പണം വാങ്ങി പണിയേറ്റവര്‍ ‘പണി മേടിച്ച്’ പടം മടക്കുമെന്നുറപ്പായി. ഇന്ത്യയിലെ മഹാഗഡ്ബന്ധനില്‍ പാക്കിസ്ഥാന് പ്രതീക്ഷ നഷ്ടപെട്ടു. തങ്ങള്‍ക്കുവേണ്ടി പണിയെടുക്കുന്നവര്‍, നരേന്ദ്രമോദി നയിക്കുന്ന ഭാരതീയ ശക്തികളുടെ മുമ്പില്‍ പിടിച്ചുനില്‍ക്കില്ലെന്ന തിരിച്ചറിവാണ് കശ്മീരില്‍ തീവ്രവാദ സാഹസികതയിലേക്ക് തിരിയാന്‍ പാക്കിസ്ഥാന് പ്രേരകമായത്. പാക്താല്പര്യങ്ങള്ക്ക് വഴങ്ങാന്‍വേണ്ടി രൂപംനല്കി, രാഹുലും യെച്ചൂരിയും നേതൃത്വം നല്കുന്ന അവിശുദ്ധ രാഷ്ട്രീയക്കൂട്ടുകെട്ട് ഫലം നല്‍കില്ലെന്ന് വ്യക്തമായപ്പോള്‍ ശീലിച്ചുപഴകിയ തീവ്രവാദ അട്ടിമറിയുടെ ചോരക്കളി കൂടുതല്‍ പരീക്ഷിക്കാമെന്നാകാം പാക്കിസ്ഥാന് കരുതിയത്.
കശ്മീര്മണ്ണില് ധീരജവാന്മാരെ ക്രൂരമായി കുരുതിചെയ്ത് നടത്തിയ വെല്ലുവിളിക്കുപിന്നില് ഭാരതത്തിനുള്ളിലെ രാഷ്ട്രീയത്തില്‍ പാക്താല്പര്യം ഉറപ്പാക്കാനുള്ള ലക്ഷ്യങ്ങളുമുണ്ടെന്ന് വായിച്ചറിയാം.
അധികാരം ഏറ്റതുമുതല്‍ നരേന്ദ്രമോദി പാക്ക്വെല്ലുവിളികളെ നേരിടുന്നതില്‍ കാട്ടിയ ശ്രദ്ധയും പക്വതയും ഭരണതന്ത്രമികവും ഭാരതത്തിനകത്തും പുറത്തും അംഗീകാരം നേടി. സ്വാഭാവിക സൗഹൃദത്തിനായി കൈനീട്ടി, മറുഭാഗത്ത് അടിക്കാനായി കൈ ഉയരുന്നുവെന്ന് കണ്ടപ്പോള്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് ചെയ്ത് ആ കയ്യൊടിച്ചു. ഇന്ത്യയ്ക്കകത്തുള്ള പാക്ക് അനുകൂല വിഘടനവാദികളുടെ സാമ്പത്തിക സ്രോതസ്സ് കള്ളനോട്ടും കള്ളപ്പണവുമാണെന്ന് കണ്ടെത്തിയപ്പോള്‍ നോട്ടുനിരോധനത്തിന്റെ രൂപത്തില്‍ മറ്റൊരു സര്‍ജിക്കല്‍ സ്ട്രൈക്ക്.
അന്തര്‍ദേശീയരംഗത്ത് പരമ്പരാഗത പാക്ക് അനുകൂല ശക്തികളെ പുതിയ നയതന്ത്രനീക്കങ്ങളിലൂടെ ഭാരതം മുന്നോട്ടുവെക്കുന്ന ശരിയുടെ സമീപനത്തിലേക്ക് വഴിതിരിച്ചുകൊണ്ടുവരാന് നടത്തിയ വിജയകരമായ ശ്രമങ്ങള്‍. അങ്ങനെ ഒന്നിനു പിന്നാലെ ഒന്നെന്നരീതിയില് നടന്ന ചുവടുവെപ്പുകള്‍ ഉറച്ചുകഴിഞ്ഞാല്‍ ഭാരതം നരേന്ദ്രമോദി, ദേശീയത, എന്നീ ശക്തികളുടെ നേതൃത്വത്തില്‍ പിടിച്ചുനിര്‍ത്താനാവാത്ത ഉയരങ്ങളിലേക്ക് കുതിക്കുകയും തത്ഫലമായി പാക്കിസ്ഥാന് അപ്രസക്തമാവുകയും ചെയ്യുമെന്ന് പാക്ക്പക്ഷം സ്വാഭാവികമായും ഭയപ്പെട്ടു. അന്ധമായ ഭാരതവിരോധം സഹകരണത്തിന്റെ വഴിയോട് മുഖംതിരിച്ചു നില്‍ക്കാനും ഇടയായി.
ഈ സാഹചര്യമാണ് ഭാരതത്തിനുള്ളില്‍ നിന്ന് വിലയ്ക്കുവാങ്ങാന്‍ കഴിയുന്ന രാജ്യദ്രോഹികളിലേക്കുള്ള പാക്കിസ്ഥാന്റെ ശ്രദ്ധ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയത്. ഭാരതവിരുദ്ധ നീക്കങ്ങള്‍ക്ക് സഹായകരമാകാനിടയുള്ള ഘടകങ്ങളെ ഒന്നിച്ചുകൊണ്ടുവന്നുള്ള ഒരു ഭരണതന്ത്രം മെനയുന്നതിലായി അവരുടെ സ്വാഭാവികശ്രദ്ധ.
ആ വഴിക്കുള്ള പാക്ക്മോഹങ്ങള്ക്ക് രൂപവും ഭാവവും നല്കാന് സോണിയയുടെയും രാഹുലിന്റെയും ദൗത്യം വഹിച്ചെത്തിയ മണിശങ്കര്‍ അയ്യരുടെ സംഭാവനയാണ് ഏറ്റവും നിര്‍ണ്ണായകമായത്. അയ്യര്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടത് പ്രധാനമന്ത്രി സ്ഥാനത്തുനിന്നു മോദിയെ ഒഴിവാക്കാന്‍ മാത്രം ആയിരുന്നില്ല. നരേന്ദ്രമോദിയെത്തന്നെ ഒഴിവാക്കാനാണ് അയ്യര്‍ പാക്ക്സഹായം തേടിയത്. ദിഗ്വിജയ്സിങ്ങും ശശിതരൂരും നവജോത് സിങ് സിദ്ദുവുമൊക്കെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് എന്ന ഇന്ത്യയുടെ ഏറ്റവും പഴക്കംചെന്ന രാഷ്ട്രീയപാര്‍ട്ടിയെ ഭാരതീയ ദേശീയതക്കെതിരെയുള്ള പടപ്പുറപ്പാടിന്റെ പാക്ക്വഴികളിലെത്തിക്കാന് നിരന്തര പ്രയത്നം ചെയ്തു.
ഈ പശ്ചാത്തലത്തിലാണ് 2019ല്‍ ഭാരതത്തില്‍ നടക്കേണ്ട പൊതുതെരഞ്ഞെടുപ്പെന്ന അവസരം മുതലെടുക്കാനുള്ള ലക്ഷ്യവുമായി ഒരു മോദിവിരുദ്ധമുന്നണി എന്ന അജണ്ടയിലേക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള തല്പരശക്തികള് എത്തിച്ചേര്‍ന്നത്. ചുരുക്കത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വം ഭാരതത്തെ വികസനത്തിന്റെ അതിവേഗപാതയിലൂടെ കൊണ്ടുപോകുമ്പോള്‍ വഴിമുടക്കികള്‍ കൂട്ടുകൂടി മഹാഗഡ് ബന്ധന് പണിതുടങ്ങി. അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്കുവേണ്ടി സ്വയം പണയം വെക്കുന്ന കോണ്‍ഗ്രസ്സ്, എന്നും ചൈനയ്ക്ക്വേണ്ടി പണിയെടുക്കുന്ന കമ്മ്യൂണിസ്റ്റുകള്‍, പാക്കിസ്ഥാനൊപ്പം നില്ക്കുന്ന മതമൗലികവാദശക്തികള്‍, ചരിത്രപരമായിതന്നെ പടിഞ്ഞാറന്‍ സാമ്രാജ്യത്വശക്തികള്‍ക്ക് വിടുപണിചെയ്തവര്‍ എന്നീ വിഭാഗങ്ങളാണ് മഹാഗഡ് ബന്ധന്റെ ആധാരശിലകള്‍. ജാതിയുടെയും മതത്തിന്റെയും പ്രാദേശികവാദത്തിന്റെയും പേരുപറഞ്ഞ് തട്ടിക്കൂട്ടിയ ദേശീയതാവിരുദ്ധരുടെ ചെറുതും വലുതുമായ രാഷ്ട്രീയപാര്‍ട്ടികള്‍ നിലനില്‍പ്പിനുവേണ്ടി ഗഡ്ബന്ധനത്തിന് കൂട്ടുനിന്നു. മോദിഭരണം പടിപ്പുറത്തേക്ക് തള്ളിയ അഴിമതിയുടെയും കള്ളപ്പണത്തിന്റെയും ശക്തികളും അവരുടെ ദല്ലാളന്മാരും പിടിച്ചുനില്‍ക്കാനുള്ള അവസാന കച്ചിത്തുരുമ്പായികണ്ട് മോദിവിരുദ്ധ ഗഡ്ബന്ധന് ആളും അര്‍ത്ഥവും നല്‍കാനും തയ്യാറായി. എല്ലാം പിന്നില്‍നിന്ന് നയിക്കാന്‍ പാക്ക-ചീനാശക്തികള് അരയും തലയും മുറുക്കി അരങ്ങൊരുക്കി.
ഭാരതീയ ജനസമൂഹം ഓര്‍ക്കുന്നുണ്ട് 2014. ഭാരതീയ ജനതാപാര്‍ട്ടിയുടെയും എന്‍ഡിഎ സഖ്യകക്ഷികളുടെയും അന്നത്തെ തെരഞ്ഞെടുപ്പുവിജയം ഭാരതത്തിന്റെ ശത്രുശക്തികളുടെ ഉറക്കംകെടുത്തിയ ചരിത്രസംഭവമായിമാറി. ശക്തമായ ഭാരതം ഉയര്‍ത്തുന്ന സാധ്യതകള്‍ പടിഞ്ഞാറന്‍ സാമ്രാജ്യത്വശക്തികളും തിരിച്ചറിഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പുതിയഭാരതം പട്ടിണിക്കും നിരക്ഷരതയ്ക്കും അനാരോഗ്യത്തിനുമെതിരെ ഒന്നിച്ചു നിന്ന് പോരാടാം, പുതിയ കാല്വെപ്പുകളാകാമെന്ന് പറഞ്ഞ് സൗഹാര്‍ദ്ദഹസ്തം നീട്ടിയപ്പോഴും പാക്കിസ്ഥാന് തിരഞ്ഞെടുത്ത മാര്‍ഗ്ഗം നുഴഞ്ഞുകയറ്റത്തിന്റെയും തീവ്രവാദത്തിന്റേയുമായിരുന്നു. ചൈന അവര്‍ക്കൊപ്പം നിന്നു.
അതേസമയം, അടവുകളില്‍ മാറ്റംവരുത്തി മാറിയഭാരതത്തെ കൂടെകൂട്ടി, തങ്ങളുടെ താത്പര്യം ഉറപ്പുവരുത്തുന്നതാണ് ബുദ്ധി എന്ന് പടിഞ്ഞാറാന്‍ സാമ്രാജ്യത്വശക്തികള്‍ തിരിച്ചറിഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് വിസ നിഷേധിച്ചവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചുവന്ന പരവതാനിവിരിച്ച് സ്വീകരിക്കാന്‍ മത്സരംതുടങ്ങി. യുഎസ്സ് കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്ത് മോദി വ്യക്തമായ സന്ദേശവും നല്കി.
‘കഴിഞ്ഞകാലത്തിന്റെ പരിമിതികള്‍ നമ്മുടെ പിന്നിലേക്ക് മാറിയിരിക്കുന്നു. ഭാവിയുടെ ആധാരശിലകള്‍ ശക്തമായി ഉറപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
വാട്ട് വിറ്റ്മാന്റെ വരികളനുസരിച്ച് ‘ഗായകസംഘം അവരുടെ ഉപകരണങ്ങള്‍ വേണ്ടുംവിധം ട്യൂണ്‍ ചെയ്തു. ബാറ്റന് സൂചനയും നല്‍കിക്കഴിഞ്ഞു.’ അതിനോട് ഞാന്‍ കൂട്ടിച്ചേര്‍ക്കട്ടെ, പുതിയ സംഗീതവും തുടങ്ങി’ ലോകം അങ്ങനെ രണ്ടുകയ്യും നീട്ടിയ ഹൈന്ദവസംസ്കൃതിയുടെ വിശ്വദര്‍ശനം തുടങ്ങിവെച്ച ചുവടുകള്‍ വിജയത്തിലേക്ക് നീങ്ങാന്‍ നരേന്ദ്രമോദിയുടെ നേതൃത്വമായിരിക്കും ഭാരതത്തിനും ലോകത്തിനും ഹിതകരം എന്ന തിരിച്ചറിവ് ജനാധിപത്യഭാരതത്തിന് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നു. മറുപക്ഷത്ത് മഹാഗഡ് ബന്ധന് ചാപിള്ളയാണെന്ന സ്കാന്‍ റിപ്പോര്‍ട്ടുകളും. മഹാഗഡ്ബന്ധന് കൈപിടിച്ച് നടത്താന്‍ ശ്രമിച്ച രാജകുമാരനാണെങ്കില്‍ എഴുന്നേറ്റ് നില്ക്കാന് പോലുമാകുമോയെന്ന് ഉറപ്പില്ല.
ഈ സാഹചര്യത്തിലാണ് ഒളിഞ്ഞിരുന്നാക്രമിക്കുന്ന തീവ്രവാദത്തിന്റെ വഴിയിലുള്ള ശ്രമംതന്നെ തുടരാന്‍ പാക്കിസ്ഥാന് തയ്യാറായാത്. 2004 മുതല്‍ 2014വരെ ഭരിച്ച യുപിഎ പാക്കിസ്ഥാന് ഏറ്റവും അനുകൂലമായ ഇന്ത്യന്‍ ഭരണകൂടമായിരുന്നു. അങ്ങനെയൊന്ന് പുനര്‍ജനിക്കുന്നതിനുള്ള സാധ്യതകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് മനസ്സിലാക്കിയിടത്തുനിന്നാണ് 44 ധീരജവാന്മാരുടെ ക്രൂരകൊലപാതകം പദ്ധതിയിട്ടതിന്റെ തുടക്കം. ലക്ഷ്യം സ്പഷ്ടമാണ്, നരേന്ദ്രമോദി ഇതുവരെനേടിയ നേതൃത്വശേഷിയുടെ പ്രതിച്ഛായ തകര്‍ക്കുക. പ്രതീക്ഷ നഷ്ടപ്പെടുന്ന ജനങ്ങളെ ഉപയോഗിച്ച് പാക്ക്താല്പര്യം സംരക്ഷിക്കാനുതകുന്ന പാവസര്‍ക്കാര്‍ രൂപീകരിക്കുന്നതിനിടയാക്കുക.
പക്ഷേ അവിടെ പാക്കിസ്ഥാന് തെറ്റി. ഭാരതത്തിന്റെ രാഷ്ട്രശക്തിയെയാണ് വെല്ലുവിളിച്ചത്. വേദനിക്കുകയും ഒപ്പം പ്രക്ഷുബ്ദമാവുകയും ചെയ്ത ദേശീയതയോടൊപ്പം നില്ക്കുന്ന ജനമനസ്സ് അതിശക്തമായ തിരിച്ചടിയുടെ വാര്‍ത്തകള്‍ക്കുവേണ്ടി കാത്തിരിക്കുകയാണ്. ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങുന്ന പണിയില്‍ പാക്കിസ്ഥാന് പശ്ചാത്തപിക്കേണ്ടിവരും. അടിയിരിക്കുന്നിടത്തേക്കാണ് ചെവിട് വെച്ചുകൊടുത്തത്. ശക്തമായ തിരിച്ചടിക്ക് ഉതകുന്ന അമ്പുകള്‍ നിറഞ്ഞതാണ് നരേന്ദ്രമോദിയുടെ ആവനാഴി.
(ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: