കള്ളന്, കള്ളന് എന്ന് വിളിച്ചുകൂവുകയും കൈചൂണ്ടിക്കൊണ്ടു പിന്നാലെ ഓടുകയും ചെയ്താല്‍ ജനം അയാളെ കള്ളനായി അംഗീകരിക്കുമെന്നത് പഴഞ്ചന്‍ ചിന്തയാണ്. ഇന്ന് ജനത്തിന് സത്യാവസ്ഥ അറിയാന്‍ മാര്‍ഗങ്ങള്‍ പലതുണ്ട്. ലോകത്തിന്റെ ചലനം കണ്ടറിയുന്ന സമൂഹമാണിന്നുള്ളത്. ഈ മാറ്റം അറിയാതെ അതേ അടവുകള്‍ തന്നെ പയറ്റുകയാണ് കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷകക്ഷികളും മുഖ്യാധാരാ എന്നു സ്വയം വിശേഷിപ്പിക്കുന്ന കുറെ മാധ്യമങ്ങളും. സാങ്കേതികരംഗത്തെ മാറ്റം അറിയുകയും അതിനെ പ്രവര്‍ത്തനരംഗത്ത് അവലംബിക്കുകയും ചെയ്യുമ്പോഴും ജനമനസ്സിന്റെ മാറ്റം അറിയാന്‍ കഴിയാത്ത ഇത്തരക്കാര്‍ ഫലത്തില്‍ സമൂഹത്തില്‍ നിന്ന് അകന്നുപോകുന്നു എന്നതാണ് സമീപകാലത്തെ അനുഭവം. ഇക്കൂട്ടര്‍ ഈ അഭ്യാസം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറെയായി. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ തുടങ്ങിവച്ചതാണ്. പിന്നീട് മോദി പലകുറി മുഖ്യമന്ത്രിയായി, പ്രധാനമന്ത്രിയായി, അഞ്ചുവര്‍ഷം രാജ്യം ഭരിച്ചു, ലോകരാഷ്ട്രങ്ങള്‍ മുഴുവന്‍ ശ്രദ്ധിക്കുന്ന നേതാവായി. എന്നിട്ടും മാറാത്തത് ഇന്ത്യയിലെ പ്രതിപക്ഷമാണ്. പഴയ പല്ലവി ആവര്‍ത്തിച്ചുകൊണ്ട് അവര്‍ മോദിക്കുനേരേ വിരല്‍ ചൂണ്ടിക്കൊണ്ടിരിക്കുന്നു. ഇതിനിടെ മോദിസര്‍ക്കാര്‍ അഴിമതിയുടെ കറപുരളാതെ കേന്ദ്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കി. ഈ ലോക്സഭയുടെ അവസാന സമ്മേളനവും കഴിഞ്ഞു. ഇനി നേര്‍ക്കുനേര്‍ പോരാണ്. അടുത്ത ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിനു സമയമടുക്കുന്നു. ജനങ്ങളോടു നേരിട്ടു സംവദിക്കാന്‍ കാലമായി. കള്ളന്മാര് ആരൊക്കെയെന്ന് അവര്‍ തീരുമാനിക്കും.
കാവല്ക്കാരന് കള്ളനാണെന്നാണ് റഫാല്‍ യുദ്ധവിമാന ഇടപാടു സംബന്ധിച്ചു രാഹുല്‍ഗാന്ധി തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോഴും അതു തുടരുന്നുമുണ്ട്. സുപ്രീംകോടതിയും സിഎജി റിപ്പോര്‍ട്ടും അതുതള്ളിയിട്ടും രാഹുലിനു ബോധ്യംവരുന്നില്ല. താനും കുടുംബവും പറയുന്നത് മാത്രമാണ് ശരിയെന്നു വാശിപിടിക്കുന്ന ശൈലി കുടുംബാധിപത്യത്തിന്റെ ബാക്കിപത്രമാണ്. അഴിമതി പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന ധാരണ രൂഢമൂലമായ അത്തരം മനസ്സിന്, സംശുദ്ധഭരണത്തിന്റെ നിര്‍വചനം മനസ്സിലാക്കാനാവില്ല. മാതൃഭൂമിക്കുവേണ്ടി എന്തും ത്യജിക്കാന്‍ പഠിപ്പിച്ച സംഘപ്രസ്ഥാനങ്ങളുടെ പുത്രന്മാരുടെ മാര്‍ഗം, അത്തരക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നും വരില്ല. അവര്‍ക്കു പറയാന്‍ വിഷയങ്ങള്‍ വേണം. സത്യത്തെ അംഗീകരിച്ചാല്‍ വിഷയദാരിദ്ര്യം വരും. അതുകൊണ്ടു പറഞ്ഞതില്‍ത്തന്നെ കടിച്ചുതൂങ്ങുന്നു.
ഈ രണ്ടുധ്രുവങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നടക്കുന്നത്. അഴിമതിഭരണം പുനഃസ്ഥാപിക്കാനും അഴിമതി തുടച്ചുനീക്കാനുമുള്ള പോരാട്ടം. അഴിമതിക്കേസുകളില്‍ ജാമ്യമെടുത്തു പുറത്തുനടക്കുന്നയാള്, ഒരു കേസുപോലും സ്വന്തം പേരിലില്ലാത്തയാളെ കള്ളനെന്നു വിളിക്കുന്നതിലെ വിരോധാഭാസം മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി ഇന്ത്യക്കാര്‍ക്കുണ്ടെന്ന് രാഹുലും കോണ്‍ഗ്രസ്സുകാരും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
നുണകള്‍ ആവര്‍ത്തിച്ചു പുകമറ സൃഷ്ടിക്കുക എന്ന പയറ്റിപ്പഴകിയ അടവാണിതും. വാജ്പേയ് മന്ത്രിസഭയ്ക്കെതിരെ ശവപ്പെട്ടി കുംഭകോണം, പെട്രോള്‍ പമ്പ് കുംഭകോണം എന്നിവയുടെ പേരില്‍ വ്യാജപ്രചാരണം നടത്തുകയും കൃത്രിമമായി ഉള്ളിക്ക് വിലക്കയറ്റം സൃഷ്ടിക്കുകയും ചെയ്തു വിജയിച്ച ഓര്മയിലാണവര്. അഞ്ചുവര്‍ഷത്തെ വാജ്പേയി സര്‍ക്കാര്‍ ഭരണംകൊണ്ടു നിറഞ്ഞുകവിഞ്ഞ ഖജനാവ്, പിന്നാലെവന്ന യുപിഎ സര്‍ക്കാര്‍ ധൂര്‍ത്തടിച്ച് രാജ്യത്തെ കടക്കെണിയിലെത്തിച്ചതു മറക്കാറായിട്ടില്ല. രാജ്യത്തെ തീറെഴുതി കടമെടത്ത് ഇന്ധന വിലകുറച്ച് കൈയടി വാങ്ങിയവരാണ് ഇന്ധന വിലക്കയറ്റത്തേക്കുറിച്ചു വിലപിച്ചത്. വിലകുറഞ്ഞപ്പോള്‍ ആര്‍ക്കും മിണ്ടാട്ടമില്ലാതെയുമായി. യുപിഎ ധൂര്‍ത്തടിച്ച ഖജനാവ് വീണ്ടും നിറച്ചിട്ടാണ് എന്‍ഡിഎ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നത്. അതിനിടെ വന്കടങ്ങള് മിക്കതും നികത്തുകയും ചെയ്തു. നിറഞ്ഞുതുളുമ്പുന്ന ഖജനാവുകണ്ടു പലര്‍ക്കും കൊതിയൂറുന്നുണ്ടാവും. അങ്ങോട്ടുകയറാനുള്ള മാര്‍ഗം നുണകളുടെ വാതില്വഴിയെങ്കില് അങ്ങനെ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
മോദി ഭരണത്തിന്റെ പോക്ക് എങ്ങോട്ടെന്ന് ബോധ്യമായിക്കഴിഞ്ഞു. അതു കോണ്‍ഗ്രസ്സിനും ബോധ്യമായി എന്ന് അവരുടെ വെപ്രാളം തെളിയിക്കുന്നുണ്ട്. പാര്‍ട്ടിഖജനാവു പലയിടത്തും കാലിയാണെന്നാണു സുചന. പണം വരവിന്റെ സ്രോതസ്സ് അടഞ്ഞു. വിഘടന വാദത്തിന്റെ അടിത്തറ ഇളകി. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ അടിവേരുചീയുന്നു. ന്യൂനപക്ഷപ്രീണനം വിലപ്പോവാതാവുന്നു. രാഹുലും കോണ്‍ഗ്രസ്സും പറയുന്നതു ശരിയാണ്. അവരെ സംബന്ധിച്ച് മോദി മാറിയേപറ്റൂ; അല്ലെങ്കില്‍ നിലനില്‍പ്പില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: