ഇടുക്കി: കടുത്ത വേനല്‍ച്ചൂടിന് ആശ്വാസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച വേനല്‍മഴ പെയ്തു. പുനലൂരില്‍ ആണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്, ആറ് സെ.മീറ്റര്‍. കടുത്ത ചൂട് അനുഭവപ്പെടുന്ന മലയോര മേഖലയ്ക്ക് ഇത് ഉണര്‍വായി.
പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മഴ പെയ്തു. ആര്യങ്കാവ്, കുരുടാമണ്ണില്‍, വൈക്കം എന്നിവിടങ്ങളില്‍ രണ്ട് സെ.മീ. വീതവും കോഴ, മൂന്നാര്‍, പീരുമേട് എന്നിവിടങ്ങളില്‍ ഒരു സെ.മീ. വീതവും മഴ പെയ്തു. ഇടുക്കിയില്‍ 0.52 സെമീ മഴ രേഖപ്പെടുത്തിയപ്പോള്‍ പൊന്മുടിയില് 2.5 സെ.മീ. മഴയാണ് ലഭിച്ചത്.
വൈദ്യുതി ബോര്‍ഡിന്റെ സംഭരണികളിലേക്കാകെ 4.07 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. പുറമെ നിന്നുള്ള വൈദ്യുതി വാങ്ങുന്നത് കുറച്ച് നിലവില്‍ സംസ്ഥാനത്തെ ആഭ്യന്തര ഉത്പാദനം കൂട്ടിയിരിക്കുകയാണ്. രണ്ടാഴ്ച കഴിഞ്ഞുള്ള പരിശോധനയില്‍ തുടര്‍ന്നുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് ബോര്‍ഡ് അധികൃതര്‍ നല്കുന്ന വിവരം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാല്‍ ഉത്തരേന്ത്യയിലെ സാഹചര്യം കൂടി പരിശോധിച്ചാവും വൈദ്യുതി ഉത്പാദത്തിനാവശ്യമായ വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തുക. ഇന്ന് കൂടി സംസ്ഥാനത്ത് ചെറിയ തോതില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: