും പ്രയോജനം ഉണ്ടാകാതിരുന്നതാണ് റഫാലിനെതിരെ വ്യാജ പ്രചാരണവുമായി ഇറങ്ങാന്‍ രാഹുലിനെ പ്രേരിപ്പിക്കുന്നതെന്നും ബിജെപി ആരോപിച്ചു.
2008 മാര്‍ച്ച് 17ന് ഹരിയാനയിലെ പല്‍വാള്‍ ഹല് നഗറില്‍ 26.47 ലക്ഷം രൂപയ്ക്ക് 6.5 ഏക്കര്‍ സ്ഥലം രാഹുല്‍ വാങ്ങിയിരുന്നു. അതേ വര്‍ഷം മാര്‍ച്ച് 3ന് റോബര്‍ട്ട് വാദ്രയും പല്വാളില് ഭൂമി വാങ്ങിക്കൂട്ടി. ഇതെല്ലാം എച്ച്എല് പഹ്വ എന്നയാളില്‍ നിന്നാണ് വാങ്ങിയത്. ഇതിന്റെ സാമ്പത്തിക ശ്രോതസ്സിന്മേല് അന്വേഷണം പുരോഗമിക്കുകയാണ്. വാങ്ങിയ ഭൂമി പലവട്ടം മറിച്ചു വിറ്റതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: