പൂക്കോട്: അച്ഛന് നേടിയെടുത്ത മെഡലുകള്‍ ഒന്നൊന്നായി എടുത്ത് നോക്കുകയാണ് അനാമിക. കാശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ മകള്‍ അനാമിക (8)യുടെ പെരുമാറ്റം ആരുടെയും കരളലിയിക്കും. അദ്ദേഹത്തിന് ലഭിച്ച സൈനിക മെഡലുകളെ കുറിച്ച് അന്വേഷിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ ഓരോരോ മെഡലുകളും ഫോട്ടോകളും കാണിക്കാന്‍ ആ കുഞ്ഞ് മനസ്സ് വെമ്പല്‍ കൊണ്ടു. ഇത് മാധ്യമ പ്രവര്‍ത്തകരുടെ പോലും കണ്ണുകള്‍ ഈറനണിയിച്ചു.
അച്ഛന് ഫുട്ബോളില്‍നിന്ന് ലഭിച്ച മെഡലുകളും മറ്റ് ചിത്രങ്ങളും പിതാവ് തന്നെ കുട്ടികള്‍ക്ക് വിവരിച്ച് നല്‍കിയിരുന്നതായി ബന്ധുക്കളും പറഞ്ഞു. പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രപതിയായിരിക്കെ ഒരു ചടങ്ങിനെത്തിയ അദ്ദേഹത്തോടൊപ്പം വസന്തകുമാര്‍ നില്ക്കുന്ന ഫോട്ടോയുള്‍പ്പെടെ നിരവധി ചിത്രങ്ങളും മെഡലുകളും അനാമിക പരിചയപ്പെടുത്തി. വൈത്തിരി സെന്റ് ക്ലാരറ്റ് പബ്ലിക് സ്കൂളിലെ മൂന്നാം തരം വിദ്യാര്‍ഥിനിയാണ് അനാമിക (8).
മകന് അമൃത് ദീപ് ഇതേ വിദ്യാലയത്തിലെ യുകെജി വിദ്യാര്‍ത്ഥിയുമാണ്.
അപകടത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് വസന്തകുമാര്‍ അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് സൈനികവൃത്തങ്ങള്‍ ഔദ്യോഗികമായി മരണവിവരം കുടുംബാംഗങ്ങളെ അറിയിച്ചത്.
ഇതറിഞ്ഞത് മുതല്‍ വീട്ടുകാരും നാട്ടുകാരും ദേശസ്നേഹികളും നൊമ്പരമടക്കാനാവാതെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു. മകള്‍ അനാമിക ഇടയ്ക്കിടെ അച്ഛന്റെ ഫോട്ടോയും മെഡലുകളും നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നത് കാണാമായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ക്കാര്‍ക്കും ദു:ഖം സഹിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: