തിരുവനന്തപുരം: പുല്‍വാമയില്‍ ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ച പാക്കിസ്ഥാന് ചുട്ടമറുപടിയുമായി ഇന്ത്യന്‍ സൈന്യം മുന്നേറുമ്പോള്‍ സംസ്ഥാനത്തെ ഇടത് നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും കടുത്ത പാക്കിസ്ഥാന് പ്രേമം. മതന്യൂനപക്ഷങ്ങളുടെ വോട്ടിനുവേണ്ടി വിലകുറഞ്ഞ രാഷ്ട്രീയ പ്രസംഗങ്ങള്‍ ഇടത് നേതാക്കള്‍ നടത്തുമ്പോള്‍ മോദി വിരോധത്തിലാണ്ട് ചില മാധ്യമങ്ങളും ഇടത് നേതാക്കളുടെ കുഴലൂത്തുകാരാകുന്നു. സ്വന്തം ജീവന് പോലും വകവയ്ക്കാതെ രാജ്യസുരക്ഷ മാത്രം ലക്ഷ്യം വച്ച് മൂന്നേറുന്ന സൈന്യത്തിന്റെ മനോവീര്യം കെടുത്തുന്നതാണ് നേതാക്കളുടെ പ്രസ്താവന.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സൈന്യത്തിന്റെ മാനോവീര്യം കെടുത്തുന്നതോടൊപ്പം രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്ന തരത്തിലുള്ള പ്രസ്താവനയുമായി രംഗത്ത് എത്തിയത്. രാജ്യസുരക്ഷയെക്കാള്‍ വലുത് തെരഞ്ഞെടുപ്പ് എന്നാണ് കോടിയേരിയുടെ വാക്കുകളില്‍ നിന്ന് പ്രതിഫലിക്കുന്നത്. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ആക്രമണം തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുന്‍പു യുദ്ധമുണ്ടാക്കി തെരഞ്ഞെടുപ്പു പ്രക്രിയ അട്ടിമറിക്കാന്‍ ബിജെപി, ആര്‍എസ്എസ് ശ്രമത്തിന്റെ ഭാഗമാണെന്നാണ് കോടിയേരിയുടെ പ്രതികരണം. കൂടാതെ രാജ്യത്ത് മുസ്ലിം വിരോധം സൃഷ്ടിച്ചു വര്‍ഗീയ ധ്രൂവികരണത്തിന് ആര്‍എസ്എസ് ശ്രമം നടത്തുന്നതായും കോടിയേരി തട്ടിവിട്ടു. രാജ്യം ഒറ്റക്കെട്ടായി നിന്ന് പാക്കിസ്ഥാന്റെ ആക്രമണത്തെ ചെറുക്കണമെന്ന് കാശ്മീരി ജനതപോലും ആഗ്രഹിക്കുമ്പോഴാണ് സംസ്ഥാനത്തെ മതന്യൂനപക്ഷ വോട്ടിനു വേണ്ടി കോടിയേരിയുടെ രാജ്യദ്രോഹ പ്രസംഗം.
ചില ചാനലുകളുടെ സംപ്രേഷണവും വ്യത്യസ്തമായിരുന്നില്ല. സൈന്യം തിരിച്ചടിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെയും വിദേശകാര്യ സെക്രട്ടറിയുടെയും പ്രസ്താവനയെക്കാള്‍ പാക് പ്രധാനമന്ത്രിയുടെ മറുപടിക്കാണ് കൈരളി ചാനല്‍ പ്രാധാന്യം നല്‍കിയത് ശക്തമായി തിരിച്ചടിക്കും എന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസ്താവന വളരെ പ്രധാന്യത്തോടുകൂടി സംപ്രേഷണം ചെയ്യുകയായിരുന്നു. കൂടാതെ ചൈന എന്തു പറയുന്നു എന്നതിനും കാതോര്‍ത്തു. പുല്‍വാമയില്‍ സൈനികര്‍ വീരമൃത്യു വരിച്ചപ്പോഴും ഇത്തരത്തിലുള്ള തണുത്ത പ്രതികരണമായിരുന്നു ചാനലുകള്‍ സംപ്രേഷണം ചെയ്തത്. എല്ലാ പത്രങ്ങളും പ്രധാന വാര്‍ത്തയാക്കിയപ്പോള്‍ പാര്‍ട്ടി പത്രമാകട്ടെ അത്രയ്ക്ക് പ്രധാന്യവും നല്‍കിയില്ല. മീഡിയ വണ്‍ ചാനലിന്റെ പ്രതികരണവും വ്യത്യസ്തമല്ല. സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് പുറത്ത് വന്നത്. ആക്രണമവുമായി ബന്ധപ്പെട്ട് ചാനലില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുമ്പോള്‍ പുല്‍വാമയില്‍ കാര്‍ ബോംബുമായി എത്തിയ ആദില്‍ അഹമ്മദിനെ വിശുദ്ധനാക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളായിരുന്നു പുറത്ത് വന്നത്. കൂടാതെ കശ്മീരി ജനതയെ സൈന്യം അകാരണമായി പീഡിപ്പിക്കുന്നതിനാലാണ് ഇത്തരത്തിലുള്ള ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടാകുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെ കൊണ്ട് പ്രതികരിപ്പിച്ചു.
രാജ്യം ഒറ്റക്കെട്ടായി നിന്ന് സൈന്യത്തിന് പിന്തുണ നല്‍കണമെന്ന സൈനിക മേധാവി തന്നെ ആവശ്യപ്പെട്ടിട്ടും രാജ്യസുരക്ഷയെക്കാള്‍ വോട്ട് എന്ന നിലപാടിലാണ് കോടിയേരിയും ചില മാധ്യമങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: