തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ പുരസ്കാരമെല്ലാം ചലച്ചിത്ര അക്കാദമി അംഗങ്ങളുടെ സിനിമകള്‍ക്ക്. അക്കാദമി അംഗങ്ങളുടെ ചിത്രങ്ങള്‍ക്ക് വ്യക്തിഗത അവാര്‍ഡിനു മത്സരിക്കാന്‍ പാടില്ലെന്ന് ചട്ടമുള്ളതു കൊണ്ട് മറ്റു പുരസ്കാരങ്ങള്‍ നല്കി തുലനം ചെയ്യുകയായിരുന്നെന്നും വിമര്‍ശനമുയര്‍ന്നു.
ചലച്ചിത്രഅക്കാദമി ചെയര്മാന് കമലിന്റെ ചിത്രമായ ആമി, വൈസ്ചെയര്‍പേഴ്സണ്‍ ബീനാ പോള്‍ എഡിറ്റിങ് നിര്‍വ്വഹിച്ച കാര്‍ബര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ലഭിച്ചത് എട്ട് അവാര്‍ഡുകള്‍. ബീനാപോളിന്റെ ഭര്‍ത്താവ് വേണു സംവിധാനം ചെയ്ത കാര്‍ബണിന് മാത്രം ആറ് അവാര്‍ഡുകളാണ് ലഭിച്ചത്. വാണിജ്യലാഭം പ്രതീക്ഷിച്ചുകൊണ്ടുള്ള ചേരുവകള്‍ മാത്രം ചേര്‍ത്ത് ചിത്രീകരിച്ച കാര്‍ബണ്‍ പോലൊരു ചിത്രത്തിന് വാരിക്കോരി അവാര്‍ഡുകള്‍ നല്‍കിയതില്‍ പ്രതിഷേധം ശക്തമാണ്.
മികച്ച ചിത്രം, സംവിധായകന്, കഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ അവാര്‍ഡുകള്‍ക്കു വേണ്ടി മത്സരിക്കുന്നതിനു ‘ആമി’ക്കു തടസ്സമുണ്ടായിരുന്നു. എഡിറ്റര്‍ക്കുള്ള അവാര്‍ഡിനു മത്സരിക്കുന്നതിന് ‘കാര്‍ബണി’നും തടസ്സമുണ്ട്. എന്നാല്‍ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നവരുടെ സിനിമകളിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് നല്കുന്നതിനു നിയമ തടസ്സമില്ല. ഈ നിയമത്തിലെ പഴുതുപയോഗിച്ചാണ് കാര്‍ബണും ആമിയും സ്വാധീനത്തിന്റെ ബലത്തില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയത്. അക്കാദമി ചെയര്‍മാനായ കമലിന്റെ പടം മത്സരത്തില്‍ പങ്കെടുപ്പിക്കണമെങ്കില്‍ ചെയര്മാന് പദവി രാജി വച്ച ശേഷം ചിത്രം മത്സരത്തിന് അയയ്ക്കാമെന്ന നിയമോപദേശം ലഭിച്ചിരുന്നെങ്കിലും അതിന് തയാറായില്ല.
പുരസ്കാര പ്രഖ്യാപനത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലും വിമര്‍ശനം ശക്തമാണ്. ജൂറി ഉള്‍പ്പടെ പത്തംഗ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത് ആരെന്ന ചോദ്യമുന്നയിക്കുന്ന പോസ്റ്റുകള്‍ ഇതിനോടകം വന്നുകഴിഞ്ഞു. അവാര്‍ഡ് നിര്‍ണയത്തില്‍ സ്വാധീനമുണ്ടായെന്ന് പുരസ്കാരം പ്രഖ്യാപിച്ചതോടെ വ്യക്തമായെന്ന തരത്തിലും സാമൂഹ്യമാധ്യമങ്ങള്‍ പ്രതികരിക്കുന്നുണ്ട്.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ രൂക്ഷമായി രംഗത്തുവന്നവരില്‍ ഒരാളാണ് ഡബ്ലുസിസിയുടെ തലപ്പത്തു ഉള്ള ബീനാപോള്‍. അതുകൊണ്ടു തന്നെ ദിലീപിന്റെ കമ്മാരസംഭവത്തിന് വേണ്ട പരിഗണന ലഭിച്ചില്ലെന്ന പരാതിയും ദിലീപ് ആരാധകരും സാമൂഹ്യമാധ്യമങ്ങളും പങ്കുവയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: