ചവറ: ഐടിഐ വിദ്യാര്‍ഥി രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം അരിനല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി അരിനല്ലൂര്‍ നല്ലകത്ത് കിഴക്കതില്‍ സരസന് പിള്ള (51)അറസ്റ്റില്‍. മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് സരസന് പിള്ളയുടെ നേതൃത്വത്തില്‍ ബന്ധു കൊല്ലം സബ്ജയില്‍ വാര്ഡന് വിനീത് ഉള്‍പ്പെടെയുള്ള ആറംഗ സംഘം വീട്ടില്‍ കയറി ആളുമാറി രഞ്ജിത്തിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രഞ്ജിത്ത് മരിച്ചത്.
രഞ്ജിത്തിന്റെ അച്ഛനമ്മമാര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും മുഖ്യമന്ത്രിയേയും കാണാനിരിക്കെയാണ് ഇന്നലെ സരസന്‍പിള്ളയെ പോലീസ് അറസ്റ്റു ചെയ്തത്. അരിനല്ലൂര്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം നിന്ന് പിടികൂടി ചവറ പോലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രണ്ടാം പ്രതിയായി കൊലപാതകക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. മറ്റു നാല് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ നടത്തിവരുന്നു. ചവറ സിഐ ചന്ദ്രദാസ്. എസ്, എസ്ഐ സുനില്‍, എസ്സിപിഒ സജി, സിപിഒമാരായ ബിജുകുമാര്‍, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചവറ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സരസന് പിള്ള
രഞ്ജിത്തിന്റെ മാതാപിതാക്കള്‍ അക്രമം ഉണ്ടായ ദിവസം തന്നെ തെക്കുംഭാഗം പോലീസില്‍ പരാതി നല്‍കിയെങ്കിലും സിപിഎം ഇടപെട്ട് കേസെടുക്കാതെ ഒത്തുതീര്‍പ്പിന് ശ്രമിക്കുകയായിരുന്നു. രഞ്ജിത്തിന്റെ മരണത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെയാണ് ഒന്നാം പ്രതി വിനീതിനെ അറസ്റ്റ് ചെയ്തത്. ഒളിവിലായ സരസന് പിള്ളയെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. കഴിഞ്ഞ ദിവസം സിപിഎമ്മിന് അക്രമത്തില്‍ പങ്കില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ സരസന് പിള്ളയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: