ന്യൂദല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കേരളത്തിലാണെന്ന് ന്യൂനപക്ഷ കമ്മീഷന് ഉപാധ്യക്ഷന്‍ ജോര്‍ജ് കുര്യന് പറഞ്ഞു. എറണാകുളത്ത് ജിബിന്‍ വര്‍ഗീസ് എന്ന ചെറുപ്പക്കാരനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി, കൊച്ചിന് പോലീസ് കമ്മീഷണര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടിയതായും കമ്മീഷന് അറിയിച്ചു.
കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ എട്ട് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും അവസാനത്തേതാണ് ജിബിന്‍ വര്‍ഗീസിന്റേത്. മലപ്പുറം ജില്ലയിലെ പൊടിപ്പാറ എന്ന സ്ഥലത്ത് കോയ എന്ന വ്യക്തിയെ കഴിഞ്ഞ ഒക്ടോബറില്‍ ഇതുപോലെ കൊലപ്പെടുത്തിയിരുന്നു
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തില്‍ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി ചെറുപ്പക്കാരനെ ഭക്ഷണം മോഷ്ടിച്ചു എന്ന പേരില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തി. കൊല്ലം ജില്ലയിലെ അഞ്ചലില്‍ മണിക് റോയ് എന്ന തൊഴിലാളിയെ, അയാള്‍ പണം കൊടുത്തു വാങ്ങി കൊണ്ടുപോയ കോഴി മോഷ്ടിക്കപ്പെട്ടതാണ് എന്ന് ആരോപിച്ചു ആള്‍ക്കൂട്ടം കൊലപ്പെടുത്തി.
മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ സാജിദ് എന്ന ചെറുപ്പക്കാരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് മൃതപ്രായനാക്കി. ഇതിനെത്തുടര്‍ന്ന് അദ്ദേഹം ആത്മഹത്യ ചെയ്തു. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും ഈ കാലഘട്ടത്തില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഒരു ഗര്‍ഭസ്ഥ ശിശുവും ഇതേ രീതീയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളമാണ് ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്ന സംസ്ഥാനമെന്നു ജോര്‍ജ് കുര്യന് പറഞ്ഞു.
ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരും ആദിവാസികളും തൊഴിലാളികളുമൊക്കെയാണ് ഇപ്രകാരം കൊല ചെയ്യപ്പെട്ടിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന ഒറ്റപ്പെട്ട ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ചില സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങള്ക്ക് വേണ്ടി കേരളത്തില്‍ പെരുപ്പിച്ചും വികൃതമാക്കിയും പ്രചരിപ്പിക്കുന്നതു കൊണ്ടാണ് ഇപ്രകാരമുള്ള സംഭവങ്ങള്‍ ഉണ്ടാകുവാന്‍ കാരണമെന്ന് ജോര്‍ജ് കുര്യന് പറഞ്ഞു.
രാഷ്ട്രീയമായി നേട്ടം ഉണ്ടാക്കുന്നതിന് വേണ്ടി മാത്രം ഇത്തരം സംഭവങ്ങള്‍ അനാവശ്യമായി ചര്‍ച്ചചെയ്യുന്നത് അവസാനിപ്പിക്കേണ്ടതാണ്. സര്‍ക്കാരും പോലീസും മാത്രം ശ്രമിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ തടയാന്‍ സാധിക്കില്ല, അദ്ദേഹം പറഞ്ഞു കൂട്ടായിട്ടുള്ള ശ്രമങ്ങള്‍ അതില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ കാരണം സോഷ്യല്‍ മീഡിയ വഴിയും മറ്റും നടത്തുന്ന അതിരുകടന്ന പ്രചരണങ്ങളാണ്. കൊല്ലപ്പെടുന്നത് കൊണ്ട് ഇരയുടെ കുടുംബവും പ്രതികള്‍ ആയതുകൊണ്ട് അക്രമികളുടെ കുടുംബവും അനാഥമാക്കപ്പെടുന്ന ഒരവസ്ഥയാണ് ഇതുകൊണ്ട് ഉണ്ടാകുന്നത്. രാഷ്ട്രീയ-സാമൂഹ്യ സംഘടനകളും മനശാസ്ത്രജ്ഞരും സാമൂഹ്യ ശാസ്ത്രജ്ഞന്മാരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ജോര്‍ജ് കുര്യന് അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: