ന്യൂദല്‍ഹി: പാക്കിസ്ഥാന്റെ യുദ്ധവിമാനം തകര്‍ത്ത് രാജ്യത്തിനെതിരായ ആക്രമണം പരാജയപ്പെടുത്തി ധീരതയുടെ പര്യായമായി മാറിയ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാനെ ഇന്ത്യ തിരിച്ചെത്തിച്ചു. രാജ്യത്തിന്റെ പ്രാര്‍ഥനകള്‍ സഫലമാക്കി ഇന്നലെ രാത്രി 9.20ന് വീരനായകന് പിറന്ന മണ്ണില്‍ കാലുകുത്തി. പഞ്ചാബിലെ വാഗാ-അട്ടാരി അതിര്‍ത്തിയില്‍വെച്ചാണ് പാക്കിസ്ഥാന് അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത്.
രാജ്യം മുഴുവന്‍ ആഹ്ലാദവും ആവേശവും അലതല്ലിയ അന്തരീക്ഷത്തില്‍ മാതാപിതാക്കളായ റിട്ട. എയര്‍മാര്‍ഷല്‍ സിംഹക്കുട്ടി വര്ത്തമാന്, ഡോ. ശോഭ, എയര്‍ വൈസ് മാര്‍ഷല്‍മാരായ ആര്.ജി.കെ. കപൂര്‍, ശ്രീകുമാര്‍ പ്രഭാകരന്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. പ്രവേശനമുണ്ടായില്ലെങ്കിലും ആയിരക്കണക്കിനാളുകള്‍ ഭാരത് മാതാവിന് ജയ് വിളിച്ചുകൊണ്ട് അവിടെയെത്തിയിരുന്നു.
പാക് സൈന്യത്തിന്റെ പിടിയിലകപ്പെട്ട ശേഷം രണ്ട് ദിവസത്തിനുള്ളില്‍ അവര്‍ക്ക് വിട്ടയയ്ക്കേണ്ടിവന്ന ആദ്യ ഇന്ത്യന്‍ സൈനികനാണ് അഭിനന്ദന്. ഇന്ത്യയുടെ കര്‍ക്കശ നിലപാടിന് കീഴടങ്ങിയാണ് പൈലറ്റിനെ മോചിപ്പിക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് തീരുമാനിച്ചത്. ‘പുതിയ ഇന്ത്യ’യുടെ നിശ്ചയദാര്‍ഢ്യവും കരുത്തും വിളിച്ചോതിയാണ് വര്ത്തമാന് മടങ്ങിയെത്തുന്നത്. അഭിനന്ദനെ തിരികെ നല്‍കാതെ യാതൊരു വിധ ചര്‍ച്ചകള്‍ക്കുമില്ലെന്നും കര്‍ശന നടപടികള്‍ക്ക് ഇന്ത്യ തയാറെടുക്കുകയാണെന്നുമുള്ള നിലപാട് അറയിച്ചതും അന്താരാഷ്ട്രതലത്തില്‍ പാക്കിസ്ഥാന് ഒറ്റപ്പെട്ടതുമാണ് അഭിനന്ദനെ ഇത്രവേഗം തിരികെ ലഭിക്കാന്‍ കാരണം.
പാക് കസ്റ്റഡിയില്‍ പതറാതെ, തലകുനിക്കാതെ ഇന്ത്യയുടെ എക്കാലത്തെയും വീരപുത്രനായാണ് അദ്ദേഹത്തിന്റെ മടക്കം. ഒരുമണിയോടെ അഭിനന്ദനെ മോചിപ്പിക്കാനുള്ള നടപടികള്‍ പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പൂര്‍ത്തിയാക്കിയിരുന്നു. പാക്കിസ്ഥാനിലെ ഇന്ത്യന്‍ അറ്റാഷെ ജെ.പി. കുര്യന് ഇസ്ലാമാബാദില് അഭിനന്ദനെ സ്വീകരിച്ചു.
വൈസ് എയര്മാര്ഷല്മാരടങ്ങുന്ന വ്യോമസേനാ സംഘവും അഭിനന്ദന്റെ കുടുംബവും വാഗയില്‍ അദ്ദേഹത്തെ സ്വീകരിച്ചു.തുടര്‍ന്ന് വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കി അമൃത്സര്‍ വിമാനത്താവളത്തിലെത്തി. പിന്നീട് ദല്‍ഹിക്ക് തിരിച്ചു. വിദേശകാര്യ മന്ത്രാലയം വഴിയാണ് സാധാരണ യുദ്ധതടവുകാരെ കൈമാറുന്നത്. എന്നാല്‍ അഭിനന്ദനെ തങ്ങള്‍ക്ക് നേരിട്ട് കൈമാറണമെന്ന വ്യോമസേനയുടെ ആവശ്യം പാക്കിസ്ഥാന് അംഗീകരിക്കേണ്ടിവന്നു. വീട്ടിലേക്ക് സ്വാഗതം, വിങ് കമാന്‍ഡര്‍- അഭിനന്ദന് തിരിച്ചെത്തിയതിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യപ്രതികരണം ഇതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: