പാലക്കാട്: പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബിജെപി തീരുമാനം. പാലക്കാട്ട് ചേര്‍ന്ന സംസ്ഥാന നേതൃയോഗം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഗുണഭോക്താക്കളായവരെ പങ്കെടുപ്പിച്ച് 26ന് കമല്‍ ജ്യോതി തെളിയിക്കും. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കിയാവും ഇത് സംഘടിപ്പിക്കുക. ഇതില്‍ നാല് ലക്ഷം പേര് പങ്കെടുക്കും. 28ന് പ്രധാനമന്ത്രി മോദി ഒരു കോടിയാളുകളുമായി സംവദിക്കുന്ന സംഘടന് സംവാദ് കേരളത്തിലെ 280 കേന്ദ്രങ്ങളില്‍ ഉണ്ടാവും. മാര്‍ച്ച് രണ്ടിന് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഓരോ ബൂത്തിലും കുറഞ്ഞത് മൂന്നു മുതല്‍ അഞ്ചു വരെ ബൈക്ക് റാലികള്‍ നടത്തും. 15,000 ബൂത്തിലാണ് റാലി നടത്തുക.
‘കേരളം മോദിക്കൊപ്പം, വീണ്ടും വേണം മോദി ഭരണം’ എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് നാല് ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ മാര്‍ച്ച് അഞ്ച് മുതല്‍ 10 വരെ പരിവര്‍ത്തന്‍ യാത്ര സംഘടിപ്പിക്കും. 20 ലോക്സഭാ മണ്ഡലങ്ങളെ നാലായി തിരിച്ചാണ് യാത്ര. ശബരിമല വിഷയത്തിനാകും പ്രാധാന്യം. തിരുവനന്തപുരം മേഖലായാത്ര കെ. സുരേന്ദ്രനും എറണാകുളത്തേത് എ.എന്‍. രാധാകൃഷ്ണനും പാലക്കാട്ട് ശോഭ സുരേന്ദ്രനും കോഴിക്കോട്ട് എം.ടി. രമേശും നയിക്കും. മാര്‍ച്ച് ഒമ്പത് മുതല്‍ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സുഷമാ സ്വരാജ്, സദാനന്ദ ഗൗഡ തുടങ്ങിയ ദേശീയ നേതാക്കള്‍ കേരളത്തിലെത്തും.
ബിജെപി മുന്നേറ്റം തടയാന്‍ കോണ്‍ഗ്രസ് ആസൂത്രിത ശ്രമം നടത്തുന്നതായി യോഗത്തില്‍ സംസാരിച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ആരോപിച്ചു. പാര്‍ട്ടിയില്‍ വിഭാഗീയതയും തര്‍ക്കവും രൂക്ഷമാണെന്ന തരത്തില്‍ കുപ്രചാരണം നടത്തുന്നത് അതിന്റെ ഭാഗമാണ്. കോണ്‍ഗ്രസ് വിചാരിച്ചാല്‍ തകര്‍ക്കാന്‍ കഴിയുന്നതല്ല ബിജെപി. പാര്‍ട്ടിയില്‍ യാതൊരുവിധ പ്രശ്നങ്ങളുമില്ല. മാത്രമല്ല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ വിശ്വാസികളെ മുന്നില്‍ നിന്ന് കുത്തിയത് സിപിഎമ്മാണെങ്കില്‍ പുറകില്‍ നിന്ന് കുത്തിയത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ വെല്ലുവിളികളെ അതേ നാണയത്തില്‍ തിരിച്ചടിക്കും. കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടും അതിന് പിന്നില്‍ സിപിഎം ആണെന്ന് ട്വിറ്ററില്‍ കുറിക്കാതെ അപലപിച്ച വ്യക്തിയാണ് എഐസിസി പ്രസിഡന്റ് രാഹുലെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിവാദങ്ങളില്ല. നേതൃത്വത്തിനെതിരെ വിമര്‍ശനവും ഉണ്ടായിട്ടില്ല. സാധ്യതാ പട്ടിക മാധ്യമ സൃഷ്ടിയാണ്. എന്‍ഡിഎ സീറ്റു വിഭജനം ഏകദേശ ധാരണയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: