കവലയോഗങ്ങള് മുതല്‍ നിയമസഭയില്‍ വരെ നവോത്ഥാനമാണ് മുഴങ്ങുന്നത്. സംസ്ഥാന ബജറ്റില്‍ നവോത്ഥാനത്തിന് നീക്കിയിരുപ്പ് ഒന്നുമില്ലെങ്കിലും നവോത്ഥാനം എന്ന വാക്ക് ആവര്‍ത്തിച്ചിട്ടുണ്ട്. നവോത്ഥാനം എന്നാല്‍ ശബരിമലയില്‍ യുവതികളെ തള്ളിക്കയറ്റലാണെന്ന് ധരിച്ചുവച്ച പാര്‍ട്ടിയാണോ സിപിഎം? വാക്കും നോക്കും എല്ലാം പരിശോധിച്ചാല്‍ യുവതികളോട് ആ പാര്‍ട്ടിക്കുള്ള പ്രിയവും അപ്രിയവും എത്രമാത്രം വലുതാണെന്ന് ബോധ്യമാകും. ബ്രാഞ്ച് മുതല്‍ സംസ്ഥാനം വരെയുള്ള നേതാക്കള്‍ക്കുള്ള അഭിനിവേശം ആശ്ചര്യമുളവാക്കുന്നതാണ്.
രണ്ട് ജില്ലാ സെക്രട്ടറിമാര്‍ക്ക് സ്ഥാനം പോയത് യുവതീ പ്രശ്നത്തിലാണെന്ന് ആര്‍ക്കാണറിയാത്തത്? ആയുര്‍വേദ ആശുപത്രിക്കിടക്കയിലിരിക്കെയാണ് ഒരു മൂത്ത സഖാവ് യുവതിയെ തലോടിയത്. അത് ചില ഭാഗങ്ങളില്‍ ഊന്നി ആവര്‍ത്തിച്ചത് പരാതിയായതിനെ തുടര്‍ന്നാണ് ആക്ഷേപവും പരാതിയുമായത്. തുടര്‍ന്നാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാത്രമല്ല ആ പാര്‍ട്ടിയില്‍നിന്നുതന്നെ സഖാവിനെ നീക്കിയത്. പരാതി പഴകിയപ്പോള്‍ സഖാവിന് അകത്ത് പ്രവേശനം കിട്ടിയെങ്കിലും പഴയപടി പദവിയൊന്നും ലഭിച്ചില്ല.
പ്രമുഖനായ സഖാവിന്റെ പേരില്‍ കെട്ടിപ്പൊക്കിയ പാര്ട്ടിക്കെട്ടിടത്തിന്റെ ഭിത്തി മെത്തയാക്കി യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് മറ്റൊരു ജില്ലാസെക്രട്ടറിയുടെ പദവി തെറിച്ചത്. പീഡനവിദഗ്ധന് സഖാവാണെങ്കില്‍ പോലീസ് കേസില്ല. അന്വേഷണച്ചുമതല പാര്‍ട്ടിതന്നെ ഏറ്റെടുക്കും. ശിക്ഷയും പാര്‍ട്ടിതന്നെ വിധിക്കും. കുറച്ചുകാലം മാറിനിന്നാല്‍ മതി. എല്ലാം ശുഭം.
ഒരു ജില്ലാ സെക്രേട്ടറിയറ്റ് മെമ്പറും ജനപ്രതിനിധിയുമായ വിരുതനും പാര്‍ട്ടി ഓഫീസും ടെലിഫോണുമൊക്കെ പീഡനത്തിന് ഉപയോഗിച്ചു. പാര്‍ട്ടിയുടെ എല്ലാ തലത്തിലും യുവതി പരാതി നല്‍കിയെങ്കിലും ശിക്ഷയൊന്നും ഇതുവരെ വിധിച്ചതായി കേട്ടില്ല. സഭയിലെത്താം, ശമ്പളം പറ്റാം. പ്രതിപക്ഷത്തെ നോക്കി വിരല്‍ ചൂണ്ടാം. യുവതിയെ മെരുക്കാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തെങ്കിലും വനിതാ സഖാവിന് അത് സ്വീകാര്യമായില്ല. മന്ത്രിയും എംപിയും അന്വേഷിച്ചപ്പോഴും തെളിഞ്ഞു, പീഡനം നടന്നു, പക്ഷെ അത് ഗൗരവത്തിലായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. പീഡനം എന്നത് ഗൗരവത്തിലായിരുന്നോ ലളിതമായാണോ എന്ന് നിശ്ചയിച്ചത് ഏത് അളവുകോലുവച്ചാണാവോ?
ഏറ്റവും ഒടുവില്‍ ഒരു ജില്ലാ സെക്രട്ടറി കൊലക്കേസില്‍ പ്രതിയായിരിക്കുന്നു. സിബിഐ കുറ്റപത്രവും സമര്‍പ്പിച്ചു. എന്നിട്ടും സഖാവ് ജില്ലാ സെക്രട്ടറിയായി തുടരുകയാണ്. ഇത് ആദ്യത്തെ കേസല്ലെ എന്ന് ആശ്വസിക്കാം. ‘കുളമെത്ര കണ്ടു’ എന്നതുപോലെ കൊലപാതകങ്ങള്‍ എത്ര നടത്തി. കേസുകള്‍ എത്ര വന്നു. പാലംകുലുങ്ങിയാലും കേളന് കുലുങ്ങില്ലെന്ന ഭാവത്തിലാണ് സഖാവ്.
അരിയില്‍ ഷുക്കൂര്‍ എന്ന ചെറുപ്പക്കാരനെ വളഞ്ഞിട്ട് തല്ലിക്കൊന്നു എന്നതിനാണ് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ കുറ്റപത്രം. ഈ സഖാവ് 1994 ല്‍ ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹായിരുന്ന പി.പി. മോഹനനെ കൊലപ്പെടുത്തിയ കേസാണ് ഒന്നാമത്തേത്. ആര്‍എസ്എസ് ജില്ലാ ശാരീരിക് പ്രമുഖായിരുന്ന കതിരൂര്‍ മനോജ് വധക്കേസ് മറ്റൊന്ന്. പി. ജയരാജന് പോലീസ് സ്റ്റേഷന് ആക്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയാണ്. നിരവധി കൊലപാതകക്കേസുകളില്‍ ജയരാജന് സംശയത്തിന്റെ നിഴലിലായിരുന്നെങ്കിലും ഭരണസ്വാധീനമുപയോഗിച്ച് കേസുകളില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം കാലങ്ങളായി നടപ്പാക്കി വരുന്ന കൊലപാതക രാഷ്ട്രീയത്തിനേറ്റ ആഘാതം കൂടിയാണ് കുറ്റപത്രം. ഷുക്കൂറിനെ കൊല്ലാന്‍ ജയരാജന് ഗൂഢാലോചന നടത്തിയെന്ന് സിബിഐ കണ്ടെത്തി. തലശേരി ഫസല്‍ കേസിലും സിപിഎമ്മുകാരാണ് പ്രതി. ഷുക്കൂര്‍ വധക്കേസില്‍ സിബിഐ നടത്തിയ പഴുതടച്ച അന്വേഷണമാണ് ജയരാജനെ കുടുക്കിയത്. സമാനതകളില്ലാത്ത കൊലപാതകമായിരുന്നു ഷുക്കൂറിന്റേത്. സംശയത്തിന്റെ പേരില്‍ ജയരാജന്റെ നിര്‍ദേശപ്രകാരം നടന്ന കൊലപാതകമായിരുന്നു. തളിപ്പറമ്പ് സന്ദര്‍ശിച്ച സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനം ആക്രമിക്കാന്‍ ശ്രമിച്ച് സമീപത്തുകൂടി ഓടിപ്പോയത് ഷുക്കൂറാണെന്ന സംശയത്തിലാണ് കൊലപാതകം.
അഭയം തേടിയ വീട്ടില്‍നിന്ന് പിടിച്ചിറക്കി നൂറുകണക്കിനാളുകള്‍ നോക്കി നില്‍ക്കെ മണിക്കൂറുകളോളം വയലില്‍ തടഞ്ഞ് നിര്‍ത്തി പരസ്യ വിചാരണചെയ്ത് ഷുക്കൂറിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഐഎസ് ഭീകരര്‍പോലും നാണിക്കുന്ന തരത്തില്‍ പകല്‍വെളിച്ചത്തില്‍ നടത്തിയ കൊലപാതകം. സംഭവദിവസം തളിപ്പറമ്പിലെ ഒരു സഹകരണ ആശുപത്രിയിലെ 350-ാം നമ്പര്‍ മുറിയില്‍ ജയരാജനെ അഡ്മിറ്റ് ചെയ്തിരുന്നു. ഇവിടെ വെച്ച് ഷുക്കൂറിനെ കൊല്ലാന്‍ പദ്ധതി തയാറാക്കിയെന്നാണ് കേസ്. പാര്‍ട്ടികോടതി വിചാരണ നടത്തി ശിക്ഷ നടപ്പാക്കിയെന്ന വെളിപ്പെടുത്തല്‍ ജനാധിപത്യ കേരളത്തെ ഞെട്ടിച്ചതാണ്.
തലശേരിയിലെ കിഴക്കേ കതിരൂരാണ് ജയരാജന്റെ തട്ടകം. നന്നായി ആസൂത്രണം ചെയ്യാനും അത് നടപ്പാക്കാനുമുള്ള അയാളുടെ കഴിവ് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. ജില്ലയില്‍ മാത്രമല്ല അയല്‍ജില്ലകളിലും കൊല ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ഇദ്ദേഹത്തിന് ഒരു പ്രയാസവുമില്ല. ടി.പി.ചന്ദ്രശേഖരന്റെ കൊല ആര്‍ക്കാണ് മറക്കാന്‍ കഴിയുക? വെട്ടിനുറുക്കി വികൃതമാക്കുക എന്ന പ്രത്യേക രീതി പ്രയോഗിക്കാന്‍ ജയരാജന്റെ ടീം മികച്ചത് തന്നെ. പീഡനവും കൊലപാതകങ്ങളും കലയാക്കിയ പാര്‍ട്ടി നവോത്ഥാനത്തെക്കുറിച്ച് വാചാലമാകുമ്പോള്‍ ആരും പറഞ്ഞുപോകും ”വൈദ്യരേ സ്വയം ചികിത്സിക്കൂ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: