നാടും നഗരവും അക്ഷരാര്‍ത്ഥത്തില്‍ കത്തിയുരുകുകയാണ്. തണല്‍തേടി അലയുന്ന പക്ഷികള്‍ തളര്‍ന്ന് വീണ് ചാവുന്നു. ഒരിടത്തും പച്ചപ്പിന്റെ കുളിര്‍മയില്ല. കഠിന വേനലിന്റെ മാസമായ ഏപ്രിലിനെപോലും വെല്ലുന്ന തരത്തിലാണ് ചൂട് ഉയരുന്നത്. സാധ്യമായ വഴികളൊക്കെ നോക്കിയിട്ടും ജനങ്ങള്‍ക്ക് ആശ്വസിക്കാന്‍ കഴിയുന്നില്ല.
പല കാരണങ്ങളാണ് ചൂട് കൂടാന്‍ പറയുന്നതെങ്കിലും നാട്ടിലെ പച്ചപ്പിനെ നാടുകടത്താന്‍ കാണിക്കുന്ന ഉത്സാഹത്തിനുള്ള കനത്ത തിരിച്ചടിയാണ് ഇതെന്ന് പറയാതെ വയ്യ. കാണുന്ന സ്ഥലത്തെല്ലാം വീടുവെക്കാനും ഫ്ളാറ്റ് കെട്ടിപ്പൊക്കാനും ഒരുമ്പെടുമ്പോള്‍ അറിയുന്നില്ല പ്രകൃതിയുടെ വരദാനത്തിനുനേരെ വാതില്‍ കൊട്ടിയടയ്ക്കുകയാണെന്ന്. വയലുകളില്‍ വിളഞ്ഞുനില്‍ക്കുന്ന നെല്‍ച്ചെടികള്‍ കാണുമ്പോഴുള്ള സന്തോഷത്തേക്കാളുപരി ഫ്ളാറ്റുകള്‍ പൊങ്ങുന്നത് കാണാന്‍ താല്‍പ്പര്യപ്പെടുന്ന സമൂഹത്തിന് പ്രകൃതി അറിഞ്ഞുനല്‍കുന്ന ശിക്ഷ തന്നെയാണ് ചൂടിന്റെ കാഠിന്യം.
കേരളത്തിലെ എല്ലാ ജില്ലകളിലും ചൂടു വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതില്‍തന്നെ കോഴിക്കോട് ജില്ലയില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും പറയുന്നു. ഞായറാഴ്ച 36.3 ഡിഗ്രിയും പിറ്റേന്ന് 35.2 ഡിഗ്രിയുമാണ് ജില്ലയില്‍ രേഖപ്പെടുത്തിയ ചൂട്. ക്രമാതീതമായി ചൂട് വര്‍ധിക്കാന്‍ കാരണം വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉഷ്ണവാതമാണെന്നും റിപ്പോര്‍ട്ടുണ്ട്. ജീവജാലങ്ങളെ മുഴുവന്‍ ബാധിക്കുന്ന പ്രശ്നമായതിനാല്‍ കഴിവതും ജാഗ്രത പുലര്‍ത്തുന്നതത്രേ ഫലപ്രദമായ വഴി.
നിര്‍ജലീകരണം ഒഴിവാക്കാന്‍ ഉപയുക്തമായ മാര്‍ഗങ്ങള്‍ അവലംബിക്കണം. കൂടുതല്‍ വെള്ളം കുടിക്കുക, വെയിലില്‍നിന്ന് കഴിയുന്നത്ര മാറിനില്‍ക്കുക, നേരിട്ട് വെയില് കൊള്ളാതിരിക്കുക, യാത്രകളില്‍ വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിക്കുക തുടങ്ങിയവവഴി അപകടങ്ങള്‍ ഒഴിവാക്കാനാവും. തൊഴിലുറപ്പു പണികള്‍ ഉള്‍പ്പെടെ പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അധികൃതര്‍ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സൂര്യാതപംമൂലം ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പൊള്ളലേറ്റ് പലരും ചികിത്സ തേടിയിട്ടുണ്ട്. വേണ്ടത്ര ജാഗ്രത പാലിക്കാത്തതിനാലാണ് ഇത്തരം അപകടങ്ങള്‍ ഉണ്ടാവുന്നത്.
ഇനിയങ്ങോട്ട് ചിക്കന്‍പോക്സ് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കും ജലജന്യ രോഗങ്ങള്‍ക്കും സാധ്യത ഏറെയാണ്. ഫലപ്രദമായ ചികിത്സാ മാര്‍ഗങ്ങളുണ്ടെങ്കിലും വരാതെ നോക്കലാണ് ഏറ്റവും നല്ലത്. പ്രകൃതിയിലേക്ക് മടങ്ങണം എന്ന് നിരന്തരം പറയാറുണ്ടെങ്കിലും അതൊരു തമാശയായി എടുക്കുന്നു എന്നതാണ് ഖേദകരമായ വസ്തുത. തണ്ണീര്‍ത്തടങ്ങളും അരുവികളും മലിനമാക്കുകയും മണ്ണിട്ടുമൂടുകയും ചെയ്യുന്ന പ്രവണതയ്ക്ക് ഊര്‍ജം നല്കുന്ന രാഷ്ട്രീയ സംസ്കാരമാണ് ഒരുപരിധിവരെ ഇന്നത്തെ ദുരിതത്തിന് കാരണമെന്ന് കാണാതെപോകരുത്. പ്രകൃതിയോടുള്ള വികൃതിക്ക് തിരിച്ചും അതേ നാണയത്തില്‍ തിരിച്ചടി കിട്ടുമ്പോള്‍ നിസ്സഹായരാകാനേ കഴിയൂ.
കാടുംമേടും വെട്ടിവെളുപ്പിച്ച് അവിടെ ബംഗ്ലാവുകള്‍ പണിത് എയര്‍കണ്ടീഷണര്‍ വെച്ചാല്‍ എല്ലാമായി എന്നു കരുതുന്നവര്‍ അറിയണം അവര്‍ ഘടിപ്പിച്ച യന്ത്രങ്ങളില്‍ നിന്നുള്ള വാതകങ്ങള്‍ പ്രകൃതിയുടെ താളം തെറ്റിക്കുകയാണെന്ന്. അതുവഴി മനുഷ്യരാശി എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങള്‍ ഏറ്റുവാങ്ങുകയാണെന്ന്. പ്രകൃതിയുടെ എയര്‍കണ്ടീഷണറുകളാണ് കാടും മേടും. അവ നല്കുന്ന സൗഖ്യത്തിന് അടുത്തുവരില്ല യന്ത്രങ്ങളുടെ കൃത്രിമ സൗകര്യങ്ങള്‍. ‘ഒരു മരം ഒരു വരം’ എന്നത് ഹൃദയത്തിലേറ്റി മുന്നേറുന്ന ഒരുതലമുറയുടെ നിരന്തരമായ ഇടപെടല്‍കൊണ്ട് ഇപ്പോഴത്തെ ദുരിതസമാന അന്തരീക്ഷം പതിയെപ്പതിയെ മാറ്റാനാകും. അതിലേക്ക് പക്ഷേ, കുറുക്കുവഴികളൊന്നുമില്ല. കാലാവസ്ഥാ മാറ്റവും പ്രകൃതിയുടെ വികൃതികളും മനുഷ്യന്റെ പ്രവൃത്തിഫലം കൊണ്ടാണെന്ന് മനസ്സിലാക്കി അതിന് പ്രായ്ശ്ചിത്തം ചെയ്യാനാവട്ടെ ഇനിയുള്ള ശ്രമങ്ങള്‍. അതുവഴി നമുക്ക് പ്രകൃതിയെ വീണ്ടെടുക്കാം, ആ പച്ചപ്പിന്റെ മടിത്തട്ടില്‍ സ്വാസ്ഥ്യം കൊള്ളാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: