കൊച്ചി: കേരളത്തില്‍ കടല്‍-നദീതീരങ്ങളുടെ പരിപാലനത്തിന് ഹാനികരമായ നിലപാടുകളെടുത്തത് ഇടത്-വലത് സംസ്ഥാന സര്‍ക്കാരുകള്‍. 2019 ലെ തീര പരിപാലന വിജ്ഞാപനത്തിനു മുമ്പ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട ശുപാര്‍ശ നല്‍കാതെ കേരള സര്‍ക്കാര്‍ എട്ടുവര്‍ഷം ഒളിച്ചുകളിച്ചു. ഇതിലൂടെ യുഡിഎഫ്-എല്‍ഡിഎഫ് മുന്നണി സര്‍ക്കാരുകള്‍ കായല്‍-കടലോര കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുകയായിരുന്നുവെന്ന് വെൡവാകുന്നു.
കേന്ദ്ര സര്‍ക്കാര്‍ 2019 ജനുവരി 18 ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ കടലോരവാസികള്‍ക്ക് വീടുനിര്‍മിക്കാനുള്ള ദൂരപരിധി 200 മീറ്ററില്‍നിന്ന് 50 മീറ്ററാക്കി കുറച്ചു. ഇത് തീരദേശ നിവാസികള്‍ക്ക് വലിയ ആശ്വാസകരമാണെങ്കിലും ടൂറിസത്തിന്റെ മറവില്‍ കൈയേറ്റ മാഫിയകള്‍ അവസരം മുതലാക്കുകയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ് കടലോര വാസികള്‍ക്ക് മാത്രമായി ചുരുക്കണമെന്ന് സംസ്ഥാനത്തെ വിവിധ സംഘടനകള്‍ ആവശ്യം ഉയര്‍ത്തുന്നു. ഇന്ന് കൊച്ചിയില്‍ ഡോ. മാധവ് ഗാഡ്ഗില്‍ ഉദ്ഘാടനം ചെയ്യുന്ന ചര്‍ച്ചാ സമ്മേളനത്തില്‍ പ്രമുഖര്‍ ഇതുസംബന്ധിച്ച് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കും.
ഭൗമശാസ്ത്ര വകുപ്പ് സെക്രട്ടറി ഡോ. ഷൈലേഷ് നായിക് 2015 -ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് പുതിയ വിജ്ഞാപനം. 1986 ലാണ് തീരസംരക്ഷണ നിയമം ഉണ്ടാക്കിയത്. അതിലെ കര്‍ക്കശ നിയമവ്യവസ്ഥകള്‍ പ്രകാരം കടലോരത്ത് കാലങ്ങളായി താമസിക്കുന്നവര്‍ വീട് ഉപേക്ഷിച്ച് പോകേണ്ട അവസ്ഥവന്നിരുന്നു. എന്നാല്‍, ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി പലകാലത്ത് ഇളവുകളുമായി വിജ്ഞാപനങ്ങള്‍ വന്നു. 2011-ല്‍ വിഷയം വീണ്ടും ഉയര്‍ന്നപ്പോഴാണ് ഷൈലേഷ് നായിക്ക് അധ്യക്ഷനായി പുതിയ സമിതിയെ നിയോഗിച്ചത്.
എല്ലാ സംസ്ഥാനങ്ങളും 2012 ഫെബ്രുവരിക്ക് മുമ്പ് ശുപാര്ശകര് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, കേരള സര്‍ക്കാര്‍ യഥാസമയം ശുപാര്‍ശ നല്‍കിയില്ല. മാത്രമല്ല, കഴിഞ്ഞയാഴ്ച, വിജ്ഞാപനം വന്നശേഷം കേന്ദ്രസര്‍ക്കാരിന് കത്തയക്കുകയായിരുന്നു. അതിലാകട്ടെ, തീരവാസികള്‍ക്ക് വീടുവെക്കാനുള്ള ദൂര പരിധി 20 മീറ്റര്‍ ആക്കി ചുരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കെട്ടിട നിര്‍മാണ മാഫിയ തീരം കൈയേറിയ ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ആ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് ചോദിച്ച ശുപാര്‍ശയില്‍ കേരളം നിലപാടെടുത്തിരുന്നില്ല. പിണറായി സര്‍ക്കാരിന്റെ രണ്ടര വര്‍ഷവും അത് തുടര്‍ന്നു. ഇപ്പോള്‍ പുതിയ വിജ്ഞാപനം വന്നപ്പോള്‍ കത്തെഴുതുകയായിരുന്നു.
മത്സ്യബന്ധനത്തൊഴില്‍ ചെയ്യുന്നവര്‍ക്ക് തീരപ്രദേശത്ത് വീടുവെക്കാന്‍ ദൂരപരിധിയില്‍ ഇളവ് നല്‍കുക, ടൂറിസപ്രധാനമെന്ന് വിജ്ഞാപനം ചെയ്തിരിക്കുന്ന സ്ഥലങ്ങള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കുക തുടങ്ങിയ പ്രായോഗിക സംവിധാനങ്ങള്‍ ആലോചിക്കണമെന്ന് മത്സ്യബന്ധന തൊഴിലാളി സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരുമടങ്ങുന്ന സമിതി ആവശ്യപ്പെടുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ആശീര്‍ഭവനിലാണ് കണ്വന്ഷന്. ഡോ. ഗാഡ്ഗിലിന് പുറമേ, ഡോ. വി.എസ്. വിജയന്, പ്രൊഫ. എം.കെ. പ്രസാദ്, ഡോ. ബി. മധുസൂദനക്കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: