ജവഹര്ലാല്നെഹ്രു കശ്മീര്‍ വിഷയത്തില്‍ അന്തരാഷ്ട്ര ഇടപെടല്‍ ക്ഷണിച്ചുവരുത്തി. ഇന്ദിരാഗാന്ധി ബംഗ്ളാദേശ് വിമോചനവും പാക്പട്ടാളത്തിന്റെ നാണംകെട്ട കീഴടങ്ങലും നല്കിയ അവസരം പാഴാക്കി പ്രശ്നം ബാക്കി നിര്‍ത്തി. അവിടെയാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദി തലയുയര്‍ത്തി നില്‍ക്കുന്നത്. ഇംമ്രാന്‍ഖാന്റെ പാക്കിസ്ഥാന് പുല്‍വാമയില്‍ തീവ്രവാദക്രൂരത നടത്തിയപ്പോള്‍ ആ വെല്ലുവിളിയെ അവസരമാക്കി മാറ്റുകയാണു മോദി.
ജവഹര്‍ലാലിനു വേണ്ടിയിരുന്നത് അന്തരാഷ്ട്രതലത്തില്‍ പേരും പെരുമയുമായിരുന്നു. പാക്കിസ്ഥാന്റെ 1947ലെ ആക്രമണത്തെ തുരത്തിയോടിക്കുകയെന്ന ഉത്തരവാദിത്വമുള്ള ഭരണാധികാരിയുടെ ധര്‍മ്മം നിര്‍വഹിക്കാതെ വിഷയം ഐക്യരാഷ്ട്ര സഭയിലെത്തിച്ചു. ഫലം കശ്മീരിന്റെ ഒരുഭാഗം പാക്കിസ്ഥാന് പിടിച്ചെടുത്ത് അവിടെ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് ഭാരതത്തെ നിരന്തരം വെല്ലുവിളിക്കുന്നു.
തന്ത്രപരമായ കാരണങ്ങളാല്‍ അമേരിക്കയും ചൈനയും ഒരേ സമയം പാക്കിസ്ഥാനുമായി പ്രഖ്യാപിതസഖ്യം പുലര്‍ത്തിപ്പോന്നിരുന്നതുകൊണ്ട് പാക്അതിക്രമങ്ങളുടെ നേരെ അന്തരാഷ്ട്രസമൂഹം കണ്ണടയ്ക്കുകയും പലപ്പോഴും പ്രത്യക്ഷമായോ പരോക്ഷമായോ പ്രോത്സാഹിപ്പിക്കുകയും ചെയ്തുപോന്നു. മതപരമായ കാരണങ്ങളാല്‍ ഇസ്ളാമിക രാജ്യങ്ങളും പാക് ചേരിയിലായി. ഭാരതത്തെ മുള്‍മുനയില്‍ നിര്‍ത്താനുള്ള അവസരമായി ആ സാഹചര്യം പാക്ഭരണകൂടം ഉപയോഗിച്ചു.
ഇതിനിടെ ആന്തരിക അടിച്ചമര്‍ത്തലിനെതിരെ അന്നത്തെ കിഴക്കന്‍ പാക്കിസ്ഥാനിലുണ്ടായ ജനകീയ പ്രതിഷേധത്തെ സൈനിക ശക്തികൊണ്ട് അടിച്ചമര്‍ത്താന്‍ പാക്കിസ്ഥാന് പട്ടാളഭരണകൂടം നടത്തിയ ധാര്‍ഷ്ട്യം ഭാരതത്തിന് അവസരം ഒരുക്കി. അങ്ങനെയാണു ബംഗ്ളാദേശ് എന്ന രാജ്യത്തിന്റെ പിറവി. സോവിയറ്റ് യൂണിയന്, അവരുടെ താല്പര്യം മുന്നില്‍ കണ്ടുകൊണ്ടാണെങ്കിലും, അന്നു ഭാരത്തിനൊപ്പം നിന്നു.
വിഭജനത്തിന്റെ മുറിവുണങ്ങാത്ത ഭാരതത്തിലെ ബഹുജനസമൂഹവും സര്‍ക്കാരിനൊപ്പംനിന്നു. രാഷ്ട്രീയ സ്വയംസേവക സംഘമുള്‍പ്പടെയുള്ള ദേശീയതയുടെ ശക്തികള്‍ ഭാരതത്തിനു കരുത്തുപകര്‍ന്നു. 1962 ഇന്ത്യ-ചൈന യുദ്ധത്തില്‍ ചൈനയ്ക്ക് ചാരപ്പണിചെയ്ത കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 1971ലെ യുദ്ധത്തില്‍ പ്രകടമായ ഭാരതവിരുദ്ധ നിലപാടെടുത്തതുമില്ല. അതു ഭാരതീയതയോടുള്ള പ്രതിബദ്ധതകൊണ്ടൊന്നുമായിരുന്നില്ല. സോവിയറ്റ് യൂണിയന്റെ നിലപാടനുസരിച്ചു ഒരുവിഭാഗം കമ്യൂണിസ്റ്റുകാര്‍ നിന്നതാണതിന് ഒരു കാരണം.
അന്നത്തെ പ്രതിരോധമന്ത്രി ജഗ്ജീവന് റാമിന്റെ സാന്നിദ്ധ്യവും ഭാരതത്തിന് അനുകൂല ഘടകമായിരുന്നു. യുദ്ധവിജയശേഷം ഇന്ദിരയും കോണ്‍ഗ്രസ്സും അവര്‍ക്കുവേണ്ടി തൂലിക ചലിപ്പിച്ചവരും ജഗജീവന്റാമിന് അര്‍ഹിക്കുന്ന പരിഗണന നല്കിയില്ലെങ്കിലും അദ്ദേഹത്തിന്റെ സംഭാവന ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതു തന്നെയാണ്. 1962ലെ ചൈനയുമായുണ്ടായ യുദ്ധത്തില്‍ പരാജയം സംഭവിച്ചപ്പോള്‍ കുറ്റം അന്നു പ്രതിരോധമന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോന്റെമേല്‍ ചാരി അദ്ദേഹത്തെ രാജിവെപ്പിച്ച് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ തടി രക്ഷിച്ചതു മറക്കേണ്ടതല്ല.
ജനറല്‍ സാം മനേക്ഷായുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സേനയ്ക്ക് മുന്നില്‍, തൊണ്ണൂറായിരത്തിലധികം പേരടങ്ങിയ പാക്പട്ടാളം ആയുധം വെച്ച് കീഴടങ്ങിയതു ചരിത്രപരമായ നേട്ടമായിരുന്നു. ആ നേട്ടത്തെ കശ്്മീര്‍ പ്രശ്നപരിഹാരത്തിനുള്ള അവസരമാക്കാന്‍ ശേഷിയുള്ള ഒരു പ്രധാനമന്ത്രിയായിരുന്നില്ല ഇന്ദിരാഗാന്ധി. അതുകൊണ്ട് ഇന്നും തലവേദനയായി കശ്്മീര്‍ ബാക്കി നില്ക്കുന്നു
കുടുംബ പാരമ്പര്യമായി അധികാരം കൈമാറുന്ന ജനാധിപത്യവിരുദ്ധരീതി കോണ്‍ഗ്രസ്സ് അനുവര്‍ത്തിച്ചതുകൊണ്ട് ഇന്ദിരയ്ക്കുശേഷം രാജീവും ഇടവേളയ്ക്കുശേഷം ഡോ. മന്മോഹന് സിംഗിനെ റിമോട്ട് കണ്‍ട്രോളുപയോഗിച്ച് നിയന്ത്രിച്ചുകൊണ്ട് സോണിയയും ഭരണചക്രം തിരിച്ചു. കുടുംബത്തിന്റെ പേരും പറഞ്ഞ് അധികാരം ഒരു വിദേശവനിതയുടെ കരങ്ങളില്‍ എത്തിച്ചതോടെ ഭാരതത്തിന്റെ താത്പര്യങ്ങള്‍ അവഗണിക്കപ്പെട്ടു. അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും നിറഞ്ഞാട്ടവേദിയായി ഭരണസിരാകേന്ദ്രങ്ങള്‍മാറി.
ഖജനാവ് കൊള്ളയടിക്കല്‍ തുടര്‍ന്നു. രാജ്യരക്ഷാ സംവിധാനത്തിന് വേണ്ട പണംപോലും ഇല്ലാതായി. സേന പുതിയ ആയുധങ്ങളും കാലാനുസൃതമായ വെടിക്കോപ്പുകളും ആവശ്യപ്പെട്ടപ്പോള്‍ കയ്യില്‍ കാലണയില്ലെന്നു പറയുന്ന അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ പരിതാപകരമായ അവസ്ഥയും ജനം കണ്ടു. തിരുത്തലിന് രാജ്യം തയ്യാറായതിന്റെ ഫലമാണ് 2014ല്‍ പൂര്‍ണ്ണ ഭൂരിപക്ഷത്തോടെ നരേന്ദ്രമോദി ഭരണത്തിലെത്തിയത്. ദേശീയതയ്ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ഭരണാധികാരി എത്തിയപ്പോള്‍ ഭരണകൂടത്തിന്റെ സമീപനം അടിമുടി മാറി. അകത്തും പുറത്തും ഉള്ള ഭീഷണികള്‍ക്ക് അര്‍ഹിക്കുന്ന പ്രതികരണം ഉറപ്പാകാന്‍ തുടങ്ങി.
മുന്‍ അനുഭവങ്ങളില്‍നിന്ന് പാഠംപഠിച്ചായിരുന്നു മോദിയുടെ തുടക്കം. ആ നീക്കങ്ങള്‍ ശരിയായ ദിശയിലാണെന്ന് ഭാരതം തിരിച്ചറിഞ്ഞുതുടങ്ങി. ഭീകരവാദത്തിന്റെ പ്രഭവസ്ഥാനം ലക്ഷ്യം വെച്ച് 2016ല്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് ശത്രുരാജ്യത്തിന് ശക്തമായ തിരിച്ചടിയും വ്യക്തമായ സന്ദേശവും നല്കി. ലോകരാഷ്ട്രങ്ങള്‍ ഭാരതത്തിന്റെ തിരിച്ചടിക്കാനുള്ള അവകാശം തിരിച്ചറിഞ്ഞു. ധോക്ക്ലാമില്‍ കണ്ണുരുട്ടിയ ചൈനയുടെ പത്തിമടക്കാനും ഭാരത്തിന് കഴിഞ്ഞു. ഈ കുതിച്ചുചാട്ടം സാദ്ധ്യമാക്കിയത് അതിര്‍ത്തിക്കുള്ളില്‍തന്നെയുള്ള പാക്പ്രേമികളെയും ചൈനാ ചാരന്മാരെയും പടിഞ്ഞാറു നോക്കികളെയും അധികാരത്തിനുവേണ്ടി ഇവരെ കൂെ കൂട്ടുന്നവരെയും പ്രതിരോധിച്ചുകൊണ്ടായിരുന്നു എന്നുകൂടി മനസ്സിലാക്കുമ്പോഴാണ് ദൗത്യം എത്ര കടുത്തതായിരുന്നുയെന്ന് തിരിച്ചറിയുക.
ആ കടുത്ത ദൗത്യത്തിന് സ്വയം സമര്‍പ്പിച്ചതുകൊണ്ടു തന്നെയാണ് പുല്‍വാമയില്‍ നാല്‍പ്പത് ജവാന്മാരുടെ ബലിദാനത്തിനിടയാക്കിയ പാക് ക്രൂരതയ്ക്കുള്ള തിരിച്ചടി ശത്രുവിന് താങ്ങാവുന്നതിനപ്പുറമായത്. അങ്ങനെയൊരു നടപടിക്കുള്ള ഭാരതത്തിന്റ അവകാശത്തെയും ബാദ്ധ്യതെയും അംഗീകരിക്കയും ലോകം സ്വാഗതം ചെയ്യുകയും ചെയ്തു. ഭീകരവാദകേന്ദ്രത്തിനെതിരെ മാത്രമായിരുന്നു ഭാരതത്തിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്. പാക്കിസ്ഥാനിലെ സാധാരണജനങ്ങളെയോ സൈനിക കേന്ദ്രങ്ങളെയോ ലക്ഷ്യം വെച്ചില്ല.
തങ്ങളുടെ പിടിയിലായ വിംഗ്കമാന്‍ഡര്‍ അഭിനന്ദന് വര്ത്തമാന് എന്ന ജവാനെവെച്ചു വിലപറയാന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇംമ്രാന്ഖാന് നടത്തിയ ശ്രമം, അന്തരാഷ്ട്രരംഗത്ത് നരേന്ദ്രമോദി ഭാരത്തിനുണ്ടാക്കിയെടുത്ത സ്വാധീനം പരീക്ഷിക്കപ്പെട്ട സന്ദര്‍ഭമായിരുന്നു. ഭാരതം ഒരുക്കിയ നയതന്ത്ര സമ്മര്‍ദ്ദത്തിനുമുമ്പില്‍ പാക്കിസ്ഥാന് അടിമുടിപതറി. മോദിയുടെ നിസംഗത ഏറ്റവും പ്രഹരശേഷിയുള്ള ആയുധമായി മാറി.
ജവഹര്‍ലാല്‍ നെഹ്റു ആത്മഹത്യാപരമായ നടപടികളിലൂടെ കൈവിട്ടുകളഞ്ഞ, ഇന്ദിരാഗാന്ധി അവസരം ഒത്തിണങ്ങിവന്നിട്ടും ദുരൂഹമായ കാരണങ്ങളാല്‍ ബാക്കി വെച്ച പാക്ക് വെല്ലുവിളികളെ ആത്യന്തികമായി ഇല്ലായ്മ ചെയ്യാനുള്ള തന്ത്രത്തിന്റെ പണിപ്പുരയിലാണു നരേന്ദ്രമോദി. സങ്കുചിത രാഷ്ട്രീയലക്ഷ്യവുമായി അതിനു വഴിമുടക്കാന്‍ പണിയെടുക്കുന്ന രാഹുലും യെച്ചൂരിയും കൊടിയേരിയും ശശിതരൂരും അവരുടെ കൂട്ടാളികളും ജനങ്ങളുടെ പ്രതിക്ഷേധാഗ്നിയില്‍ എരിഞ്ഞമരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: