വയനാട് ജില്ലയിലെ വൈത്തിരിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ സി.പി. ജലീല്‍ എന്ന മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവം ഒറ്റപ്പെട്ടതല്ല. ലക്കിടിക്കുസമീപം വനപ്രദേശത്തോടു ചേര്‍ന്നുള്ള റിസോര്‍ട്ടില്‍ ഭീഷണിപ്പെടുത്തി പണം വാങ്ങാനെത്തിയ വിവരമറിഞ്ഞ് പോലീസ് എത്തുകയായിരുന്നു. സംസ്ഥാനത്ത് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ മാവോയിസ്റ്റാണ് ജലീല്‍. ആദ്യത്തെ മലയാളിയും. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു മാവോയിസ്റ്റ് വനത്തിലേക്ക് രക്ഷപ്പെട്ടെന്നും, അതല്ല ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്നും പറയപ്പെടുന്നു. 2016-ല്‍ നിലമ്പൂരില്‍ തമിഴ്നാട് സ്വദേശികളായ രണ്ട് മാവോയിസ്റ്റുകള്‍-കപ്പുദേവരാജും കാവേരി എന്ന അജിതയും-പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയുണ്ടായി. ഇതിനുമുന്‍പും സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ചെറിയ തോതിലുള്ള ഏറ്റുമുട്ടലുകള്‍ പലപ്പോഴായി നടന്നിട്ടുണ്ടെങ്കിലും അവയൊന്നും മരണത്തില്‍ കലാശിച്ചിരുന്നില്ല. ആന്ധ്രയില്‍നിന്നുള്ള മാവോയിസ്റ്റ് ഭീകരന് മല്ലരാജറെഡ്ഡി 2007-ല്‍ അങ്കമാലിയില്‍ പിടിയിലായിരുന്നു.
ഇപ്പോഴത്തെ ഇടതുമുന്നണി ഭരണത്തിന്റെ തുടക്കകാലത്ത് നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന് വിമര്‍ശിച്ചത് വലിയ വിവാദമാവുകയുണ്ടായി. അന്ന് സിപിഎം സംഭവത്തെ ന്യായീകരിക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടത് ബിജെപി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കില്‍ കേരളത്തിലടക്കം അത് വലിയ കോളിളക്കമുണ്ടാക്കുമായിരുന്നു. പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടതുള്‍പ്പെടെ പല രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അര്‍ബന്‍ നക്സലുകള്‍ പിടിയിലായപ്പോള്‍ ബിജെപി നേതൃത്വംനല്കുന്ന മഹാരാഷ്ട്ര സര്‍ക്കാരും, കേന്ദ്രത്തിലെ മോദിസര്‍ക്കാരും പഴികേട്ടതിന് കയ്യുംകണക്കുമില്ല. പൗരാവകാശങ്ങള്‍ ഹനിക്കുന്നു, ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നൊക്കെയാണ് ആക്ഷേപമുയര്‍ന്നത്. മോദി വിരോധത്താല്‍ കേരളവും ഇതിന് വേദിയാവുകയുണ്ടായി. പരമോന്നത നീതിപീഠത്തെപ്പോലും ഭീഷണിപ്പെടുത്തുന്ന നിലയിലേക്ക് അര്‍ബന്‍ നക്സലുകളോടുള്ള അനുഭാവ പ്രകടനങ്ങള്‍ നീങ്ങി.
അധികാരം തോക്കിന് കുഴലിലൂടെ എന്നതാണ് മാവോയിസ്റ്റുകളുടെ വിശ്വാസപ്രമാണം. നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ആയുധമെടുത്ത് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നത് വിഫലമാവുകയേയുള്ളൂ. മാത്രമല്ല, അതിന്റെ ആവശ്യവുമില്ല. ശരിയാണ്, മര്‍ദ്ദനവും ചൂഷണവുമുള്‍പ്പെടെയുള്ള അനീതികള്‍ക്ക് നമ്മുടെ രാജ്യത്തും കുറവൊന്നുമില്ല. എന്നാല്‍ ഇവയില്‍ പലതും ജനാധിപത്യമാര്‍ഗത്തില്‍ പരിഹരിക്കാന്‍ ആവുന്നവയാണ്. ഈ സാധ്യത നിലനില്‍ക്കെയാണ് നിയമം കയ്യിലെടുത്തുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ മാവോയിസ്റ്റുകള്‍ നടത്തുന്നത്. ഇതിന് ഇന്ത്യയുടെ ശത്രുക്കളായ വൈദേശിക ശക്തികളില്‍നിന്ന് പണവും ആയുധങ്ങളും സമ്പാദിക്കുന്നു. ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനല്ല, രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിനാണ് വൈദേശിക ശക്തികള്‍ ഈ സഹായം ചെയ്യുന്നതെന്ന് വ്യക്തമാണല്ലോ. പലയിടങ്ങളിലും സമാന്തരഭരണം തന്നെയാണ് മാവോയിസ്റ്റുകള്‍ നടത്തുന്നത്.
ആദിവാസികളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും പേരിലാണ് മാവോയിസ്റ്റുകള്‍ ആയുധമെടുക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇവര്‍ മര്‍ദ്ദിതജനതയുടെ ശത്രുക്കളാണ്. ആദിവാസികളുടെ നിഷ്കളങ്കതയും അജ്ഞതയും ചൂഷണം ചെയ്ത് മുതലെടുപ്പ് നടത്തുകയാണ് ഇക്കൂട്ടര്‍. തങ്ങള്‍ക്കൊപ്പം ചേരാത്ത പാവങ്ങളെയും നിഷ്കരുണം വധിക്കാന്‍ മാവോയിസ്റ്റുകള്‍ മടിക്കാറില്ല. വികസനത്തിന്റെ ഫലങ്ങള്‍ എത്തിച്ചുകൊണ്ടു മാത്രമേ പാവപ്പെട്ട ജനങ്ങളുടെ കണ്ണീരൊപ്പാനാകൂ. എന്നാല്‍ മാവോയിസ്റ്റുകള്‍ ഇതിനെതിരാണ്. തങ്ങളുടെ സ്വാധീനമേഖലകളില്‍ നല്ല റോഡുപോലും നിര്‍മിക്കുന്നത് ഇവര്‍ ഇഷ്ടപ്പെടുന്നില്ല. ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാവല്നില്ക്കുന്ന സുരക്ഷാഭടന്മാരെപ്പോലും ഈ ഭീകരസംഘം കൊന്നൊടുക്കുകയാണ്. കേരളവും ഈ ഭീഷണിയില്‍നിന്ന് മുക്തമല്ലെന്നതാണ് വൈത്തിരിയിലെ ഏറ്റുമുട്ടല്‍ കാണിക്കുന്നത്. മാവോയിസ്റ്റ് ഭീകരതയില്‍നിന്ന് മോചനം നേടിക്കൊണ്ടല്ലാതെ നമ്മുടെ രാജ്യത്തിന് മുന്നോട്ടു പോകാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: