ലോകത്തെ മൊത്തം കരഭൂവിസ്തൃതിയായ 14.9 കോടി ചതുരശ്രകിലോമീറ്ററിന്റെ വെറും രണ്ടു ശതമാനമായ 32.87 ലക്ഷം ചതുരശ്രകിലോമീറ്റര്‍ മാത്രമുള്ള ഇന്ത്യയില്‍ ലോകത്തെ മൊത്തം ജനസംഖ്യയുടെ പതിനാറു ശതമാനവും വളര്‍ത്തു മൃഗങ്ങളുടെ പതിനേഴ് ശതമാനവും അധിവസിക്കുന്നു. ലോകത്ത് മൊത്തമുള്ള ജലസ്രോതസുകളുടെ വെറും നാലുശതമാനം മാത്രമാണ് ഇത്രയും ജീവജാലങ്ങളുടെ ആവശ്യത്തിനായുള്ളതെന്ന വസ്തുത ജലസ്രോതസുകളുടെ പരിപാലനത്തിന്റെയും സംരക്ഷണത്തിന്റെയും പ്രാധാന്യം എടുത്തുകാട്ടുന്നു.
രാജ്യത്തിന്റെ ഏതൊരു വികസന സൂചികയെടുത്താലും അത് ഗുണനിലവാരമുള്ള ജല ലഭ്യതയുമായി ബന്ധപ്പെട്ട് കിടക്കുന്നതായി കാണാം. ഭക്ഷ്യസുരക്ഷ, നഗരവല്‍ക്കരണത്തിന്റെ വേഗത, സുസ്ഥിര ഗ്രാമവികസനം, ദുരന്തനിവാരണ മാനേജ്മെന്റ്, കാലാവസ്ഥാ വ്യതിയാനം, പ്രകൃതി വിഭവങ്ങളുടെ തുല്യമായ നീക്കിവയ്ക്കല് തുടങ്ങിയവയെല്ലാം ജലലഭ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
നമ്മുടെ രാജ്യത്തെ മൊത്തം ജലലഭ്യതയെ മൂന്നായി തിരിക്കാം: ഭൂഗര്‍ഭജലം, ഉപരിതലജലം, മഴവെള്ളം. മൊത്തം ജലലഭ്യതയുടെ നാല്പതു ശതമാനം രണ്ടുകോടി കുഴല്‍കിണറുകളില്‍ നിന്നു ലഭിക്കുന്ന ഭൂഗര്‍ഭജലമാണ്. രാജ്യത്തു ലഭിക്കുന്ന ശരാശരി വാര്‍ഷിക മഴ 1170 മില്ലീമീറ്ററാണ്. ഇന്നു നമുക്ക് ലഭിക്കുന്ന പ്രതിശീര്‍ഷ ജലലഭ്യത 1720 കൂബിക് മീറ്ററാണെങ്കില്‍ അത് 2025ല്‍ 1401 കൂബിക് മീറ്ററും 2050ല്‍ 1191 കൂബിക് മീറ്ററുമായി കുറയുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. പ്രതിശീര്‍ഷ ജലലഭ്യത 1700ല്‍ താഴെയാണെങ്കില്‍ ആ രാജ്യം ജലസമ്മര്‍ദ്ദം നേരിടുന്ന രാജ്യമായും, 1000ല്‍ താഴെയാണെങ്കില്‍ ജല വിരളരാജ്യമായും കണക്കാക്കാമെന്ന വസ്തുത കൂട്ടിവായിക്കുമ്പോള്‍ ശാസ്ത്രീയ ജല മാനേജ്മെന്റ് നയം അടിയന്തരമായി നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാകുന്നു.
ഇന്ത്യയിലെ അറുപതു കോടി ജനങ്ങള്‍ ജലദൗര്‍ലഭ്യം നേരിടുന്നു. ഗുണനിലവാരം കുറഞ്ഞവെള്ളം ഉപയോഗിക്കുന്നതു കാരണം ഓരോ വര്‍ഷവും രണ്ടു ലക്ഷംപേര്‍ മരിക്കുന്നു. ജല മാനേജ്മെന്റ് നയം നടപ്പാക്കിയില്ലെങ്കില്‍ രാജ്യം രൂക്ഷമായ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു
ഈ ദിശയിലേക്ക് ലക്ഷ്യമിട്ട് നീതി ആയോഗ് പുതിയൊരു സംയുക്ത ജല മാനേജ്മെന്റ് സൂചിക അടുത്ത കാലത്തു വികസിപ്പിച്ചു. ജൂണ്‍ 12ന് പ്രസിദ്ധീകരിച്ച ആ പഠന റിപ്പോര്‍ട്ടില്‍ നിന്നു പല ദൂരവ്യാപക ഫലങ്ങളും മനസിലാക്കാനായി. സംസ്ഥാനങ്ങളുടെ ജല സൂചികകള്‍ തമ്മില്‍ നല്ല അന്തരമുള്ളതായി പഠനം കാണിക്കുന്നു. ഏറ്റവും ഉയര്‍ന്ന സൂചികകള്‍ ഗുജറാത്ത് (76), മധ്യപ്രദേശ്(69), ആന്ധ്രാപ്രദേശ് (68) എന്നീ സംസ്ഥാനങ്ങളാണ് രേഖപ്പെടുത്തിയത്. കേരളം (42) ഉള്‍പ്പെടെയുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളും ജല സൂചിക അമ്പതില്‍ താഴെയാണ് രേഖപ്പെടുത്തിയത്.
ജനസംഖ്യ കൂടുതലുള്ള വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളാണിവയില് മുഖ്യം. കേരളം മത്രമേയുള്ളൂ ഇക്കൂട്ടത്തില്‍ പെട്ട തെക്കേ ഇന്ത്യന്‍ സംസ്ഥാനം. ജല ദൗര്‍ലഭ്യമുള്ള പല സംസ്ഥാനങ്ങളുടെയും ജല മാനേജ്മെന്റ് സൂചികയുടെ സ്കോര്‍ വളരെ ഉയര്‍ന്നതായി കാണിക്കുന്നത്, ഇവിടങ്ങളിലെല്ലാം ജലമാനേജ്മെന്റ് സംവിധാനങ്ങള്‍ പാലിക്കുന്നതില്‍ കൂടുതല്‍ കരുതല്‍ കാണിക്കുന്നതു കൊണ്ടാണ്. ജലവിഭവ മാനേജ്മെന്റിന്റെ കാര്യത്തില്‍ മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന ഉത്തര്‍പ്രദേശ്, ബീഹാര്‍, രാജസ്ഥാന്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ അമ്പതു ശതമാനത്തിലധികം ജനങ്ങള്‍ പാര്‍ക്കുന്നതെന്ന വസ്തുത ഇന്ത്യ സമീപഭാവിയില്‍ നേരിടാന്‍ സാദ്ധ്യതയുള്ള പ്രധാന ഭീഷണിയെ എടുത്തു കാട്ടുന്നു.
വന്‍കിട- ഇടത്തരം ജലസേചന പദ്ധതികളും നീര്‍ത്തട വികസന പദ്ധതികളും മിക്ക സംസ്ഥാനങ്ങളിലും നല്ല ഫലങ്ങള്‍ ഉണ്ടാക്കിയതായി കാണാം. ഭൂഗര്‍ഭജലം കൃഷിത്തോട്ടത്തിലുള്ള സുസ്ഥിര ജല ഉപയോഗമാര്‍ഗങ്ങള്‍ ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ തുടങ്ങിയ മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ പറ്റാതെ വന്നതായും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ അമ്പത്തി നാലു ശതമാനം കിണറുകളും നാശത്തിന്റെ വക്കിലാണ്. 2020 ഓടെ ദല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ,ഹൈദരാബാദ് ഉള്‍പ്പെടെയുള്ള ഇരുപത്തിയൊന്നു പ്രധാന നഗരങ്ങളില്‍ ഭൂഗര്‍ഭജലം ഇല്ലാതാവുന്നത് പത്തുകോടി ജനങ്ങളെ വളരെ പ്രതികൂലമായി ബാധിക്കും.
മൊത്തം ജല ഉപയോഗത്തിന്റെ എണ്‍പത് ശതമാനവും കാര്‍ഷിക മേഖലയിലാണെങ്കിലും എഴുപത് ശതമാനം സംസ്ഥാനങ്ങളും കൃഷിത്തോട്ടത്തിലെ ജല ഉപയോഗത്തില്‍ വളരെ പിന്നിലാണ്. ഗ്രാമീണ മേഖലയില്‍ അധിവസിക്കുന്ന എണ്‍പത് കോടി ഇന്ത്യന്‍ ജനതയ്ക്ക് സുരക്ഷിത കുടിവെള്ളം നല്‍കുന്നതും രാജ്യം ഭാവിയില്‍ നേരിടാന്‍ പോകുന്ന മറ്റൊരു മുഖ്യപ്രശ്നമാണ്. വെള്ളത്തിന്റെ ഗുണനിലവാര സൂചികയുടെ കാര്യത്തില്‍ നൂറ്റി ഇരുപത്തി രണ്ട് രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം നൂറ്റി ഇരുപതാണെന്ന വസ്തുത ലജ്ജാകരമാണ്.
ജല വിഭവ മാനേജ്മെന്റിനായി നടത്തിയ ഈ പഠനം തീര്‍ച്ചയായും നമ്മുടെ കണ്ണ് തുറപ്പിക്കണം. എട്ടു പ്രധാന സൂചികകളുടെ അടിസ്ഥാനത്തില്‍ രാജ്യവ്യാപകമായി ഡേറ്റ ശേഖരിച്ച് നടത്തിയ ആദ്യ പഠനറിപ്പോര്‍ട്ടാണിത്. നൂറ്റി എണ്പതു പേജുള്ള ഈ റിപ്പോര്‍ട്ട് നീതി ആയോഗിന്റെ വെബ്ബ്സൈറ്റില്‍ ലഭ്യമാണ്. ഇതിലെ വസ്തുതകള്‍ സംസ്ഥാനാടിസ്ഥാനത്തില്‍ വിശകലനം നടത്തി ഏതൊക്കെ മേഖലകളില്‍ എന്തൊക്കെ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് മനസിലാക്കി ഒരു സമയ ബന്ധിത പദ്ധതി തയ്യാറാക്കി നടപ്പിലാക്കേണ്ടത് വളരെ മോശമായിക്കൊണ്ടിരിക്കുന്ന ജലസ്രോതസുകളുടെ സംരക്ഷണത്തിന് അത്യാവശ്യമാണ്. അല്ലാത്തപക്ഷം 2030 -ഓടെ ഇന്ത്യയിലെ നാല്പതു ശതമാനം ജനങ്ങള്‍ കുടിവെള്ള ലഭ്യത ഇല്ലാത്തവരാകും.
(തിരുവനന്തപുരം സിടിസിആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റാണ് ലേഖകന്‍)
=
പ്രതികരിക്കാൻ ഇവിടെ എഴുതുക: