കൊച്ചി: ഏത് സാഹചര്യവും നേരിടാന്‍ തയാറായി ഇന്ത്യന്‍ നാവികസേനയും. ഇന്ത്യക്കെതിരായി പാക്കിസ്ഥാന് നേവിയുടെ ഏത് നീക്കവും പ്രതിരോധിക്കാനും തിരിച്ചടിക്കാനുമുള്ള തയാറെടുപ്പാണുള്ളത്. ഐഎന്‍എസ് കൊല്‍ക്കത്ത, ചെന്നൈ, കൊച്ചി കപ്പലുകളാണ് പ്രധാനമായും സജ്ജമായിട്ടുള്ളത്.
കനത്ത പ്രഹരശേഷിയുള്ള ഇന്ത്യയുടെ അത്യാധുനിക യുദ്ധക്കപ്പലുകളാണ് മൂന്നും. ഇന്ത്യന്‍ മഹാസമുദ്രത്തിലും അറബിക്കടലിലും ശക്തവും പൂര്‍ണവുമായ ആധിപത്യം നേടാന്‍ കൊല്‍ക്കത്ത ക്ലാസ് കപ്പലുകള്‍ക്ക് സാധിക്കും.
ഇന്ത്യന്‍ പ്രതിരോധത്തിന്റെ കുന്തമുനയായ ബ്രഹ്മോസ് മിസൈല്‍ വഹിക്കാനുള്ള ശേഷി തന്നെയാണ് ഈ കപ്പലുകളുടെ ഏറ്റവും വലിയ ശക്തി. 290 കിലോമീറ്റര്‍ ദൂരം പ്രഹരശേഷിയുള്ള ബ്രഹ്മോസ് മിസൈലുകള്‍ ഈ കപ്പലുകളില്‍ നിന്ന് അനായാസം തൊടുക്കാം.
സര്‍ഫസ് ടു എയര്‍ മിസൈല്‍ ബാരക് -8, 76 എം.എം സൂപ്പര്‍ റാപ്പിഡ് ഗണ്‍ മൗണ്ട്, എ.കെ. 630 സിഐഡബ്യൂഎസ് (ക്ലോസ് ഇന്‍ വെപ്പണ്‍ സിസ്റ്റം) എന്നീ ആയുധങ്ങള്‍ ഈ കപ്പലുകളില്‍ നിന്ന് പ്രയോഗിക്കാം.
അത്യാധുനിക കോംപാക്ട് മാനേജ്മെന്റ് സിസ്റ്റം (സിഎംഎസ് 15 എ), ഇലക്ട്രോണിക് വാര്‍ഫെയര്‍ സിസ്റ്റം, ശത്രുക്കളുടെ റഡാര്‍ നിയന്ത്രിത മിസൈല്‍ ടെക്നോളജി (മിസൈല്‍ ഗതിമാറ്റി വിടാനുള്ള സംവിധാനം), പുതിയ ആശയവിനിമയ സംവിധാനങ്ങള്‍ എല്ലാം ഇവയിലുണ്ട്.
കൊല്‍ക്കത്ത ക്ലാസ് ഡിസ്ട്രോയര്‍ കപ്പലുകളുടെ മറ്റൊരു പ്രത്യേകത സോണാറാണ്. ലോകത്തിലേതന്നെ ഏറ്റവും മികച്ച സോണാര്‍ സിസ്റ്റമായ ഹംസാ-എന്‍ജിയാണ് ഈ കപ്പലുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ശത്രുസാന്നിധ്യം കൃത്യമായി കണ്ടെത്താന്‍ ഇതിനാകും. വെള്ളത്തിനടിയിലൂടെ ശബ്ദ തരംഗങ്ങള്‍ അയയ്ക്കുന്ന സംവിധാനമാണ് സോണാര്‍.
ഇത് വികസിപ്പിച്ചത് കൊച്ചി കാക്കനാട്ടുള്ള എന്പിഒഎല്ലിലാണ്. 12 ടണ്‍ കരുത്തുള്ള രണ്ടു മീഡിയം റേഞ്ച് ഹെലികോപ്റ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനും ഈ കപ്പലുകള്‍ക്ക് ശേഷിയുണ്ട്. 163 മീറ്റര്‍ നീളവും 17.4 മീറ്റര്‍ വീതിയുമുള്ള കപ്പലിന്റെ ഭാരം 7500 ടണ്ണാണ്. കംപെയ്ന്‍ഡ് ഗ്യാസ് ആന്‍ഡ് ഗ്യാസ് പ്രൊപ്പല്‍ഷന്‍ സംവിധാനമാണ് (കോഗ്യാസ്) മൂന്ന് കപ്പലുകളിലും ഉപയോഗിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: