വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാവില്ലല്ലോ. ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും പറയാറുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് ഇതൊക്കെ ആരാണു പറയുക? നാല്പതിലേറെ സൈനികരെ വധിച്ച പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്കാന് ഇന്ത്യയെടുത്ത നടപടി തെരഞ്ഞെടുപ്പുസ്റ്റണ്ട് ആണെന്നു പറയുന്നൊരു നേതാവിനോട് ഒന്നും പറഞ്ഞിട്ടു കാര്യമില്ലെന്ന് അറിയാം. ഇരിക്കുന്ന സ്ഥാനത്തിന്റെ വിലയറിയാത്തവര്‍ക്ക് വാക്കിന്റെ വില മനസ്സിലാകുമോ? എന്നിട്ടും പോയ വാക്കുകള്‍ തിരിച്ചെടുക്കാന്‍ അദ്ദേഹം ഒരു ശ്രമം നടത്തിനോക്കി. ആദ്യം പറഞ്ഞതു പിറ്റേന്നുവിഴുങ്ങി. അത് ആരുടെ നിര്ദേശംകൊണ്ടാണെന്നോ എന്തുതരം വീണ്ടുവിചാരംകൊണ്ടാണെന്നോ അറിയില്ല. ഏതായാലും തന്റേയും താനടങ്ങുന്ന പ്രസ്ഥാനത്തിന്റേയും യഥാര്‍ഥ സമീപനം എന്തെന്ന് ഒരിക്കല്‍ക്കൂടി അദ്ദേഹം പൊതുജനത്തെ ബോധ്യപ്പെടുത്തി.
ആഞ്ഞൊന്ന് അടിച്ചാല്‍ കരഞ്ഞു കാലുപിടിക്കുന്ന പാക്കിസ്ഥാന് ഇന്ത്യയുടെ കരുത്തിനുമുന്നില്‍ ഒന്നുമല്ലെന്നതു സത്യം. ആയുധ ബലത്തിലും സൈനികബലത്തിലും നയതന്ത്രമികവിലും ഇന്ത്യയോടു കിടപിടിക്കില്ല. പക്ഷേ, അവര്‍ക്ക് അനുകൂലമായി ഒരു ഘടകമുണ്ട്. അതാണ് ഇത്തരക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യം. പാക്കിസ്ഥാനില്‍ ഇന്ത്യാവിരുദ്ധതയാണു രാഷ്ട്രീയം. അതിന്റെ പേരിലാണു രാഷ്ട്രീയക്കാര്‍ പിടിച്ചുനില്‍ക്കുന്നത്. ഇന്ത്യയില്‍ അതല്ല സ്ഥിതി. ഇവിടെ ഇന്ത്യാവിരുദ്ധതയും പാക്കിസ്ഥാന് സ്നേഹവും കൊണ്ടുനടക്കുന്ന ഇത്തരം ചില വിഭാഗങ്ങള്‍ സൈ്വരവിഹാരം നടത്തുന്നുണ്ട്. രാഷ്ട്രീയത്തില്‍ മാത്രമല്ല മാധ്യമരംഗത്തും സാംസ്കാരിക നായകരിലും അത്തരക്കാരുണ്ട്. അതൊരു നിഗൂഢമായ അച്ചുതണ്ടാണ്. പ്രശസ്തിക്കുള്ള മുഖ്യ ഉപായമായി ഇക്കൂട്ടര്‍ ഉപയോഗിക്കുന്നത് ഈ ചിന്താഗതിയാണ്. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്ക് അത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. രാജ്യം നശിച്ചാലും വിഘടനവാദികളുടെ വോട്ടുകൊണ്ട് തങ്ങള്‍ക്കു ഭരണത്തിലേറാമെങ്കില് അതാണ് അഭികാമ്യമെന്നു ചിന്തിക്കുന്നവരുടെ പൊതുശത്രുവാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ആ യാഥാര്‍ഥ്യം പലകാര്യങ്ങളും വ്യക്തമാക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഒരേസമയം രണ്ടു തലത്തിലുള്ള പോരാട്ടം നടത്തേണ്ടതായി വരുന്നുമുണ്ട്. കാലാകാലമായി തുടരുന്ന ഈ ജീര്‍ണിച്ച യാഥാര്‍ഥ്യത്തെ വേരോടെ പിഴുതെറിയാനുള്ള ശ്രമത്തിലാണ് മോദി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍. മോദിയെ താഴെയിറക്കാന്‍ പാക്കിസ്ഥാന്റെ സഹായം തേടുന്നവരുടെയും പാക്കിസ്ഥാനു സമ്മതരായവരെ ഭരണത്തിലേറ്റാന്‍ ശ്രമിക്കുന്നവരുടെയും ലക്ഷ്യം സ്വന്തം രാജ്യത്തിന്റെ നന്മയല്ലെന്ന് ഉറപ്പ്.
ഉള്ളില്‍ കിടന്നു തിളയ്ക്കുന്ന ഈ വികാരമാണ് കോടിയേരി ബാലകൃഷ്ണന് എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ നാവിലൂടെ പുറത്തുചാടിയത്. മറ്റു പലരും മനപ്പൂര്‍വം ഉള്ളിലടക്കിവച്ച കാര്യം കോടിയേരി പറഞ്ഞുപോയെന്നു കരുതിയാല്‍ മതി. ഇന്ത്യയെ തകര്‍ക്കുമെന്നു പ്രഖ്യാപിച്ചവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുകയും വിഘടനവാദികളേയും ഭീകരവാദികളെയും ബലിദാനികളായി ആദരിക്കുകയും ചെയ്യുന്നൊരു പ്രസ്ഥാനത്തെ നയിക്കുന്നവരുടേയും അവരുടെ ബൗദ്ധികാചാര്യന്മാരുടേയും പൊതുചിന്താഗതിയാണത്. എങ്കിലും അതു തുറന്നടിച്ചു പറയാന്‍ പറ്റിയ സമയമല്ല ഇതെന്ന തിരിച്ചറിവ് ചിലര്‍ക്കൊക്കെ ഉണ്ടായിക്കാണണം. ആ വിവേകം രക്തത്തില്‍പ്പോലും ഇല്ലാത്തതുകൊണ്ട് കോടിയേരി സഖാവ് അതങ്ങു തുറന്നടിച്ചു പറഞ്ഞു. നേര്‍വഴി ചിന്തിക്കുന്നവര്‍ക്കു കാര്യങ്ങള്‍ ബോധ്യമാകാനുള്ള സമയമായിക്കഴിഞ്ഞു. ഉലകംചുറ്റും വാലിബനെന്നു നരേന്ദ്ര മോദിയെ പരിഹസിച്ചവര്ക്ക് മനസ്സുവച്ചാല്‍ ഇന്നു മനസ്സിലാകും ഇത്രയേറെ ലോക രാഷ്ട്രങ്ങള്‍ ഈ നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യക്കൊപ്പം നിന്നത് എന്തുകൊണ്ടാണെന്ന്. മോദിയെ പേടിക്കുന്നൊരു പ്രധാനമന്ത്രിയാണിന്നു പാക്കിസ്ഥാനിലെ ഇമ്രാന്ഖാന്. മോദിതന്നെ ഇനിയും ഇന്ത്യ ഭരിച്ചാല്‍ പാക്കിസ്ഥാന്റെ നിലനില്പുതന്നെ കുഴപ്പത്തിലാകുമെന്ന് അവരുടെ മാധ്യമങ്ങള്‍ പറയുന്നു. വേറൊരു രൂപത്തിലാണെങ്കിലും ഇതൊക്കെത്തന്നെയല്ലേ ഇന്ത്യയിലെ ഈ രാഷ്ട്രീയക്കാരും ചില മാധ്യമങ്ങളും ആശങ്കപ്പെടുന്നത്്?
ശരിയാണ്. ഇന്ത്യക്കു പാക്കിസ്ഥാനോടുമാത്രം പൊരുതിയാല്‍ പോരാ. ഇന്ത്യ്ക്കകത്തെ ശത്രുക്കളോടും പോരാടണം. പൊരുതും. രാജ്യത്തെ സ്്നേഹിക്കുന്നവര്‍ക്ക് ആത്മധൈര്യം പകരുന്നൊരു ഭരണമാണിന്നുള്ളത്. ആ ചിന്താഗതിക്കാരുടെ മനസ്സാണ് ഈ ഭരണത്തിന്റെ അടിത്തറ. ആ അടിത്തറപോലെ തന്നെ ശക്തമാണ് നേതൃത്വവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: