കാണ്ഡഹാര്‍ വിമാനറാഞ്ചലും മറ്റും വീണ്ടും സജീവ ചര്‍ച്ചാവിഷയമാവുകയാണല്ലോ. ജയിലിലുള്ള ഭീകരരെ വിട്ടുകിട്ടാനായി വിമാനം റാഞ്ചിയ അന്ന് ചില വിട്ടുവീഴ്ചകള്‍ സര്‍ക്കാരിന് ചെയ്യേണ്ടിവന്നു. അതു സന്തോഷത്തോടെയല്ല. ഇന്ത്യക്ക് അന്ന് ഏറെ പരിമിതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരം സംഭവങ്ങള്‍ വോട്ടിന് വേണ്ടി ഉപയോഗിച്ചാലോ? അതാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ഇപ്പോള്‍ രാഷ്ട്രീയമായി അത് പ്രയോജനപ്പെടുമെന്ന് രാഹുല്‍ഗാന്ധി വിചാരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ അതാണ് സൂചിപ്പിക്കുന്നത്.
എന്താണ് അന്ന് യഥാര്‍ഥത്തില്‍ നടന്നത് ? രണ്ട് ദശാബ്ദത്തിനപ്പുറത്തെ ചരിത്രം; പുതിയ തലമുറയില്‍ പെട്ടവര്‍ക്കായിട്ടെങ്കിലും അതിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാം.
അന്ന് വിമാനയാത്രക്കാരെ മോചിപ്പിക്കുന്നതിന് പകരമായി മൂന്ന് ഭീകരരെ ഇന്ത്യ വിട്ടയച്ചത് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള കക്ഷികള്‍ പങ്കെടുത്ത യോഗത്തിലെ ധാരണയുടെ അടിസ്ഥാനത്തിലാണ്. അന്നത്തെ വാജ്പേയി സര്‍ക്കാര്‍ തത്വത്തില്‍ അതിനെതിരായിരുന്നു. അത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും സര്‍ക്കാരിന് അഭിപ്രായമുണ്ടായിരുന്നു. യാത്രികരുടെ ബന്ധുക്കളുടെയും അതിലേറെ പ്രതിപക്ഷത്തിന്റെയും സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങുകയാണുണ്ടായത്. തന്റെ അമ്മയുടെ ഉള്‍പ്പെടെ നിര്‍ദ്ദേശപ്രകാരമാണ് അന്ന് ഭീകരരെ വിട്ടയച്ചത് എന്നത് രാഹുല്‍ഗാന്ധി തിരിച്ചറിയേണ്ടതായിരുന്നു. മാത്രമല്ല, തന്റെ കുടുംബാംഗത്തെ വിട്ടുകിട്ടാന്‍ ഒരിക്കല്‍ വിമാനം റാഞ്ചിച്ച പാരമ്പര്യവും കോണ്‍ഗ്രസ് മറന്നുകൂടല്ലോ. ധാര്‍മ്മികത ഒന്നും ആ രാഷ്ട്രീയക്കാരനില്‍നിന്ന് പ്രതീക്ഷിച്ചുകൂടല്ലോ അല്ലെ.
1999 ഡിസംബര്‍ 24ന് ആണ് കാണ്ഡഹാര്‍ സംഭവം. നേപ്പാളിലെ കാഠ്മണ്ഡുവില്‍നിന്ന് ഡല്‍ഹിക്കുള്ള ഐസി 814 വിമാനമാണ് ഭീകരര്‍ റാഞ്ചിയത്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് അത് പറന്നുയര്‍ന്നത്. ഒരു ഇന്ത്യന്‍ വിമാനത്താവളത്തില്‍ ആയിരുന്നുവെങ്കില്‍ സുരക്ഷാപരിശോധന ഉറപ്പാക്കാന്‍ ഇന്ത്യക്ക് കഴിയുമായിരുന്നു. ഇവിടെ വിമാനം ‘-എയര്‍ ഇന്ത്യ’-യുടേത് ആയിരുന്നുവെങ്കിലും സുരക്ഷാപരിശോധന നടന്നത് നേപ്പാളിലാണ്. അവിടെവച്ച് റാഞ്ചികള്‍ എങ്ങിനെ കയറിക്കൂടി എന്നതൊക്കെ വേറെകാര്യം. അതില്‍ ഇന്ത്യക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. വിമാനം ലാഹോറിലേക്ക് പോകാന്‍ റാഞ്ചികള്‍, നിര്‍ദ്ദേശിച്ചു. അല്ലെങ്കില്‍ തകര്‍ക്കുമെന്ന ഭീഷണിയും. ലാഹോറില്‍ വിമാനമിറങ്ങാന്‍ അനുമതികിട്ടിയില്ല. തുടര്‍ന്ന് അമൃത്സറില് എത്തി. അവിടെ തടഞ്ഞിടാനുള്ള ഇന്ത്യന്പദ്ധതി വിജയിച്ചില്ല. പിന്നെ വിമാനം പോയത് വീണ്ടും ലാഹോറിലേക്ക്. അവിടെ ഇറങ്ങാന്‍ ഇന്ത്യ അനുമതിതേടി, പക്ഷെ അവര്‍ സമ്മതിച്ചില്ല; പാകിസ്താന്റെ കളിയായിരുന്നു അത്. എന്നിട്ടും ഇന്ത്യന്‍ പൈലറ്റ് റാഞ്ചികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിക്കൊണ്ട്, വിമാനം അവിടെ ഇറക്കി. അവിടെനിന്ന് പറന്നുപോകാന്‍ അനുവദിക്കരുത് എന്ന് ഇന്ത്യ അഭ്യര്‍ത്ഥിച്ചുവെങ്കിലും പാക്ഭരണകൂടം സഹകരിച്ചില്ല. അവിടെവെച്ച് എണ്ണ നിറച്ചശേഷം ദുബായ്യിലേക്ക് പറത്താന്‍ റാഞ്ചികള്‍ നിര്‍ദ്ദേശിച്ചു. അവിടെവെച്ചാണ് 13 സ്ത്രീകളെ ഇറക്കിവിടാന്‍ വിമാനറാഞ്ചികള്‍ തയ്യാറായത്. അത് ഇന്ത്യന്‍ എംബസിയും ദുബായ് അധികൃതരും നടത്തിയ നീക്കങ്ങളെ തുടര്‍ന്നാണ്. അതിനിടയില്‍ ഭീകരരുടെ കുത്തേറ്റ ഒരാള്‍ മരിക്കുകയും ചെയ്തു. അവിടെനിന്ന് അവര്‍ വിമാനം കാണ്ഡഹാറിലേക്ക് കൊണ്ടുപോകുകയാണ് ഉണ്ടായത്. കാണ്ഡഹാര്‍ എന്നാല്‍ ഭീകരര്‍, റാഞ്ചികള്‍, പറഞ്ഞതെനടക്കൂ എന്ന മട്ടിലുള്ള സ്ഥലമാണ്. ഇന്ത്യ കമാന്‍ഡോ ഓപ്പറേഷനു പദ്ധതിയിട്ടെങ്കിലും പ്രാദേശിക സര്‍ക്കാരിന്റെ പിന്തുണ കിട്ടാത്തതിനാല്‍ വിജയിച്ചില്ല എന്ന് പറയുന്നതാവും ശരി. താലിബാന് ഇന്ത്യയുമായി സഹകരിക്കുകയില്ലല്ലോ.
വിമാനറാഞ്ചല്‍ വാര്‍ത്തയായതോടെ യാത്രക്കാരുടെ ബന്ധുക്കള്‍ ഡല്‍ഹിയില്‍ തടിച്ചുകൂടി. അവര്‍ക്കൊപ്പം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷവും അണിനിരന്നു. പുര കത്തുമ്പോള്‍ വാഴവെട്ടുന്ന സമ്പ്രദായം കോണ്‍ഗ്രസുകാര്‍ക്ക് എന്നുമുണ്ടല്ലോ. അവര്‍ ബന്ധുക്കളെക്കൊണ്ട് പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നിലേക്ക് മാര്‍ച്ച് നടത്തിക്കുകപോലും ചെയ്തു. അവിടെ അവരെ കുത്തിയിരുത്തിയവരില് സോണിയയുടെ വിശ്വസ്തരായ ചില കോണ്‍ഗ്രസുകാരും വൃന്ദ കാരാട്ടും ഒക്കെയുണ്ടായിരുന്നു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ സര്‍ക്കാരിന് ചെയ്യാവുന്നത് ഒരു പരീക്ഷണമാണ്. കമാന്‍ഡോ ഓപ്പറേഷന്. എന്നാല്‍ അത് വിജയിക്കണമെന്നില്ല, വിജയിച്ചുകൂടായ്കയുമില്ല. അതായിരുന്നു സര്‍ക്കാരിന്റെയും വിലയിരുത്തല്‍. പ്രധാനകാരണം താലിബാന്‍ഭരണകൂടം തീരെ സഹകരിക്കാന്‍ തയ്യാറല്ല എന്നത് തന്നെ. 2001 വരെ ആ വിമാനത്താവളം താലിബാന്റെ നിയന്ത്രണത്തില്‍ ആയിരുന്നുവല്ലോ. വിവിധ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചനടത്തി, പക്ഷെ ആര്‍ക്കും ഒന്നും ചെയ്യാനാവാത്ത സ്ഥിതിയായിരുന്നു.
അതേസമയം, പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നിലെത്തിയ ബന്ധുക്കള്‍ക്ക് എന്ത് വിട്ടുകൊടുത്തിട്ടായാലും യാത്രികരെ മോചിപ്പിക്കണം എന്ന നിലപാട് മാത്രമായിരുന്നു. ‘-ഇതിനുമുന്‍പ് നിങ്ങള്‍ ഭീകരരെ വിട്ടുകൊടുത്തിട്ടില്ലേ’- എന്നും മറ്റും പറഞ്ഞുകൊണ്ട് മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകളെ തട്ടിക്കൊണ്ടുപോയപ്പോഴത്തെ അനുഭവം ചിലര്‍ വിളിച്ചുകൂവി. അത് ബിജെപി സര്‍ക്കാരിന്റെ കാലത്തല്ല. വി.പി. സിങ് ഭരണകൂടമാണ് ചെയ്തത്. ‘-കശ്മീര്പോലും വേണമെങ്കില്‍ വിട്ടുകൊടുക്ക്, 150 ഓളം പേരുടെ ജീവനാണ് പ്രധാനം’- എന്നുവരെ വിളിച്ചുകൂവിയവരുണ്ടായിരുന്നു. അവസാനം പ്രധാനമന്ത്രി വാജ്പേയി സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടി. അതായിരുന്നു സര്‍ക്കാരിന്റെ മുന്നിലെ മാര്‍ഗം. കാര്യങ്ങള്‍ കക്ഷിനേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. എല്ലാ പ്രതിപക്ഷകക്ഷികള്‍ക്കും ഒരേയൊരു നിലപാടേ ഉണ്ടായിരുന്നുള്ളു. ‘-എന്ത് വിട്ടുവീഴ്ച ചെയ്തിട്ടായാലും യാത്രികരെ രക്ഷിക്കണം……’.- ഒരു ദേശീയ പ്രതിസന്ധിയാണിത് എന്നത് കാണാന്‍ അന്ന് പ്രതിപക്ഷവും തയ്യാറായില്ല.
ഇവിടെ ഒന്നുകൂടി ഓര്‍മ്മിക്കണം; ഇന്ത്യന്‍ ജയിലുകളിലുള്ള മുപ്പത്തഞ്ചോളം ഭീകരരെ വിട്ടയയ്ക്കണം എന്നതായിരുന്നു വിമാനറാഞ്ചികളുടെ ആവശ്യം. അതിനുപോലും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും അനുകൂലമായിരുന്നു. അന്നത്തെ സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ പ്രസ്താവനകള്‍ വായിച്ചിരിക്കേണ്ടതു തന്നെയാണ്. സോണിയ ഗാന്ധിയെ കടത്തിവെട്ടുന്നതായിരുന്നു അതിലെ വിമര്‍ശനങ്ങള്‍. എന്നാല്‍ ഭീകരരുമായി (റാഞ്ചികളുമായി) സര്‍ക്കാര്‍ ചര്‍ച്ചനടത്തി. അവസാനം മൂന്നുപരെ വിട്ടയയ്ക്കാനും അതിന്റെ വെളിച്ചത്തില്‍ വിമാനയാത്രികരെ മോചിപ്പിക്കാനുമാണ് ധാരണയായയത്. 35 പേരില്‍ അവകാശവാദം ഉന്നയിച്ചിടത്ത് മൂന്ന് പേരെ………അപ്പോഴും സര്‍ക്കാര്‍ കരുതിയത്, ‘-ആ മൂന്ന് പേരെ പിന്നീട് പിന്തുടര്ന്ന് പിടിക്കാന്‍ ശ്രമിക്കാം. തല്ക്കാലം ജീവനുകള്‍ രക്ഷപ്പെടട്ടെ’- എന്നായിരുന്നു. ഇതിനെയാണ് വാജ്പേയി സര്‍ക്കാര്‍ മസൂദ് അസറിനെ വിട്ടയച്ചതാണ് പ്രശ്നമായത് എന്നു രാഹുല്‍ഗാന്ധി വിളിച്ചുകൂവുന്നത്.
രണ്ടു, മൂന്ന് കാര്യങ്ങള്‍കൂടി കോണ്‍ഗ്രസുകാരെ ഓര്‍മ്മിപ്പിക്കാം. 1978ല്‍ ജനതാസര്‍ക്കാരിന്റെ കാലം. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളുടെ പേരില്‍, ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്ത സമയത്ത് ഒരു ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയത് രാഹുലിന് ഓര്‍മ്മയുണ്ടാവില്ല; ചരിത്രത്തിന്റെ ഭാഗമാണത്. 1978 ഡിസംബര്‍ 20ന് ലക്നൗവില്‍നിന്ന് കൊല്‍ക്കത്തക്കുള്ള വിമാനം. അത് ഡല്‍ഹിയില്‍ എത്താറായപ്പോള്‍ രണ്ട് യുവാക്കള്‍ തോക്കുമായി പൈലറ്റിനെ ഭീഷണിപ്പെടുത്തി. ഇന്ദിരാഗാന്ധിയെ വിട്ടയയ്ക്കണം എന്നതായിരുന്നു ആവശ്യം. ‘-ഇന്ദിര ഗാന്ധി സിന്ദാബാദ്, സഞ്ജയ് ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്…….’- തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയര്‍ത്തി. പിന്നാലെ 1980ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിമാനറാഞ്ചികളില്‍ ഒരാളായ ഭോലാനാഥ് പാണ്ഡെക്ക് സീറ്റ്നല്‍കി. പിന്നീട് അയാളെ ലോകസഭയിലേക്കും മത്സരിപ്പിച്ചു. രാഹുല്‍ഗാന്ധിയുടെ മുത്തശ്ശിയാണ് ഇതൊക്കെചെയ്തത്. കുടുംബം ഒന്നാകെ അതിന് കൂട്ടുനില്‍ക്കുകയും ചെയ്തു. ഇത്രവലിയ രാജ്യദ്രോഹം ചെയ്ത കുടുംബമാണ് തന്റേത് എന്നാരെങ്കിലും രാഹുല്‍ഗാന്ധിയെ ഓര്‍മ്മിപ്പിക്കേണ്ടതായിരുന്നു.
ഇപ്പോള്‍ രാഹുല്‍ പറയുന്നത് അന്നത്തെ സുരക്ഷാവീഴ്ചയുടെ കാര്യമാണ്. നേപ്പാളിലെ വിമാനത്താവളത്തില്‍ ഉണ്ടായ വീഴ്ചയായിരുന്നു അതെന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മനസിലാവില്ലായിരിക്കാം. മറ്റൊന്ന് നോക്കൂ……സ്വന്തം കുടുംബത്തില്‍ നിന്നുള്ള രണ്ട് പ്രധാനമന്ത്രിമാര്‍ മരിച്ചത് എങ്ങിനെയാണ്? കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് പ്രധാനമന്ത്രിക്ക് സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്തവരാണോ ഇത്തരം കുപ്രചാരണങ്ങള്‍ക്ക് തയ്യാറാവുന്നത്? കൂടുതല്‍ വിശദീകരിക്കാന്‍ കാര്യങ്ങളില്ലാത്തത് കൊണ്ടല്ല, അതിന് മുതിരുന്നില്ലെന്ന് മാത്രം. രാഹുല്‍ ഗാന്ധിയെപ്പോലെ അല്ലല്ലോ എല്ലാവരും. രാഷ്ട്രീയത്തില്‍ അഭിപ്രായഭിന്നത ഉണ്ടാവാം. എന്നാല്‍ അത് പ്രകടിപ്പിക്കുമ്പോള്‍ പാലിക്കേണ്ട ചില സാമാന്യമര്യാദകളുണ്ടല്ലോ. ‘-നാഷണല്‍ ഹെറാള്‍ഡ്’- കേസില്‍ അടുത്തിടെ ദല്‍ഹിഹൈക്കോടതി ഡിവിഷന് ബെഞ്ച് രാഹുലിന്റെ കുടുംബത്തെക്കുറിച്ചു പറഞ്ഞത് രാജ്യം മറന്നിട്ടില്ല എന്നുമാത്രം ഓര്‍മ്മിപ്പിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: