ഗ്വാളിയോര്‍: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഖില ഭാരതീയ പ്രതിനിധിസഭയ്ക്ക് നാളെ ഗ്വാളിയോറില്‍ തുടക്കം. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന പ്രതിനിധിസഭയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 1600 പ്രതിനിധികള്‍ പങ്കെടുക്കും. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ഭയ്യാജി ജോഷി എന്നിവര്‍ മാര്‍ഗനിര്‍ദേശം നല്‍കും.
രണ്ടായിരം സക്രിയ സ്വയംസേവകരുടെ പ്രതിനിധിയായി ഒരാളെന്ന കണക്കിലാണ് പ്രതിനിധികള്‍ എത്തുന്നത്. സംഘത്തിന്റെ 11 ക്ഷേത്രങ്ങളില്‍ നിന്നും 42 പ്രാന്തങ്ങളില്‍ നിന്നുമുള്ള കാര്യകര്‍ത്താക്കള്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് 62 കാര്യകര്‍ത്താക്കളാണ് പങ്കെടുക്കുന്നത്. ബിജെപി, വിഎച്ച്പി, എബിവിപി, ബിഎംഎസ് അടക്കമുള്ള പരിവാര്‍ സംഘടനകളുടെ ദേശീയ നേതാക്കളും പ്രതിനിധിസഭയില്‍ ഭാഗഭാക്കാവും.
സര്‍കാര്യവാഹ് ഭയ്യാജി ജോഷിയുടെ നേതൃത്വത്തില്‍ ചേരുന്ന സഭയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാര്‍ഗനിര്‍ദേശം നല്‍കുമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് അരുണ്‍ കുമാര്‍ അറിയിച്ചു. വിവിധ ദേശീയ വിഷയങ്ങള്‍ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പ്രതിനിധിസഭയില്‍ ചര്‍ച്ചയാവും. വരാനിരിക്കുന്ന വര്‍ഷങ്ങളിലെ പരിഗണനാ വിഷയങ്ങളും ചര്‍ച്ച ചെയ്യും. ദേശീയവും സാമൂഹ്യവും ധാര്‍മ്മികവുമായ വിഷയങ്ങള്‍ സഭയുടെ പരിഗണനയിലുണ്ടാവും. ഇതുമായി ബന്ധപ്പെട്ട പ്രമേയങ്ങളും സഭ ചര്‍ച്ച ചെയ്ത് പാസാക്കും.
തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട യാതൊരു പ്രമേയങ്ങളും സഭയുടെ പരിഗണനയില്‍ വരില്ല. തെരഞ്ഞെടുപ്പുമായി ഇതിന് യാതൊരു ബന്ധവുമില്ല. എല്ലാ മാര്‍ച്ചിലും വര്ഷപ്രതിപദയ്ക്ക് മുന്നോടിയായി ഇത്തരം ബൈഠക്കുകള്‍ അഖിലഭാരതീയ തലത്തില്‍ നടത്താറുണ്ട്. സംഘകാര്യപദ്ധതികള് സംബന്ധിച്ച തീരുമാനങ്ങള്‍ സ്വീകരിക്കുന്നതിനായാണ് പ്രതിനിധി സഭ ചേരുന്നത്, അരുണ്‍ കുമാര്‍ പറഞ്ഞു. അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് നരേന്ദ്ര ഠാക്കൂര്‍, മധ്യക്ഷേത്ര പ്രചാര്‍ പ്രമുഖ് നരേന്ദ്രജി ജെയ്ന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
എട്ടിന് രാവിലെ 8.30ന് സര്‍സംഘചാലക്, സര്‍കാര്യവാഹ് എന്നിവര്‍ പ്രതിനിധിസഭയുടെ ഉദ്്ഘാടനം നിര്‍വഹിക്കും. ഒമ്പതിന് വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങള്‍ പാസാക്കും. സമാപന ദിവസമായ ഞായറാഴ്ച സര്‍കാര്യവാഹ് ഭയ്യാജി ജോഷി വിവിധ വിഷയങ്ങളിലുള്ള ആര്‍എസ്എസ് നിലപാട് മാധ്യമങ്ങളുമായി പങ്കുവയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: