കട്ടപ്പന: എല്ലാ ശരിയാക്കും എന്ന് ഏറെ കൊട്ടിഘോഷിക്കുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങളുടെ പാളിച്ചകള്‍ തുറന്ന് കാട്ടി ഇടുക്കിയിലെ കര്‍ഷക ആത്മഹത്യകള്‍ തുടരുന്നു. പ്രളയത്തിന് ശേഷം ഏറെ പ്രതീക്ഷയോടെയെത്തിയ 2019, കര്‍ഷക കുടുംബങ്ങള്‍ക്ക് കണ്ണീര്‍ക്കാലമാണ് നല്‍കുന്നത്. പുതുവര്‍ഷം പിറന്ന ശേഷം ഇടുക്കിയില്‍ കടക്കെണി മൂലം ഇതുവരെ ജീവനൊടുക്കിയത് അഞ്ച് കര്‍ഷകരാണ്. ഇതില്‍ നാല് പേരും ഇടുക്കി താലൂക്കിലായപ്പോള് മൂന്നും വാത്തിക്കുടി പഞ്ചായത്തിലാണ്. അതില്‍ രണ്ട് മരണം ചെമ്പകപ്പാറ മേഖലയില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍.
ജനുവരി രണ്ടിന് കടബാധ്യതയെ തുടര്‍ന്ന് മുരിക്കാശ്ശേരി മേരിഗിരി താന്നിക്കാട്ടുകാലയില്‍ സന്തോഷ് (37) എന്ന യുവ കര്ഷകന് ആത്മഹത്യ ചെയ്തിരുന്നു. ഏറെ പ്രതീക്ഷയോടെ ഇറക്കിയ കൃഷി പ്രളയത്തില്‍ നശിച്ചതിന് പിന്നാലെ കെഎസ്എഫ്ഇയുടെ ജപ്തി നോട്ടീസ് വന്നതോടെ മാനക്കേട് ഭയന്നായിരുന്നു ആത്മഹത്യ. പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ കുന്നുംപുറത്ത് സഹദേവനെ (68) ആ മാസം തന്നെ 29ന് ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി ഏഴിന് വാഴത്തോപ്പ് നെല്ലിപ്പുഴയില്‍ എന്‍.എം. ജോണി (56) വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലിരിക്കെ മരിച്ചു. 3ന് ആണ് വീടിന് സമീപത്തെ കൃഷിയിടത്തില്‍ ഇയാളെ അവശനിലയില്‍ കണ്ടെത്തുന്നത്. ഒമ്പതിന് ആണ് അടിമാലി ആനവിരട്ടി കോട്ടക്കല്ലില്‍ രാജു (62) വിനെ പുരയിടത്തിലെ കൊക്കോമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ശനിയാഴ്ച വൈകിട്ട് പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ നക്കരയില്‍ ശ്രീകുമാര്‍ (59) ആത്മഹത്യ ചെയ്തത്. കഞ്ഞിക്കുഴി പഞ്ചായത്തിലും ഒരു കര്ഷകന് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
കലിതുള്ളിയെത്തിയ കാലവര്‍ഷവും പ്രളയവും ജില്ലയിലെ നാലില്‍ മൂന്ന് ഭാഗം കൃഷിയും കവര്‍ന്നിരുന്നു. ഇതിന് പിന്നാലെ കാര്‍ഷിക വിലയിടിവും ഉത്പാദനക്കുറവും, കീടബാധയുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. പ്രളയത്തിന് ശേഷം ജാതി ഉള്‍പ്പെടെയുള്ളവ ഇലപൊഴിഞ്ഞ് നശിക്കുന്ന അവസ്ഥയാണ്. മൂപ്പെത്താതെ കായ്കള്‍ കൊഴിയുന്നു. വാത്തിക്കുടി പഞ്ചായത്തിലെ പ്രധാന കൃഷികള്‍ ജാതി, കൊക്കോ, കുരുമുളക,് റബര്‍ എന്നിവയാണ്. കൊക്കോയ്ക്ക് പൂവ് പിടിക്കുന്നില്ല, കുരുമുളക് വേരോടെ നശിക്കുന്നു. ഏലത്തിനൊഴികെ മറ്റ് നാണ്യവിളകള്‍ക്കൊന്നും വിലയില്ല. ബാങ്കുകളില്‍ നിന്ന് ലോണെടുത്തും കടംവാങ്ങിയുമാണ് കര്‍ഷകര്‍ പച്ചക്കറി കൃഷി ഉള്‍പ്പെടെയുള്ളവ നടത്തുന്നത്. കൃഷി ചതിക്കില്ല എന്ന പ്രതീക്ഷയില്‍ വീണ്ടും വീണ്ടും ലോണെടുത്ത് കൃഷി നടത്തും. അവസാനം ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലാത്ത അവസ്ഥയിലാകും. മേരിഗിരിയിലെ യുവകര്‍ഷകനായ സന്തോഷിന്റേയും, ശനിയാഴ്ച മരിച്ച ശ്രീകുമാറിന്റെയും അവസ്ഥ ഇതുതന്നെയായിരുന്നു. ശ്രീകുമാറിന്റെ മൃതദേഹം ഇന്നലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: