തൊടുപുഴ: റോളര്‍ സ്പോര്‍ട്സിലൂടെ കായിക ഭൂപടത്തില്‍ ഇടം പിടിച്ച നാമക്കുഴിയില്‍ നിന്ന് അന്താരാഷ്ട്ര കായിക വേദിയില്‍ തരംഗമാകുന്ന റോളര്‍ ഫുട്ബോള്‍ ഇന്ത്യയിലെത്തുന്നു. എഴുപതുകളില്‍ കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റിയ വനിതാ വോളിബോള്‍ സംഘമായിരുന്നു നാമക്കുഴി സിസ്റ്റേഴ്സ്. ഇതിലെ ഏലിയാമ്മ, സാറാമ്മ എന്നിവരുടെ സഹോദരനും കോച്ചുമായ ജോമോന് നാമക്കുഴിയാണ് റോളര്‍ സ്കേറ്റിങ് ഷൂ ഉപയോഗിക്കുന്ന ഈ മത്സരയിനം മലയാളികള്‍ക്ക് മുന്നില്‍ ആദ്യമായി പരിചപ്പെടുത്തുന്നത്.
നിലവില്‍ പ്രചരാത്തിലുള്ള റോളര്‍ ബാസ്ക്കറ്റ് ബോളിനും റോളര്‍ ക്രിക്കറ്റിനും റോളര്‍ ഹോക്കിക്കും പിന്നാലെയാണ് ഈ മത്സര ഇനം എത്തുന്നത്. റോളര്‍ ബാസ്ക്കറ്റ് ബോളും, ക്രിക്കറ്റും ഇന്ത്യയില്‍ ആദ്യമായി തുടങ്ങിയതും ഹോക്കി കേരളത്തില്‍ പ്രചരിപ്പിച്ചതും റോളര്‍ സ്പോര്‍ട്സ് അസോസിയേഷന് ഓഫ് ഇന്ത്യ (ആര്‍എസ്എഐ) നാമക്കുഴിയാണ്. 2006ലാണ് റോളര്‍ ബാസ്ക്കറ്റ് ബോള്‍ ജോമോന് തന്നെ മുന്‍കൈയെടുത്ത് തൊടുപുഴയില്‍ ആരംഭിക്കുന്നത്. ഇതിന് പിന്നാലെയാണ് റോളര്‍ സ്പോര്‍ട്സ് പ്രചാരം രാജ്യത്ത് ആരംഭിക്കുന്നതും വിവിധ മത്സരങ്ങള്‍ നടക്കുന്നതും. ഈ ഇനത്തിന് കേരള സ്പോര്‍ട്സ് അക്കാഡമിയുടെയും ഡിപിഐയുടെയും അംഗീകാരം നേടിക്കൊടുത്തത് ജോമോന്റെ പ്രയത്ന ഫലമായാണ്.
ഭാരതത്തിലെ വോളിബോളിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന സ്ഥലമാണ് എറണാകുളം പിറവത്തിന് സമീപത്തെ നാമക്കുഴി. ഇവിടെ നിന്ന് ദേശീയതലത്തിലേക്ക് ഉയര്‍ന്ന നാല് വിദ്യാര്‍ത്ഥിനികളാണ് റോളര്‍ ഫുട്ബോളില്‍ ആദ്യമായി പരിശീലനം പുര്‍ത്തിയാക്കിയത്. ഫുട്ബോള്‍ ദേശീയ താരങ്ങളായ അക്ഷര കെ.എ, വാര്യര്‍ സഹോദരികള്‍ എന്നറിയപ്പെടുന്ന ശ്രീവിദ്യ, ശ്രീദേവി, ഫുട്ബോള്‍-ഹോക്കി താരം കാവ്യ എന്നിവരാണ് പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. നിലവില്‍ നാല് പേരും ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ഗ്രാമങ്ങളിലും ബാഗ്ലൂര് എലൈറ്റ് അക്കാദമിയിലും കുട്ടികള്‍ക്ക് സൗജന്യപരിശീലനം നല്‍കിവരികയാണ്. വാര്യര്‍ സഹോദരിമാര്‍ കോട്ടയം ബസേലിയസ് കോളേജിലും മറ്റ് രണ്ട് പേര് നാട്ടകം ഗവ. കോളേജിലുമാണ് പഠിക്കുന്നത്.
ആഴ്ചകളെടുത്താണ് റോളര്‍ സ്കേറ്റിങ്ങില്‍ ബാലന്‍സ് നേടിയതെന്ന് നാലുപേരും പറയുന്നു. മത്സരത്തിന്റെ മറ്റ് നിയമങ്ങളില്‍ മാറ്റമില്ലെങ്കിലും ഒരു ടീമില്‍ ഉണ്ടാവുക അഞ്ച് പേര് മാത്രമാണ്. വോളിബോള്‍ കോര്‍ട്ടാവും മത്സരത്തിന് ഉപയോഗിക്കുക. ചക്ര ഷൂസുകളണിഞ്ഞ കാലുകളില്‍ ബോളുമായി ചടുല വേഗത്തില്‍ പായാന്‍ ഒരുങ്ങുകയാണ് ഇവര്‍.
പരീക്ഷ തീരുന്നതോടെ തൊടുപുഴയിലെ കരിങ്കുന്നത്ത് വിദ്യാര്‍ഥികള്‍ക്കായി പരിശീലന ക്ലാസുകള്‍ ആരംഭിക്കാനൊരുങ്ങുകയാണ് ആര്‍എസ്എഐ. 1995ലാണ് റോളര്‍ ഫുട്ബോള്‍ ലോകത്ത് ആരംഭിക്കുന്നത്. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഏറെ പ്രചാരത്തിലുള്ള ഈ മത്സര ഇനം ഇന്ത്യയില്‍ പ്രചാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ജോമോന് പറയുന്നു. ഇന്ത്യയില്‍ ആദ്യമായി വനിത ഫുട്ബോള്‍ ആരംഭിച്ച ജോമോനും നാല് വനിതാശിഷ്യരും കൂടുതല്‍ ഉയര്‍ച്ചയിലേക്ക് എത്തുന്നതിന് സ്പോണ്‍സര്‍മാരുടെ സഹായം തേടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: