മര്യാദാ പുരുഷോത്തമനായ ഭഗവാന് ശ്രീരാമന്റെ ജന്മദിനമാണ് ശ്രീരാമനവമി. ദശരഥ മഹാരാജാവിന്റെയും കൗസല്യയുടേയും മകനായി അയോധ്യയില്‍ ജനിച്ച രാമന് മഹാവിഷ്ണുവിന്റെ ഏഴാമത് അവതാരമായിരുന്നു.
രാമഭക്തര്‍ക്ക് അനുഷ്ഠാനപ്രധാനമാണ് രാമനവമി. ചൈത്രത്തിലെ ശുക്ലപക്ഷനവമിയും പുണര്‍തം നക്ഷത്രവും ചേര്‍ന്ന ദിവസമായിരുന്നു ഭഗവാന്റെ ജനനം. രാമകഥകള്‍ വാഴ്ത്തി, ഭജനകള്‍ പാടി, രാമവിഗ്രഹം തൊട്ടിലിലാട്ടി ശ്രീരാമസ്മൃതികളില് നിറയുന്നു രാമനവമി ആഘോഷങ്ങള്‍. നവമിക്ക് തലേന്നാള്‍ ഭക്തര്‍ ഉപവസിക്കണമെന്നത് നിര്‍ബന്ധമാണ്.
പിറ്റേന്ന് താരകമന്ത്രമായ രാമനാമം ജപി
ച്ച് ഭഗവാന് പൂജ ചെയ്ത ശേഷമേ ഉപവാസം അവസാനിപ്പിക്കാവൂ. ശ്രീരാമക്ഷേത്ര ദര്‍ശനവും നല്ലതാണ്. അന്ന് രാമവിഗ്രഹത്തില്‍ പഞ്ചാമൃതാഭിഷേകം നടത്തുന്നതും ശ്രേഷ്ഠം. രാമനവമി രാമന്റെ ജന്മദിനമാണെങ്കിലും രാമായണത്തില്‍ അതുല്യസ്ഥാനമുള്ള രാമപത്നി സീതാദേവി, സഹോദരന് ലക്ഷ്മണന്, രാമന്റെ പരമഭക്തനായ ഹനുമാന് എന്നിവര്‍ക്കും ആഘോഷങ്ങളിലും പൂജകളിലും അനിഷേധ്യസ്ഥാനമുണ്ട്. ഉത്തരേന്ത്യയില്‍ ചിലയിടങ്ങളില്‍ അന്ന് സൂര്യാരാധനയും നടത്തുന്നു. രാമന്റെയും സീതയുടെയും വിവാഹവാര്‍ഷികമെന്ന നിലയില്‍ കല്യാണോത്സവമായും ആഘോഷിക്കുന്ന പതിവുണ്ട്.
അയോധ്യയിലാണ് ആഘോഷങ്ങളേറെയും. യുപിയിലെ സീതാസമാഹിത് സ്ഥലിയിലെയും ബീഹാറിലെ സീതാമാര്ഹിയിലെയും ആഘോഷങ്ങള്‍ പ്രസിദ്ധമാണ്. ഒഡീഷയില്‍ പുരി ജഗന്നാഥക്ഷേത്രത്തിലെ രഥോത്സവത്തിന് ഒരുക്കങ്ങള്‍ ആരംഭിക്കുന്നത് രാമനവമിയോടെയാണ്.
ദക്ഷിണേന്ത്യയില്‍ ചൈത്രനവരാത്രിയായാണ് രാമനവമി ആഘോഷിക്കുന്നത്. തമിഴ്നാട്ടിലെ രാമേശ്വരവും, തെലങ്കാനയിലെ ഭദ്രാചലവും ആന്ധ്രയിലെ കോദണ്ഡരാമ ക്ഷേത്രവും അന്ന് ഭക്തജനബാഹുല്യത്താല് നിറയും കര്‍ണാടകത്തില്‍ രാമനവമിക്ക് വഴിയോരങ്ങളില്‍ രാമഭക്തരുടെ പ്രാദേശിക കൂട്ടായ്മകള്‍ ശര്‍ക്കരയും തയ്ക്കുമ്പളവും ചേത്തുണ്ടാക്കുന്ന പാനകം സൗജന്യമായി വിതരണം ചെയ്യും. ഏറെ സവിശേഷതയുള്ളതാണ് ഈ പാനീയം.
ഭക്തകവി തുളസീദാസ് രാമചരിതമാനസ് എഴുതിത്തുടങ്ങിയത് രാമനവമിനാളിലാണെന്ന് പറയപ്പെടുന്നു. ഉത്തമമാതൃകാപുരുഷനായ ശ്രീരാമന് സപ്തസാഗരങ്ങളിലെ സപ്തദ്വീപ് സമൂഹത്തിന്റെയെല്ലാം അധിപനായിരുന്നുവെന്ന് രാമചരിതമാനസത്തില്‍ പരാമര്‍ശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: