തൃശൂര്‍: കളങ്കിതരും ആരോപണവിധേയരുമായവരെ സ്ഥാനാര്‍ഥികളാക്കിയതു വഴി സിപിഎം, പ്രത്യേകിച്ച് എല്‍ഡിഎഫ് പൊതുസമൂഹത്തിലും സൈബര്‍ ലോകത്തും നേരിടുന്നത് രൂക്ഷ വിമര്‍ശനം. പക്ഷേ പാര്‍ട്ടി നേതൃത്വം ഇതൊന്നും കേട്ടമട്ടില്ല. മണ്ഡലം, ജില്ലാക്കമ്മിറ്റികളുടെ എതിര്‍പ്പ് പോലും അവഗണിച്ചാണ് ഇവരെ നേതൃത്വം സ്ഥാനാര്‍ഥികളാക്കുന്നത്. ഇതോടെ പ്രാദേശിക നേതൃത്വത്തില്‍ പലരും നിര്‍ജീവമായിട്ടുണ്ട്.
സീറ്റ് ഇല്ലെന്നറിഞ്ഞതോടെ എല്‍ഡിഎഫില്‍ ഇടഞ്ഞ് നില്ക്കുന്ന ഘടക കക്ഷികളും സിപിഎമ്മിന് ഭീഷണിയാകും. കഴിഞ്ഞതവണ ലഭിച്ച ഒരു സീറ്റിനായി ഇക്കുറി മുട്ടിലിഴഞ്ഞെങ്കിലും ജനതാദള്‍(എസ്)ന്റെ രോദനം സിപിഎം ചെവിക്കൊണ്ടില്ല. മുന്‍പ്രധാനമന്ത്രി ദേവഗൗഡവരെ ഇടപെട്ടിട്ടും ഫലമുണ്ടായില്ല.
സീറ്റ് ലഭിക്കാത്തതില്‍ വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദളും കടുത്ത അമര്‍ഷത്തിലാണ്. പത്ത് വര്‍ഷം മുന്‍പ് ഇടതുമുന്നണി കോഴിക്കോട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് വീരനും കൂട്ടരും മുന്നണി വിട്ടത്. ഇത് ജനതാദളിന്റെ പിളര്‍പ്പിനും കാരണമായി. വീരന്റെ കൂടെ പോകാതെ മാത്യു ടി. തോമസും കൂട്ടരും അന്ന് എല്‍.ഡി.എഫില്‍ ഉറച്ചുനിന്നു. പിന്നീട് യുഡിഎഫില്‍ പോയ വീരേന്ദ്രകുമാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിച്ചെങ്കിലും ദയനീയമായി തോറ്റു. ഇക്കുറി മടങ്ങിയെത്തിയിട്ടും ഇടതുമുന്നണി സീറ്റ് നല്‍കാത്തതില്‍ അവര്‍ അങ്ങേയറ്റം അസ്വസ്ഥരാണ്. മുന്നണി വിടണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുയരുന്നുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.
ഈ സാഹചര്യത്തില്‍ മുന്നണിക്കുള്ളില്‍ തന്നെ നിലയുറപ്പിച്ച് പ്രതിഷേധം കടുപ്പിക്കുകയാവും ഇരുവിഭാഗങ്ങളും ചെയ്യുക. അകന്ന് നില്ക്കുന്ന പഴയ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളെ അടുപ്പിക്കാനും ഈ പ്രതിഷേധം ഇടയാക്കിയേക്കാം. അത് സിപിഎമ്മിനെ ബാധിക്കുകയും ചെയ്യും. പ്രത്യേകിച്ച് വടകര, കോഴിക്കോട്, മണ്ഡലങ്ങളില്‍. വടകര സീറ്റില്‍ പി. ജയരാജനെ വീഴ്ത്താന്‍ ഈ സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ക്കാകും. പ്രത്യേകിച്ച് ആര്‍എംപി ജയരാജനെതിരെ നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തില്‍.
വീരേന്ദ്രകുമാര്‍ എല്‍ഡിഎഫില്‍ മടങ്ങിയെത്തിയപ്പോള്‍ മുതല്‍ ഇരു വിഭാഗങ്ങളും ലയിക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിരുന്നു. ലോക്സഭ സീറ്റ് മുന്നില്‍ക്കണ്ടാണ് ലയനം നീണ്ടുപോയത്. സീറ്റ്് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ലയന സാധ്യത അവശേഷിക്കുന്നുണ്ട്. അതിന്റെ ആദ്യപടിയാകും ഒരുമിച്ച് നിന്നുള്ള വിലപേശല്‍.
കേരളകോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗവും കടുത്ത നിരാശയിലാണ്. ഇടുക്കിയോ കോട്ടയമോ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. മാണിയുമായി ഇടഞ്ഞ് നില്ക്കുന്ന പി.ജെ. ജോസഫിനെ യുഡിഎഫില്‍ നിന്ന് പുറത്തുചാടിക്കാനാണ് തങ്ങള്‍ക്ക് സീറ്റ് നിഷേധിക്കുന്നതെന്നാണ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം കരുതുന്നത്. പി.ജെ. ജോസഫ് യുഡിഎഫ് വിട്ടാല്‍ കോട്ടയമോ ഇടുക്കിയോ നല്‍കാമെന്ന് സിപിഎം ഉറപ്പ് നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇതിന് സാധ്യതയില്ല. കോട്ടയത്തിന്റെ കാര്യത്തില്‍ മാണി വിട്ടുവീഴ്ച ചെയ്യുമെന്നും ജോസഫിന് സീറ്റ് നല്‍കുമെന്നുമാണ് സൂചന.
സീറ്റ് ഇല്ലെന്നറിഞ്ഞതോടെ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം പ്രതിഷേധമറിയിച്ചുകഴിഞ്ഞു. കോട്ടയം, ഇടുക്കി സീറ്റുകളില്‍ ഇവരുടെ നിലപാട് സിപിഎമ്മിന് തലവേദനയാകും.
കേരളത്തില്‍ നിന്ന് പരമാവധി പാര്‍ട്ടി എംപിമാരെ പാര്‍ലമെന്റിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 16 സീറ്റിലും സിപിഎം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: